ചിറക്കടവ് ക്ഷേത്രത്തിലെ ആനയ്ക്ക് പീഡനമെന്ന് പരാതി

പൊൻകുന്നം ∙ ചിറക്കടവ് മഹാദേവ ക്ഷേത്രത്തിലെ ആന തിരുനീലകണ്ഠനെ മദപ്പാടിന്റെ പേരിൽ പീഡിപ്പിക്കുന്നതായി വനംവകുപ്പിനു തദ്ദേശവാസികളുടെ പരാതി. ആനയെ നാലുവർഷമായി എഴുന്നള്ളത്തിനു കൊണ്ടുപോകാറില്ലെന്നും മദപ്പാടിലാണെന്ന കാരണത്താൽ വൃത്തിഹീനമായ സാഹചര്യത്തിൽ കെട്ടിയിട്ടിരിക്കുകയാണെന്നും ചിറക്കടവ് ഈസ്റ്റ് പുന്നാംപറമ്പിൽ ജി. മനോജ് ഗോപാൽ, ചിറക്കടവ് സെന്റർ വടക്കയിൽ കെ. രഞ്ജിത് എന്നിവർ ജില്ലാ അസി. ഫോറസ്റ്റ് കൺസർവേറ്റർക്കു നൽകിയ പരാതിയിൽ പറയുന്നു.

ജില്ലാ അസി. ഫോറസ്റ്റ് കൺസർവേറ്റർ പരാതി സോഷ്യൽ ഫോറസ്ട്രിക്കു കൈമാറിയതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഫോറസ്റ്റ് ഓഫിസർ കെ.എസ്. സുദർശനന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ആനയെ പരിശോധിച്ചു. വെറ്ററിനറി ഡോക്ടർ ആനയുടെ ഹോർമോണിന്റെ സാംപിൾ ശേഖരിച്ചു. ഹോർമോൺ ലെവൽ കുറയുന്നുണ്ടെങ്കിലും ആന മദപ്പാടിൽ തന്നെയാണെന്നും ഡിഎഫ്ഒ പറഞ്ഞു.

പരാതി ഇങ്ങനെ:
കഴിഞ്ഞ ജനുവരി 26-ാം തീയതി മുതൽ മദപ്പാടിലാണെന്ന കാരണം പറഞ്ഞ് ആനയെ തളച്ചിട്ടിരിക്കുകയാണ്. രണ്ടാം പാപ്പാൻ മദ്യപിച്ചശേഷം ആനയെ ഉപദ്രവിക്കുന്ന സ്വഭാവക്കാരനാണ്. ആറു വർഷമായി സിമന്റിട്ട തറയിലാണ് ആനയെ കെട്ടിയിടുന്നതെന്നും വൃത്തിഹീനമായ സാഹചര്യത്തിൽ നിൽക്കുന്ന ആനയ്ക്കു വെള്ളവും തീറ്റയും രണ്ടും മൂന്നും ദിവസം കൂടുമ്പോഴാണ് കൊടുക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.

സിമന്റുതറ മാറ്റി മണ്ണുനിറച്ച തറയിൽ വേണം ആനയെ നിർത്തേണ്ടതെന്നും ഷെഡ് ബലവത്താക്കണമെന്നും കഴിഞ്ഞവർഷം സ്ഥലം സന്ദർശിച്ച ജില്ലാ വെറ്ററിനറി ഓഫിസർ നിർദേശിച്ചിരുന്നുവെങ്കിലും ദേവസ്വം ബോർഡ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും കഴിഞ്ഞ ഒന്നര മാസമായിട്ട് ആനയുടെ ലിംഗഭാഗത്തു ചുവട്ടിലായി പന്തിന്റെ വലുപ്പത്തിൽ നീരുവന്നു വീർത്തിരിക്കുകയാണെന്നും ഇത് ആനയുടെ ജീവനു ഭീഷണിയാണെന്നും പരാതിയിൽ പറയുന്നു.

ഡിഎഫ്ഒ പറയുന്നത്
മദപ്പാടിലുള്ള ആനയുടെ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ ലെവൽ അറിയുന്നതിനായി വെറ്ററിനറി ഡോക്ടർമാർ സാംപിൾ ശേഖരിച്ചു പരിശോധിച്ചിരുന്നു. പരിശോധനയിൽ ഹോർമോൺ ലെവൽ 19 ആണ്. ഇത് 15ൽ എത്തിയാലേ ആന മദപ്പാടിൽനിന്നു മുക്തനാവുകയുള്ളൂ. ഹോർമോൺ ലെവൽ കുറയുന്നതുവരെ വിശ്രമം നൽകുകയാണ് വേണ്ടതെന്നു വെറ്ററിനറി ഡോക്ടർ അറിയിച്ചിരുന്നു.

ഹോർമോൺ ലെവൽ 25ൽ എത്തുമ്പോഴാണ് നീരൊലിപ്പ് ആരംഭിക്കുന്നതെന്നും ആനയുടെ ലിംഗഭാഗത്തു കാണപ്പെട്ട മുഴ മദപ്പാടിന്റെ ഭാഗമാണെന്നും മണ്ണിട്ട തറയിൽ ആനയെ നിർത്തുന്നത് അണുബാധയ്ക്ക് ഇടയാക്കുമെന്നും ഡോക്ടർ പറഞ്ഞിരുന്നു. നാട്ടുകാരുടെ പരാതിയും തുടർന്നുണ്ടായ സംഭവവികാസങ്ങളും ആനയുടെ കാര്യത്തിൽ അതീവശ്രദ്ധ നൽകണമെന്നുള്ള വനംവകുപ്പിന്റെ നിർദേശവും ചേർത്ത് വിശദമായ റിപ്പോർട്ട് ദേവസ്വം ബോർഡിനു നൽകി.

സബ് ഗ്രൂപ്പ് ഓഫിസർ പറയുന്നത്
നീരുരോഗം ഭേദപ്പെട്ടതിനെ തുടർന്നു തിരുനീലകണ്ഠനെ വർഷാദ്യം എഴുന്നള്ളത്തിനു കൊണ്ടു പോയിരുന്നെങ്കിലും വീണ്ടും മദപ്പാടിലെത്തിയതോടെ ദേവസ്വം വെറ്ററിനറി ഡോക്ടറുടെ നിർദേശാനുസരണം വിശ്രമം നൽകുകയായിരുന്നെന്നു ചിറക്കടവ് മഹാദേവ ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫിസർ ആർ. പ്രകാശ് പറഞ്ഞു. സമയാസമയങ്ങളിൽ ഡോക്ടർ എത്തി പരിശോധിക്കുന്നുണ്ടെന്നും ആഹാരവും വെള്ളവും യഥേഷ്ടം നൽകി കൃത്യമായി പരിപാലിക്കുന്നുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.

ആനപ്രേമികളുടെ ആവേശം :
1978ൽ പുന്നാംപറമ്പിൽ കുടുംബയോഗം നടയ്ക്കുവച്ച തിരുനീലകണ്ഠൻ ആനപ്രേമികളുടെ ആവേശമാണ്. ബിഹാറിലെ ബോധഗയയിൽ നിന്നാണ് നീലകണ്ഠൻ ചിറക്കടവ് മഹാദേവന്റെ ദാസനായി എത്തുന്നത്. ഉത്സവകാലം കഴിഞ്ഞു നീലകണ്ഠൻ ചിറക്കടവിലെത്തുന്ന നാൾ ഇഷ്ടക്കാർക്കൊക്കെ ഉത്സവമാണ്.