ചിറക്കടവ് തിരുനീലകണ്ഠൻ രോഗം മൂലം അവശതയിലെന്ന് ഹിന്ദുഐക്യവേദി; ആനയുടെ ആരോഗ്യനില തൃപ്തികരമെന്ന് ദേവസ്വം..

ചിറക്കടവ് തിരുനീലകണ്ഠൻ രോഗം മൂലം അവശതയിലെന്ന് ഹിന്ദുഐക്യവേദി; ആനയുടെ ആരോഗ്യനില തൃപ്തികരമെന്ന് ദേവസ്വം..

ചിറക്കടവ്: മഹാദേവക്ഷേത്രത്തിലെ ആന തിരുനീലകണ്ഠൻ രോഗം മൂലം അവശതയിലാണെന്നും ശരിയായ ചികിത്സ നൽകണമെന്നും ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദിയും , മറ്റ് ഹൈന്ദവസംഘടനാ പ്രതിനിധികളും രംഗത്തെത്തി. എന്നാൽ തിരുനീലകണ്ഠന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പരാതിപ്രകാരം അന്വേഷണത്തിന് നിയോഗിക്കപ്പെട്ട വനംവകുപ്പ് അസി.സർജൻ ഡോ.കിഷോർ സാക്ഷ്യപ്പെടുത്തിയതായി ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസർ ആർ.പ്രകാശ് പറഞ്ഞു

നാട്ടാന പരിപാലനച്ചട്ടം നിഷ്‌കർഷിക്കുന്ന വിധത്തിൽ ആയുർവേദ ഡോക്ടർ അടക്കമുള്ള വിദഗ്ധസംഘം പരിശോധിച്ച് ചികിത്സിക്കണമെന്ന് ഹിന്ദുഐക്യവേദി പ്രതിനിധികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിവിധ സമുദായസംഘടനകളുടെയും ഭക്തസംഘടനകളുടെയും പിന്തുണയോടെയാണ് ഈ ആവശ്യമുന്നയിക്കുന്നതെന്ന് അവർ പറഞ്ഞു.

കഴിഞ്ഞ തവണ നീരിൽ കെട്ടിയതിനുശേഷം ഭേദപ്പെട്ടപ്പോഴും ആനയെ അഴിക്കാൻ തയ്യാറാകാതിരുന്ന ദേവസ്വം ബോർഡ് അധികാരികളെ മറികടന്ന് ഫോറസ്റ്റ് അസി.സർജൻ ഡോ.കിഷോർ മുൻകൈയെടുത്താണ് അഴിപ്പിച്ചതെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് അനിൽ മാനമ്പള്ളി, പി.ജെ.ജയകുമാർ എന്നിവർ പറഞ്ഞു. 

ആറന്മുള, ചെങ്ങന്നൂർ ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് ശേഷം ചെങ്ങന്നൂരിൽ തളച്ച ആനയ്ക്ക് കലശലായ അസ്വസ്ഥതതകൾ ഉണ്ടായപ്പോൾ നാട്ടുകാരിടപെട്ട് ആനയെ ചിറക്കടവിലെത്തിക്കുകയായിരുന്നു.

വായപൊളിച്ച നിലയിൽ ആന ഏറെ നേരം നിൽക്കുകയാണ്. വായടയ്ക്കുമ്പോൾ അപശബ്ദം പുറപ്പെടുവിക്കുന്നുണ്ട്. മൂക്കിലൂടെ ഏതുനേരവും സ്രവം പുറന്തള്ളുന്നുണ്ട്. ഇതിനൊക്കെ യഥാവിധി ചികിത്സ നൽകണം. നാട്ടാന പരിപാലന ചട്ടപ്രകാരം ആനയുടെ ആവാസ വ്യവസ്ഥയ്ക്ക് അനുഗുണമല്ല ആനത്തറി. അപകടകരമായ ആനത്തറിയുടെ പുനർനിർമാണം ബോർഡിന്റെ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്. നടപടികൾ വൈകുന്ന പക്ഷം ബോർഡ് ഓഫീസിലേക്ക് നാമജപയാത്ര നടത്തുമെന്നും പത്രസമ്മേളനത്തിൽ സംഘാടകർ പറഞ്ഞു.

എന്നാൽ തിരുനീലകണ്ഠന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പരാതിപ്രകാരം അന്വേഷണത്തിന് നിയോഗിക്കപ്പെട്ട വനംവകുപ്പ് അസി.സർജൻ ഡോ.കിഷോർ സാക്ഷ്യപ്പെടുത്തിയതായി ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസർ ആർ.പ്രകാശ് പറഞ്ഞു. വലതുപിൻകാൽ ഏന്തി വലിയുന്നതു മാത്രമാണ് കുഴപ്പം കാണുന്നത്. അതിന് ഇപ്പോൾ നൽകുന്ന ചികിത്സ തൃപ്തികരമാണെന്നും അസി.സർജൻ അറിയിച്ചു. ദേവസ്വംബോർഡിന്റെ വെറ്ററിനറി സർജൻ ഡോ.ബിനു ഗോപിനാഥിന്റെ ചികിത്സ തുടരാമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ടെന്ന് ആർ.പ്രകാശ് പറഞ്ഞു.

ഏറെക്കാലമായി നടക്കുന്ന തിരുനീലകണ്ഠനെയും ദേവസ്വംബോർഡിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആനയുടെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങൾ ചിലർ പ്രചരിപ്പിക്കുന്നത് എന്നും അദ്ദേഹം പ പറഞ്ഞു . ആനയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് അന്വേഷണത്തിനെത്തിയ സർജൻ ദേവസ്വംബോർഡിന് റിപ്പോർട്ട് നൽകി.