തോട്ടം പുരയിടം പ്രശ്‌നം: കാഞ്ഞിരപ്പള്ളിയിൽ 24-ന് അദാലത്ത് നടത്തും

തോട്ടം പുരയിടം പ്രശ്‌നം:  കാഞ്ഞിരപ്പള്ളിയിൽ 24-ന്      അദാലത്ത് നടത്തും

കാഞ്ഞിരപ്പള്ളി: തോട്ടം പുരയിടം പ്രശ്‌നത്തിൽ താലൂക്കിൽ ലഭിച്ച അപേക്ഷകളിൽ പരിഹാരം കാണുന്നതിനുള്ള അദാലത്ത് 24-ന് ടൗൺ ഹാളിൽ നടത്തും. കഴിഞ്ഞ നവംബർ 18 വരെയാണ് വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലുമായി അപേക്ഷകൾ സ്വീകരിച്ചത്. അപേക്ഷകളിൽ നടപടി വൈകുന്നുവെന്ന് ആരോപിച്ച് സമരസമിതി സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് അദാലത്ത് തീയതി താലൂക്ക് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. രേഖകൾ മുഴുവൻ സമർപ്പിച്ചവരുടെ അപേക്ഷകളാണ് പ്രധാനമായും താലൂക്കിൽ പരിശോധിച്ചുവരുന്നത്.

കാഞ്ഞിരപ്പള്ളി താലൂക്കിൽ 2460 അപേക്ഷകളാണ് ആദ്യഘട്ടത്തിൽ ലഭിച്ചത്. 1964 മുതലുള്ള മുന്നാധാരങ്ങളുടെ പകർപ്പും അപേക്ഷയ്ക്കൊപ്പം വേണ്ടിയിരുന്നതിനാൽ പലർക്കും നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കാൻ സാധിച്ചിരുന്നില്ല. അതിനാൽ ഇപ്പോഴും താലൂക്ക് ഓഫീസിൽ പരാതികളെത്തുന്നുണ്ട്. ഇടക്കുന്നം വില്ലേജിലാണ് ഏറ്റവും കൂടുതൽ അപേക്ഷ ലഭിച്ചത്. മുണ്ടക്കയം, എരുമേലി തെക്ക്, കൂവപ്പള്ളി, കൂട്ടിക്കൽ, കാഞ്ഞിരപ്പള്ളി എന്നീ വില്ലേജുകളിലും അപേക്ഷകരുണ്ട്. റവന്യൂ രേഖകളിൽ തോട്ടം എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് പുരയിടം എന്നാക്കി തിരുത്തി സ്വതന്ത്ര ഉടമസ്ഥാവകാശം ഭൂവുടമകൾക്ക് നൽകണമെന്നാണ് ഭൂവുടമകളുടെ ആവശ്യം.

തോട്ടം പുരയിടം വിഷയത്തിൽ ലഭിച്ച പരാതികളുടെ പരിശോധന പുരോഗമിക്കുകയാണെന്ന് താലൂക്ക് അധികൃതർ അറിയിച്ചു. താലൂക്ക് ഓഫീസിലാണ് അപേക്ഷകളിൽ പരിശോധന നടത്തുന്നത്. ആദ്യം മുന്നാധാരങ്ങളുടെ പകർപ്പ് സമർപ്പിക്കാത്തവർക്ക് വീണ്ടും നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാൽ മുന്നാധാരങ്ങളുടെ പകർപ്പുകൾ രജിസ്‌ട്രേഷൻ വകുപ്പും റവന്യൂ വകുപ്പും ചേർന്ന് രേഖകൾ ഓൺലൈനിൽ പരിശോധിക്കണമെന്ന് അപേക്ഷകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതൊന്നും പരിഗണിക്കാതെ വീണ്ടും മുൻരേഖകൾ ആവശ്യപ്പെടുന്നത് അപേക്ഷകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി സമരസമിതി നേതാക്കൾ ആരോപിച്ചു.