ഓട്ടോയുടെ മുകളിൽ മരം വീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന വയോധികൻ മരിച്ചു

ഓട്ടോയുടെ മുകളിൽ മരം വീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന  വയോധികൻ മരിച്ചു


കാഞ്ഞിരപ്പള്ളി : കഴിഞ്ഞ ചൊവ്വാഴ്ച കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കപ്പാട് പള്ളിക്ക് സമീപം ശക്തമായ കാറ്റിലും മഴയിലും ഒടിഞ്ഞുവീണ മരം ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വീണു പരുക്കേറ്റു ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കപ്പാട് കാളകെട്ടി പതിപ്പള്ളിൽ തോമസ് വർക്കി ( കുഞ്ഞ് 62 ) ആണ് ആശുപത്രിയിൽ വച്ച് മരണപ്പെട്ടത്. അപകടത്തിൽ തോമസിന് ഗുരുതരമായി പരുക്കേറ്റിരുന്നു. വാരിയെല്ലുകൾ പലതും തകർന്ന നിലയിലായിരുന്നു ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്.

അപകട സമയത്ത് ഒപ്പമുണ്ടായിരുന്ന ഓട്ടോ ഡ്രൈവർ കാളകെട്ടി വാരിക്കാട്ട് ബാബു ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നുപോയി.

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് നാലേമുക്കാലോടെയാണ് അപകടം നടന്നത്. കാറ്റിൽ ഒടിഞ്ഞുവീണ മരം അടിയിൽ കൂടിപോയിരുന്ന വൈദ്യുതി ലൈനിൽ തട്ടി ഓട്ടോയുടെ പുറത്തേക്കു വീണതിനാൽ വീഴ്‌ചയുടെ ആഘാതം കുറഞ്ഞിരുന്നു. വൈദ്യുതി കമ്പികൾ പൊട്ടി ഓട്ടോയുടെ മുകളിലേക്ക് വീഴാതിരുന്നതും വൻദുരന്തം ഒഴിവാക്കി.

അപകടം കണ്ടു ഓടിക്കൂടിയ നാട്ടുകാർ മരത്തിന്റെ ശിഖരം എടുത്ത് മാറ്റിയാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ തോമസ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാസന്നനിലയിൽ കഴിയുകയായിരുന്നു.