അച്ഛനും മകനും ചേർന്ന് പിടിച്ചുപറി നടത്തി, ക്യാമറകണ്ണുകൾ ഒറ്റികൊടുത്തു, പ്രതികൾ പോലീസ് കസ്റ്റഡിയിൽ

അച്ഛനും മകനും ചേർന്ന് പിടിച്ചുപറി നടത്തി,  ക്യാമറകണ്ണുകൾ ഒറ്റികൊടുത്തു, പ്രതികൾ പോലീസ് കസ്റ്റഡിയിൽ

എരുമേലി : മകൻ പതിവായി നടത്തുന്ന മോഷണങ്ങൾ അറിഞ്ഞ അച്ഛൻ മകനെ ഉപദേശിച്ചു നന്നാക്കുന്നതിനു പകരം മോഷണം നടത്തുവാൻ മകനൊപ്പം പങ്കാളിയായി.. രണ്ടുപേരും ഒരുമിച്ചായതോടെ സാധാരണ മോഷണങ്ങൾക്ക് പകരം പിടിച്ചുപറിയും തുടങ്ങി. ഒടുവിൽ രണ്ടുപേരും പോലീസ് പിടിയിലുമായി ..എരുമേലി പട്ടണത്തിലാണ് ഈ അപമാന സംഭവങ്ങൾ അരങ്ങേറിയത്.

ചിറക്കടവ് ഗ്രാമദീപം പുതുശ്ശേരിയിൽ സനൽ (46),മകൻ ഷാലോമോൻ (19) എന്നിവരാണ് പിടിച്ചുപറി കേസിൽ അറസ്റ്റിലായത് മോഷണക്കേസുകളിൽ സ്ഥിരം പ്രതിയാണ് ഷാലോമോൻ . സംഭവം ഇങ്ങനെ : വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് ഇരുവരും ബൈക്കിൽ എരുമേലി വലിയമ്പലത്തിനടുത്തുള്ള കരിമ്പിൻതോട് റോഡിൽ സഞ്ചരിക്കവേ വഴിയിൽ നിന്ന ഇതര സംസ്ഥാനക്കാരന്റെ കയ്യിൽ നിന്നും മൊബൈൽ ഫോൺ പിടിച്ച് പറിച്ച് ബൈക്കിൽ പാഞ്ഞു രക്ഷപെട്ടു. എന്നാൽ ശബരിമല സീസൺ പ്രമാണിച്ച് വെച്ചിരുന്ന ക്യാമറകളിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.

പോലീസ് കൺട്രോൾ റൂമിൽ ഈ ദൃശ്യങ്ങൾ കണ്ട ചില പോലീസുകാർക്ക് പരിചിത മുഖങ്ങൾ ആയിരുന്നു മോഷ്‌ടാക്കൾ. ദൃശ്യങ്ങളിൽ വ്യക്തത വരുത്തിയ പോലീസ് ഇവരെ തേടി അന്വേഷണം ശക്തമാക്കിയതോടെ പ്രതികൾ കുടുങ്ങുകയായിരുന്നു. എരുമേലി അയ്യപ്പ സേവാ സമാജം കേന്ദ്രത്തിൽ അന്നദാനം നടത്താൻ എത്തിയ ഇതരസംസ്ഥാന തൊഴിലാളിയുടെ മൊബൈൽ ഫോൺ ആണ് മോഷ്‌ടിച്ചത്.