ഭൂപരിഷ്കരണത്തിന് അമ്പതാണ്ട്

ഭൂപരിഷ്കരണത്തിന് അമ്പതാണ്ട്

X

മാറ്റത്തിന്റെ  നാൾവഴി…

 1957 ഒഴിപ്പിക്കൽ നടപടി നിർത്തിവെക്കാൻ ഇ.എം.എസ്. സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നു. ഭൂസംരക്ഷണ നിയമംവന്നു. അനധികൃതകൈയേറ്റം തടയാനുള്ള വ്യവസ്ഥയായി.

 സമഗ്രഭൂപരിഷ്കരണ നിയമനിർമാണത്തിന് സമിതിയെ നിയോഗിച്ചു. കേരള കാർഷികബന്ധ ബിൽ നിയമസഭയിൽ.

 1959 നിയമസഭ പാസാക്കിയ ബിൽ രാഷ്ട്രപതി തിരിച്ചയക്കുന്നു.

 1960 ഒക്ടോബർ 15-ന്   ഭേദഗതികളോടെ ഈ നിയമം വീണ്ടും പാസാക്കി.

 1961 ജനുവരി 21-ന് രാഷ്ട്രപതിയുടെ അംഗീകാരം.

 1963 കേരള ലാൻഡ് റിഫോംസ് ആക്ട് വന്നു. 1960-ലെ കാർഷികബന്ധ നിയമം റദ്ദാക്കി.

 1967  ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള  മന്ത്രിസഭ വീണ്ടും അധികാരത്തിൽ.

 1969 സി. അച്യുതമേനോൻ മന്ത്രിസഭ.  ഭൂപരിഷ്കരണ നിയമം നടപ്പാക്കുന്നതിന് ഊർജിത ശ്രമം.

 1970 ജനുവരി ഒന്ന്‌ നിയമം നടപ്പാകുന്നു.

ചരിത്രനിയമത്തിന്റെ ചരിത്രം

വിപ്ലവകരമായ ഭൂപരിഷ്‌കരണനിയമം കേരളത്തിൽ നടപ്പായിട്ട് 2020 ജനുവരി ഒന്നിന് അരനൂറ്റാണ്ട് തികയുകയാണ്. കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ വ്യവഹാരങ്ങളെ ഉഴുതുമറിച്ച ഈ നിയമം സംസ്ഥാനത്തിന്റെ ഭാവിയെയും പരിസ്ഥിതിയെയും നിർണയിച്ചതെങ്ങനെ, ഒരന്വേഷണം…

ജന്മികളുടെ സ്വേച്ഛാധികാരത്തെ നിയന്ത്രിക്കാനും കൃഷിക്കാർക്ക് കൂടുതൽ സംരക്ഷണം നൽകാനുമുള്ള ശ്രമങ്ങളുടെ  ഭാഗമായി ഒട്ടേറെ നിയമങ്ങളാണുണ്ടായത്. 1929-ലെ മലബാർ കുടിയായ്മ നിയമം, 1934- ലെ കൊച്ചി വെറും പാട്ടം കുടിയാൻ നിയമം, 1950-ലെ തിരുവിതാംകൂർ കൊച്ചി വിധി നടത്തുനിർത്തിെവക്കൽ നിയമം, കുടിയൊഴിക്കൽ നിരോധനനിയമം, 1954-ലെ തിരുവിതാംകൂർ കൊച്ചി ഗവൺമെന്റിന്റെ കാർഷികപരിഷ്കാര ബില്ലുകൾ, 1957-ലെ ഒഴിപ്പിക്കൽ നിരോധനനിയമം തുടങ്ങിയവ ഇതിൽപ്പെടുന്നു. 1954-ൽ തിരുക്കൊച്ചിയിലെ പട്ടംതാണുപിള്ള (പ്രജാസോഷ്യലിസ്റ്റ് പാർട്ടി)നയിച്ച മന്ത്രിസഭയിലെ റവന്യൂമന്ത്രി പി.എസ്. നടരാജപിള്ള അവതരിപ്പിച്ച ഏഴിന ഭൂപരിഷ്കരണ നിയമം എടുത്തു പറയേണ്ടതാണ്.

 കേരളപ്പിറവിക്കുശേഷം അധികാരമേറ്റ ഇ.എം.എസ്. സർക്കാർ 1957-ൽ ഒഴിപ്പിക്കൽ നടപടി നിർത്തിെവപ്പിക്കാൻ കൊണ്ടുവന്ന ഓർഡിനൻസിന്റെ ചുവടുപിടിച്ചുണ്ടായ കേരള ഭൂനികുതി നിയമം തിരുക്കൊച്ചിയിലെ നികുതി മലബാറിനും ബാധകമാക്കി. ഇതേവർഷംതന്നെയാണ് ഭൂസംരക്ഷണ നിയമത്തിലൂടെ അനധികൃത െെകയേറ്റം തടയാനുള്ള വ്യവസ്ഥകളുണ്ടാക്കിയതും. പിന്നീട് വന്ന ഭൂതിരസ്കാരനിയമത്തിലൂടെ ഉടമകൾ വെടിയുന്ന ഭൂമി സർക്കാരിന് ഏറ്റെടുക്കാമെന്നായി.

  ഇതിനിടെയാണ് സമഗ്രമായ ഭൂപരിഷ്കരണ നിയമം നിർമിക്കുന്നതിന്  സി. അച്യുതമേനോൻ കൺവീനറും കെ.ആർ. ഗൗരിയമ്മ, ഇ. ചന്ദ്രശേഖരൻനായർ, ഇ. ഗോപാലകൃഷ്ണമേനോൻ, പന്തളം പി.ആർ. മാധവൻപിള്ള, സി.എച്ച്. കണാരൻ, ഇ.പി. ഗോപാലൻ എന്നിവർ അംഗങ്ങളുമായ സമിതിയെ സർക്കാർ നിയോഗിച്ചത്. തുടർന്നായിരുന്നു കേരള കാർഷിക ബന്ധ ബിൽ (കേരള അഗ്രേറിയൻ റിലേഷൻസ് ബിൽ 1957)  കെ.ആർ. ഗൗരിയമ്മ നിയമസഭയിൽ അവതരിപ്പിച്ചത്. ഇതോടെ ചെറുകിട കൃഷിക്കാരും കുടിയാൻ എന്ന പദത്തിന്റെ വ്യാപ്തിയിൽ വന്നു.

കർഷകന് പാട്ടഭൂമിയിൽ സ്ഥിരാവകാശം നൽകുകയായിരുന്നു നിയമത്തിലെ പ്രധാന വ്യവസ്ഥ. മര്യാദ പാട്ടം നിജപ്പെടുത്തുകയും കുടിയാന്മാർക്ക് പാട്ടഭൂമിയുടെ ഒരു ഭാഗം ജന്മിയുടെ കൈയിൽനിന്നും പ്രതിഫലം നൽകി വാങ്ങാവുന്നതാണെന്നും  വ്യവസ്ഥ ചെയ്തിരുന്നു. കൈവശഭൂമിക്ക് പരിധി നിശ്ചയിച്ചു. പരിധിയിൽ കൂടുതലുള്ള ഭൂമി സർക്കാരിനെ ഏൽപ്പിക്കാനും അങ്ങനെ ലഭിക്കുന്ന ഭൂമി വില ഈടാക്കി ഈ നിയമം മൂലം ഭൂമി നഷ്ടപ്പെട്ട കുടിയാന്മാർക്കും ഭൂ ഉടമകൾക്കും ഫാമിങ് സൊസൈറ്റികൾക്കും കർഷകത്തൊഴിലാളികൾക്കും നൽകുന്നതിനും നിയമം വ്യവസ്ഥ ചെയ്തു. മര്യാദപാട്ടത്തിന്റെ ആറിരട്ടി പതിനാറുഗഡുക്കളായി അടച്ചാൽ ഭൂമി കുടിയാന് തീറുവാങ്ങാമെന്ന വ്യവസ്ഥയും നിയമത്തിലുൾപ്പെടുത്തിയിരുന്നു.

 അഞ്ച് ഏക്കറിന്‌ മുകളിൽ 15 ഏക്കറിൽ താഴെ ഭൂമിയുള്ളവരുടെ എണ്ണം 2.34 ലക്ഷവും അവരുടെ കൈവശമുള്ള ഭൂമിയുടെ വിസ്തീർണം 20.92 ലക്ഷം ഏക്കറുമാണെന്നായിരുന്നു സർക്കാരിന്റെ  കണക്ക്. ഇവർ പാട്ടത്തിന് കൊടുത്ത ഭൂമി 81,665 ഏക്കറുമാണെന്നും കണക്കാക്കിയിരുന്നു. പക്ഷേ, സഭ പാസാക്കിയ ബിൽ ഭരണഘടനയുടെ 201-ാം അനുച്ഛേദം അനുസരിച്ച് രാഷ്ട്രപതി തിരിച്ചയച്ചു. വിമോചന സമരത്തിനുപിന്നാലെ പുതിയ സർക്കാർ നിലവിൽവന്നു.

ഭേദഗതിവരുത്തിയ നിയമത്തിന്  രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെ കുടിയാന്മാരെയും കിടികിടപ്പുകാരെയും വാരം, ശമ്പളപ്പാട്ടം മുതലായവ അനുസരിച്ച് ഭൂമി കൃഷി ചെയ്യുന്നവരെയും കുടിയൊഴിപ്പിക്കലിൽനിന്ന് താത്‌കാലികമായി സംരക്ഷിക്കുന്നതിന് വ്യവസ്ഥവന്നു. ഇതോടെ എല്ലാ ഒഴിപ്പിക്കലുകളും കുടിയിറക്കലുകളും നിയമവിരുദ്ധമായി. ഉള്ള മണ്ണിൽ ഉറച്ചുനിൽക്കാനുള്ള അവകാശം ഒരു ജനതയ്ക്ക് ലഭിച്ചു.

ഒരു വ്യക്തിക്ക് കൈവശംെവക്കാവുന്ന ഭൂമി ഏഴര ഏക്കറും കുടുംബത്തിന് 15 ഏക്കറെന്ന് പരിധി നിശ്ചയിച്ചു. എന്നാൽ, കാസർകോട്, ഹോസ്ദുർഗ് താലൂക്കുകളിൽ നിലവിലുള്ള റയട്ടുവാരി സമ്പ്രദായം നിലനിൽക്കുന്നതിനാൽ പുതിയനിയമം നിലനിൽക്കില്ലെന്ന്‌ സുപ്രീംകോടതി വിധിച്ചു. ഈ താലൂക്കുകളെ പിന്നീട് ഒഴിവാക്കിയെങ്കിലും കേരള ഹൈക്കോടതി അത് റദ്ദാക്കിയതോടെ നിയമം നടപ്പാക്കാനായില്ല. അതിനിടെ പട്ടംതാണുപിള്ള രാജിെവച്ചു.

  തുടർന്ന് കേരള ലാൻഡ് റിഫോംസ് ആക്ട് എന്ന പേരിൽ ആർ. ശങ്കർ മന്ത്രിസഭയിലെ റവന്യൂമന്ത്രിയായ പി.ടി. ചാക്കോ കൊണ്ടുവന്ന പുതിയ ഭൂപരിഷ്കരണനിയമം  കൃഷിഭൂമിയിൽനിന്ന് കർഷകരെ ഒഴിപ്പിക്കുന്നത് തടയുന്നതിനും കുടിയാന്മാർക്ക് വസ്തുവിൽ ഉടമസ്ഥാവകാശം നൽകുന്നതിനും കൈവശഭൂമിക്ക് പരിധി നിശ്ചയിക്കാനും പരിധിയിൽ കവിഞ്ഞ സ്വത്ത് സർക്കാരിൽ നിക്ഷിപ്തമാക്കാനും മിച്ചഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യുന്നതിനും വ്യവസ്ഥചെയ്യുന്നതായിരുന്നു. ഇതോടെയാണ് കാർഷികബന്ധ നിയമം ഇല്ലാതായത്. ഇതിന് 1963 ഡിസംബർ 31-ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. 1964- ലെ ഒന്നാം ആക്ട് എന്നപേരിലിത് നിലവിൽവന്നു. ജന്മിക്ക് നഷ്ടപരിഹാരം നൽകി അധികഭൂമി ഏറ്റെടുക്കാനുള്ള നിയമത്തിൽ കശുമാവ്, കുരുമുളക് എന്നിവകൂടി തോട്ടങ്ങളുടെ പരിധിയിലാക്കി. എന്നാൽ, ആർ. ശങ്കറിന്റെ മന്ത്രിസഭയ്ക്കും നിയമം നടപ്പാക്കാനായില്ല.

പൊതുആവശ്യങ്ങൾക്കും കമ്പനികൾക്കുവേണ്ടിയും ഭൂമി ഏറ്റെടുക്കുന്നതിനുള്ള നിയമങ്ങൾ ഏകീകരിക്കുകയും നഷ്ടപരിഹാരത്തുക നിജപ്പെടുത്തുകയും ചെയ്യുന്നതിനുള്ള 1961-ലെ ലാൻഡ് അക്വിസിഷൻ ആക്ടും ഇതിനിടെ പാസാക്കി. 1969-ൽ തിരുപ്പൂവാരം പേയ്‌മെന്റ് അബോളിഷൻ ആക്ടും നിയമസഭ പാസാക്കി. തിരുവിതാംകൂറിലെ ജന്മിമാർക്ക് ലഭിച്ചിരുന്ന പ്രത്യേക അവകാശമായ തിരുപ്പൂവാരം നിർത്തലാക്കുന്നതിനുള്ള നിയമമായിരുന്നു ഇത്.

    1967-ൽ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി മന്ത്രിസഭ അധികാരത്തിൽ വന്നതോടെയാണ് ഭൂപരിഷ്കരണ നിയമം വീണ്ടും പൊടിതട്ടിയെടുത്തത്. കുട്ടനാടൻ പാടശേഖരങ്ങളെയും കശുമാവ്, കുരുമുളക് തോട്ടങ്ങളെയും നിയമപരിധിയിൽനിന്നൊഴിവാക്കി 1969-ൽ ഭേദഗതി കൊണ്ടുവന്നെങ്കിലും സർക്കാരിന് രാജിവക്കേണ്ടിവന്നു.

1969-ൽ സി. അച്യുതമേനോൻ മന്ത്രിസഭ അധികാരമേറ്റപ്പോൾ ഭൂപരിഷ്കരണ നിയമം നടപ്പാക്കുകയായിരുന്നു മുഖ്യലക്ഷ്യങ്ങളിൽ ഒന്ന്.  1970 ജനുവരി ഒന്നിന് നടപ്പാക്കുകയും ചെയ്തു. ഇതോടെ കുടികിടപ്പും പാട്ടവ്യവസ്ഥയും ജന്മിത്തവും കേരളത്തിൽ ഇല്ലാതായി. കൃഷിഭൂമി കൈവശംെവച്ചിരുന്ന കർഷകരെ കുടികിടപ്പുകാരായി കണക്കാക്കി പട്ടയംനൽകി. ഏറ്റെടുത്ത മിച്ചഭൂമി കർഷകത്തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ തീരുമാനിച്ചു. കേരളത്തിലുടനീളം സംഘടിപ്പിച്ച പട്ടയമേളകൾ വഴി 28 ലക്ഷം പേർക്കാണ് അക്കാലത്ത് പട്ടയം നൽകിയത്. 1971-ൽ സ്വകാര്യവനങ്ങൾ ഏറ്റെടുക്കുന്നതിന് പി.എസ്‌. ശ്രീനിവാസൻ കൊണ്ടുവന്ന പ്രൈവറ്റ് ഫോറസ്റ്റ് വെക്ടിങ് ആക്ടും ഈ രംഗത്ത് നിർണായകമായി.

ചരിത്രത്തിലെ നാഴികക്കല്ല്‌  

കേരളത്തിലെ ഭൂവുടമബന്ധങ്ങളിൽ സമഗ്രവും സമൂലവുമായ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിന് ഉദ്ദേശിച്ചുകൊണ്ട് തയ്യാറാക്കിയിട്ടുള്ളതാണ് ഈ ബിൽ. ഇന്നത്തെ ഭരണഘടനയുടെ വ്യവസ്ഥകൾക്ക് വിധേയമായി കൃഷിഭൂമി കൃഷിക്കാരന് എന്ന നമ്മുടെ ദേശീയപ്രസ്ഥാനത്തിന്റെ മൗലികമായ മുദ്രാവാക്യം നടപ്പാക്കാനുള്ള സംരംഭമാണ് ഇതിനുള്ളത്. കൃഷിചെയ്യുന്ന കർഷകർക്ക് സ്ഥിരാവകാശം, കുടിയാന് മര്യാദപ്പാട്ടം, ഭൂവുടമസ്ഥതയ്ക്ക് പരിധി നിർണയിക്കുക, കൃഷിക്കാർക്ക് അവർ കൈവശംെവക്കുന്ന ഭൂമി ജന്മികളുടെ െെകയിൽനിന്ന് ന്യായമായ പ്രതിഫലം കൊടുത്ത് വിലയ്ക്കുവാങ്ങാൻ അധികാരം നൽകുക ഇവയെല്ലാം കൂടി ഉൾക്കൊള്ളുന്ന നിയമനിർമാണം എന്ന നിലയ്ക്ക് നമ്മുടെ സ്റ്റേറ്റിലെ ഭൂവുടമാബന്ധനിയമ നിർമാണത്തിന്റെ ചരിത്രത്തിൽ ഇത് ഒരു അതിപ്രധാനമായ നാഴികക്കല്ലാണെന്ന് ഞാൻ പ്രസ്താവിച്ചുകൊള്ളട്ടെ. – കേരള കാർഷികബന്ധ ബിൽ അവതരിപ്പിച്ച് കെ.ആർ. ഗൗരിയമ്മ 1957 ഡിസംബർ 21-ന് നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽനിന്ന്.

പി.എസ്. നടരാജപിള്ള – തിരുക്കൊച്ചിയിലെ പട്ടംതാണുപിള്ളയുടെ മന്ത്രിസഭയിലെ റവന്യൂ മന്ത്രി.  ഏഴിന ഭൂപരിഷ്കരണ നിയമം അവതരിപ്പിച്ചു.

ഇ.എം.എസ്. നമ്പൂതിരിപ്പാട് – 1957-ൽ ഇ.എം.എസ്. സർക്കാർ ഒഴിപ്പിക്കൽ നടപടി നിർത്തിവെപ്പിക്കാൻ ഓർഡിനൻസ് കൊണ്ടുവന്നു. 1967-ൽ രണ്ടാമതും മുഖ്യമന്ത്രിയായപ്പോൾ ഭൂപരിഷ്കരണനിയമം വീണ്ടും ചർച്ചയിൽ.

കെ.ആർ. ഗൗരിയമ്മ – കേരള കാർഷികബന്ധ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് പ്രസംഗിച്ചു. ഭൂപരിഷ്കരണ നിയമമുണ്ടാക്കുന്ന സമിതിയിൽ അംഗം.

സി. അച്യുതമേനോൻ – സമഗ്രഭൂപരിഷ്കരണ നിയമം നിർമിക്കുന്നതിന് സമിതിയുടെ കൺവീനറായി. മുഖ്യമന്ത്രിയായപ്പോൾ ഭൂപരിഷ്കരണ നിയമം നടപ്പാക്കുക പ്രധാന അജൻഡയാക്കി, നടപ്പിലാക്കി.

കെ.ടി. ജേക്കബ് – അച്യുതമേനോൻ മന്ത്രിസഭയിൽ റവന്യൂ മന്ത്രി. ഭൂപരിഷ്കരണ നിയമത്തിന്  ചട്ടങ്ങളുണ്ടാക്കുന്നതിൽ നേതൃത്വം.

പി.ടി. ചാക്കോ – ആർ. ശങ്കറിന്റെ മന്ത്രിസഭയിലെ റവന്യൂ മന്ത്രി. പുതിയ ഭൂപരിഷ്കരണ നിയമം കൊണ്ടുവന്നു.  ഈ നിയമം വന്നതോടെ 1960-ലെ കാർഷികബന്ധ നിയമം റദ്ദാക്കപ്പെട്ടു.

അറിയുമോ അക്കാലം…

ഭൂപരിഷ്കരണനിയമത്തിനുമുമ്പുള്ള കാലത്തെപ്പറ്റി 

‘കേരളം ഇന്നലെ ഇന്ന്’ എന്ന പുസ്തകത്തിൽ എ.കെ.ജി. എഴുതിയത്

കൃഷിയിൽ ഏർപ്പെട്ടിട്ടില്ലാത്തവർ കുടിൽ വ്യവസായങ്ങളോ കൈത്തൊഴിലുകളോ വീട്ടുജോലിയോ കൊണ്ടാണ് ജീവസന്ധാരണം നടത്തുന്നത്. തൊഴിലില്ലാത്തവർ ധാരാളമുണ്ടുതാനും. ഗ്രാമീണ ജനസംഖ്യയിൽ ഏതാണ്ട് 20 ശതമാനത്തോളം കർഷകത്തൊഴിലാളികളാണ്. അവർക്ക് സ്വന്തമായി ഭൂമിയേ ഇല്ല. അതേസമയം, കൃഷിയോഗ്യമായ 34 ലക്ഷം ഏക്കർ ഭൂമിയുണ്ടുതാനും. എട്ടുശതമാനത്തിന്റെ കൈവശം ഓരോ ഏക്കർ ഭൂമി മാത്രം. 97 ശതമാനത്തിന്റെ കൈവശമോ? അഞ്ചേക്കറിൽ താഴേയും. കാർഷികത്തൊഴിൽ അന്വേഷണ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ കാർഷികത്തൊഴിലാളികൾ ആണ്ടിൽ 98 ദിവസം തീർത്തും  പണിയില്ലാത്തവരാണ്. കേരളത്തിലാകട്ടെ അത് 108 ദിവസമാണ്.

 ജനസംഖ്യയിൽ മൂന്നിലോന്നോളം ആളുകൾക്ക് തൊഴിൽ ഇല്ല. സ്ത്രീകളിൽ പകുതിയിലധികവും പ്രത്യക്ഷമായ യാതൊരു പ്രതിഫലവും ലഭിക്കാത്ത വീട്ടുജോലിയിലാണ് ഏർപ്പെട്ടിരിക്കുന്നത്. തിരുവിതാംകൂർ കൊച്ചിയിൽ ശരാശരി കുടുംബവരുമാനം പ്രതിവർഷം 600 രൂപയാണ്. ഒരു കുടുംബത്തിൽ ശരാശരി ആറ് ആളുകൾ ഉള്ളതായി കണക്കാക്കുന്നു. ഇതിന്റെ അർഥം പ്രതിമാസപ്രതിശീർഷ വരുമാനം 10 രൂപയിൽ കുറവാണെന്നാണ്. ഡൽഹിയിലെ നല്ലൊരു ഹോട്ടലിൽ മുടിവെട്ടിക്കാൻ വേണ്ടി വരുന്ന തുകയ്ക്ക് തുല്യം.

 തത്ഫലമായുള്ള താണ ജീവിതനിലവാരം വളരെ മോശമായ ആഹാരക്രമം മാത്രമേ ജനങ്ങൾക്ക് അനുവദിക്കുന്നുള്ളൂ. കലോറിയിലും വിറ്റാമിനിലും ധാതുലവണത്തിലും അപര്യാപ്തമായ ആഹാരക്രമം. അതുകൊണ്ട് കേരളത്തിലെ വളരെ ഉയർന്ന ശിശുമരണ നിരക്കിൽ അദ്‌ഭുതമില്ല. ക്ഷയവും പിത്തശൂലയും അതുപോലുള്ള മറ്റ് രോഗങ്ങളും സാധാരണമാണ്.’