തിടനാട് ഗ്രാമപഞ്ചായത്ത് ഭരണം ജനപക്ഷം പിടിച്ചെടുത്തു; ലീന ജോര്‍ജ്ജ് പ്രസിഡണ്ട്

തിടനാട് ഗ്രാമപഞ്ചായത്ത്  ഭരണം ജനപക്ഷം പിടിച്ചെടുത്തു; ലീന ജോര്‍ജ്ജ് പ്രസിഡണ്ട്

തിടനാട് : തിടനാട് ഗ്രാമപഞ്ചായത്ത് ഭരണം ജനപക്ഷം സ്വന്തമാക്കി. ഇന്ന് നടന്ന വാശിയേറിയ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജനപക്ഷത്തിലെ ലീന ജോര്‍ജ്ജ് ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പ്രസിഡന്റ് സ്ഥാനം കരസ്ഥമാക്കി . വൈസ് പ്രസിഡണ്ട് ആയി കോൺഗ്രസ്സിലെ സുരേഷ് കാലായില്‍ തെരഞ്ഞെടുക്കപ്പെട്ടു.

ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ജനപക്ഷത്തിലെ ലീന ജോര്‍ജ്ജും യുഡിഎഫില്‍ നിന്നും മിനി സാവിയോയുമാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മല്‍സരിച്ചത്. അഞ്ചിനെതിരെ ആറ് വോട്ടുകള്‍ക്ക് ലീന ജോര്‍ജ്ജ് വിജയിച്ചത്. കേരള കോണ്‍ഗ്രസിലെ ഉഷ ശശിയുടെ വോട്ട് അസാധുവായി. കേരളം കോൺഗ്രസ്സിലെ സാബു പ്ലാത്തോട്ടം, കോണ്‍ഗ്രസ്സിലെ സുരേഷ് കാലായില്‍, സിപിഐയിലെ ഓമന എന്നിവര്‍ ജനപക്ഷസ്ഥാനാര്‍ത്ഥിയ്ക്കാണ് വോട്ട് രെഖപ്പെടുത്തിയത്. സി.പി.ഐ(എം) ന്റെയും ബി.ജെ.പി.യുടെയും ഏക അംഗങ്ങള്‍ തെരെഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നു.

തിടനാട് ഗ്രാമപഞ്ചായത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) നും കോണ്‍ഗ്രസിനും നാല് അംഗങ്ങള്‍ വീതവും കേരള ജനപക്ഷത്തിന് മൂന്നും, സി.പി.ഐ.(എം) ന് ഒന്നും സി.പി.ഐ.യ്ക്ക് ഒന്നും ബി.ജെ.പി.യ്ക്കു ഒന്നും അംഗങ്ങളാണ് ഉള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. മായി കൂടി ചേര്‍ന്നാണ് ജനപക്ഷം മത്സരിച്ചത്.

കഴിഞ്ഞ രണ്ടര വര്‍ഷക്കാലമായി കേരളാ കോണ്‍ഗ്രസ് (എം) ലെ മിനി സാവിയോയായിരുന്നു തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. യു.ഡി.എഫിലുണ്ടായ പടല പിണക്കം മൂലം കേരളാ കോണ്‍ഗ്രസ് (എം) ലെ സാബു പ്ലാത്തോട്ടവും ഉഷാ ശശിയും കോണ്‍ഗ്രസിലെ സുരേഷ്‌കുമാര്‍ കാലായിലും സുജാ ബാബുവും ജനപക്ഷവുമായി കൂടി ചേര്‍ന്ന് അവിശ്വാസത്തിലൂടെ കേരളാ കോണ്‍ഗ്രസിലെ മിനി സാവിയോയെയും വൈസ് പ്രസിഡന്റ് കോണ്‍ഗ്രസിലെ ശ്രീ. ബിനോ മുളങ്ങാശ്ശേരിയെയും പുറത്താക്കുകയാണ് ചെയ്തത്.

ഉച്ചകഴിഞ്ഞ് നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സുരേഷ് കാലായില്‍ തെരഞ്ഞെടുക്കപ്പെട്ടു. 5നെതിരെ 7 വോട്ടുകള്‍ക്കാണ് സുരേഷിന്റെ വിജയം. കേരള കോണ്‍ഗ്രസ് എമ്മിലെ സേവ്യര്‍ കണ്ടത്തിന്‍കരയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. തെരഞ്ഞെടുക്കപ്പെട്ടവര്‍ സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റു.

യുവജനപക്ഷം നേതാവ് ഷോണ്‍ ജോർജ് പഞ്ചായത്തിലെത്തി വിജയികളെ അനുമോദിച്ചു. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ഭരണവും ജനപക്ഷത്തിന്റെ കൈയിലാണ് .