തിടനാട് ഗ്രാമപഞ്ചായത്തില്‍ അവിശ്വാസം പാസായി ; പ്രസിഡന്റ് മിനി സാവിയോ പുറത്തായി

തിടനാട് ഗ്രാമപഞ്ചായത്തില്‍ അവിശ്വാസം പാസായി ; പ്രസിഡന്റ് മിനി സാവിയോ പുറത്തായി

തിടനാട് : തിടനാട് ഗ്രാമപഞ്ചായത്തില്‍ കേരളകോണ്‍ഗ്രസ് (എം) പ്രസിഡന്റ് മിനി സാവിയോ, വൈസ് പ്രസിഡന്റ് കോൺഗ്രസിലെ ബിനോ മുളങ്ങാശേരി എന്നിവർക്കെതിരെ ജനപക്ഷവും കോൺഗ്രസിലെ എ ഗ്രൂപ്പും സിപിഐയും ചേർന്ന് അവതരിപ്പിച്ച അവിശ്വാസം
പാസായി. 14 അംഗ പഞ്ചായത്തിൽ കോൺഗ്രസിലെ രണ്ട് അംഗങ്ങളും ജനപക്ഷത്തെ മൂന്ന് അംഗങ്ങളും സിപിഐയിലെ ഒരംഗവുത്തിനുമൊപ്പം കേരളാകോൺഗ്രസ്സിലെ രണ്ടു അംഗങ്ങൾ കൂടി പിന്തുണച്ചതോടെ എട്ടംഗങ്ങളുടെ പിന്തുണയോടെ അവിശ്വാസപ്രമേയ വോട്ടെടുപ്പ് വിജയിച്ചു . ജോസഫ് ഗ്രൂപ്പ് പ്രതിനിധികളായ സാബു പ്ലാത്തോട്ടവും ഉഷ ശശിയുമാണ് അവിശ്വാസത്തിന് പിന്തുണ നല്‍കിയത്. അവിശ്വാസത്തിൽ പങ്കെടുക്കേണ്ടെന്നു കാണിച്ചു കേരള കോൺഗ്രസ് (എം) അംഗങ്ങൾക്കു ജില്ലാ പ്രസിഡന്റ് വിപ്പ് നൽകിയിരുന്നുവെങ്കിലും സാബുവും , ഉഷയും അത് കൈപറ്റിയിരുന്നില്ല.

കേരള കോൺഗ്രസ് നാല്, കോൺഗ്രസ് നാല്, ജനപക്ഷം മൂന്ന്, സിപിഎം, സിപിഐ, ബിജെപി എന്നിവർക്ക് ഓരോന്നു വീതം എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.

കേരള കോണ്‍ഗ്രസിന്റെ രണ്ടു അംഗങ്ങൾ കേരള കോണ്‍ഗ്രസിന്റെ തന്നെ പ്രസിഡന്റിന് എതിരായി കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണച്ചത് പാർട്ടി നേതൃത്വത്തെ വെട്ടിലാക്കി. എൽ ഡി എഫിനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ പാർട്ടിയ്ക്കുള്ളിൽ മാണി ഗ്രൂപ്പും ജോസഫ് ഗ്രൂപ്പും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ പ്രതിഫലനമാണോ തിടനാട്ടിൽ കണ്ടതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.