പുറത്താക്കപ്പെട്ട സിപിഎം മുൻ ഏരിയാ സെക്രട്ടറി ടി.പ്രസാദ് സിപിഐയിലേക്ക്

പുറത്താക്കപ്പെട്ട  സിപിഎം  മുൻ ഏരിയാ സെക്രട്ടറി ടി.പ്രസാദ് സിപിഐയിലേക്ക്

മുണ്ടക്കയം∙ : കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയുടെ മുഖ്യ എതിർ സ്ഥാനാർത്ഥിയായ പി സി ജോർജിനു വേണ്ടി വോട്ടുകൾ മറിച്ചു എന്ന ആരോപണത്തിന്റെ അടിസ്ഥാത്തിൽ ഒരു മാസം മുൻപ് സി പി എമ്മിൽ നിന്നും പുറത്താക്കപ്പെട്ട മുൻ സിപിഎം ഏരിയാ സെക്രട്ടറി ടി.പ്രസാദ്, സി പി എയിൽ ചേരുന്നു. ഇടതുപക്ഷ സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്നാക്കം പോയതിന്റെ പ്രധാന കാരണം പ്രസാദിന്റെ പാർട്ടി വിരുദ്ധ പ്രവർത്തനം മൂലമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

പാർട്ടി അംഗത്വം നൽകണമെന്ന ടി.പ്രസാദിന്റെ അപേക്ഷ മണ്ഡലം കമ്മിറ്റി ചർച്ച ചെയ്ത് തീരുമാനത്തിനായി ജില്ലാ കമ്മിറ്റിക്ക് സമർപ്പിച്ചു. ഉടൻ തന്നെ പാർട്ടി പ്രവേശനം ഉണ്ടാകുമെന്നുമാണു സൂചന. ഒരു മാസം മുൻപാണ് പ്രസാദിനെ സിപിഎമ്മിൽ നിന്നു പുറത്താക്കിയത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ജനപക്ഷം സ്ഥാനാർഥിയായിരുന്ന പി.സി. ജോർജിനെ സഹായിച്ചെന്ന ആരോപണമാണ് പ്രസാദിനെ പാർട്ടിയിൽ നിന്നു പുറത്താക്കാൻ കാരണം. ഇടതുപക്ഷ സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്നാക്കം പോയതോടെ പാർട്ടിയിൽ തന്നെ പ്രത്യേക അന്വേഷണവും നടത്തിയിരുന്നു.

ഇതോടെ ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നു ബൂത്ത് കമ്മറ്റിയിലേക്ക് പ്രസാദിനെ തരം താഴ്ത്തി. ഇതിനിടെ ബവ്റിജസ് മദ്യവിൽപന ശാലയ്ക്ക് സമീപം വ്യാപാര സ്ഥാപനം ആരംഭിച്ചതും പ്രസാദിന് തിരിച്ചടിയായി. മദ്യപാനത്തിന് പ്രോത്സാഹനം നൽകുന്നു എന്ന പേരിൽ ഏരിയാ കമ്മിറ്റി പ്രസാദിനെതിരെ വീണ്ടും ജില്ലാ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകിയതോടെയാണ് പാർട്ടിയിൽ നിന്നു പൂർണമായും പുറത്താക്കിയത്.