തോട്ടം പുരയിടം പ്രശ്നം : മുന്നാധാരങ്ങൾ 1970 വരെ മതിയെന്നു കോട്ടയം ജില്ലാ കളക്‌ടർ

തോട്ടം പുരയിടം പ്രശ്നം  : മുന്നാധാരങ്ങൾ 1970 വരെ മതിയെന്നു കോട്ടയം  ജില്ലാ കളക്‌ടർ


തോട്ടം പുരയിടം പ്രശ്നം : മുന്നാധാരങ്ങൾ 1970 വരെ മതിയെന്നു ജില്ലാ കളക്‌ടർ

കർഷകർക്ക്‌ ആശ്വാസമേകുന്ന വാർത്തയാണ് പാലായിൽ നടന്ന തോട്ടം പുരയിടം അദാലത്തിൽ നിന്നും ലഭിച്ചത് . മീനച്ചിൽ താലൂക്കിലെ റവന്യൂ വകുപ്പിന്റെ അദാലത്തിൽ 1970 വരെയുള്ള മുന്നാധാരങ്ങൾ പരിശോധിച്ചാണ് റീ സർവേ നടപടികളിൽ തെറ്റായി രേഖപ്പെടുത്തിയ തോട്ടം എന്നത് മാറ്റി പുരയിടം എന്നാക്കി കൊടുത്തത്. 1964 ൽ നിയമം കൊണ്ടു വന്നങ്കിലും അത് പൂർണമായി പ്രവർത്തികമാക്കിയത് 1970 -ൽ ആയതിനാൽ മുന്നാധാരങ്ങൾ 1970 വരെ പരിശോധിച്ചാൽ മതിയെന്നു കോട്ടയം ജില്ലാ കളക്‌ടർ പി കെ. സുധീർ ബാബു പറഞ്ഞു . എന്നാൽ നിലവിൽ മീനച്ചിൽ താലൂക് ഒഴികെയുള്ള സംസ്ഥാനത്തെ മറ്റ് താലൂക്കുകളിൽ 1964 വരെയുള്ള മുന്നാധാരങ്ങൾ പരിശോധിച്ചാണ് തീരുമാനങ്ങൾ എടുക്കുന്നത്.

പാലാ കത്തീഡ്രൽ പള്ളി പാരീഷ് ഹാളിൽ വ്യാഴാഴ്ച രാവിലെ 10 മുതൽ നടന്ന അദാലത്തിൽ നൂറുകണക്കിന് അപേക്ഷകർ പങ്കെടുത്തു.

അദാലത്തിനു മുന്നോടിയായി നടന്ന ചടങ്ങില്‍ എം.എല്‍.എമാരായ മാണി സി. കാപ്പന്‍, പി.സി. ജോര്‍ജ്ജ്, മോന്‍സ് ജോസഫ്, ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ബാബു എന്നിവര്‍ സംസാരിച്ചു. പാലാ ആര്‍.ഡി.ഒ ജി.പ്രദീപ് കുമാര്‍, തഹസില്‍ദാര്‍മാരായ എം.എന്‍. ഗീത(എല്‍.ആര്‍), വി.എം. അഷ്‌റഫ് തുടങ്ങിയവര്‍ അദാലത്തിന് നേതൃത്വം നല്‍കി.

ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ബാബുവിന്റെ നേതൃത്വത്തില്‍ ഇന്നലെ പാലാ കത്തീഡ്രല്‍ പാരിഷ് ഹാളില്‍ നടത്തിയ അദാലത്തില്‍ തോട്ടങ്ങളെന്ന് തെറ്റായി രേഖപ്പെടുത്തിയിട്ടുള്ള വസ്തുക്കള്‍ പുരയിടമായി പുനഃക്രമീകരിക്കുന്നതിനുള്ള ഉത്തരവ് 1027 പേര്‍ക്ക് ലഭ്യമാക്കി. ലാന്‍ഡ് റവന്യൂ തഹസില്‍ദാരുടെ ഈ ഉത്തരവ് വില്ലേജ് ഓഫീസില്‍ ലഭിക്കുന്ന മുറയ്ക്ക് തണ്ടപ്പേരിലും കരം അടച്ച രസീതിലും പുരയിടമെന്ന് രേഖപ്പെടുത്തി നല്‍കും.


റീ സര്‍വ്വേയില്‍ സംഭവിച്ച അപാകത അടിയന്തിരമായി പരിഹരിക്കണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് താലൂക്ക് ഓഫീസുകളിലും കളക്ടറേറ്റിലും നിരവധി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് റവന്യു വകുപ്പ് പ്രശ്ന പരിഹാരത്തിന് ഊര്‍ജ്ജിത നടപടി സ്വീകരിക്കുകയായിരുന്നു.


മീനച്ചില്‍ താലൂക്കിലെ 14 വില്ലേജുകളിലുള്ളവരുടെ പരാതികളിലാണ് ഇന്നലെ തീര്‍പ്പുകല്‍പ്പിച്ചത്. ആകെ 4740 പേരാണ് അദാലത്തില്‍ പരിഗണിക്കുന്നതിനായി വില്ലേജ്, താലൂക്ക് ഓഫീസുകള്‍ മുഖേന പരാതി നല്‍കിയത്. ഏറ്റവും കൂടുതല്‍ പരാതികള്‍ കൊണ്ടൂര്‍ വില്ലേജില്‍നിന്നായിരുന്നു -2767 പേര്‍. ഇവരില്‍ 367 പേര്‍ക്ക് അദാലത്തില്‍ ഉത്തരവ് ലഭിച്ചു.
ഭരണങ്ങാനം -59, ഈരാറ്റുപേട്ട- 69, കുറിച്ചിത്താനം- 31, ളാലം – 12, പൂഞ്ഞാര്‍-26, പൂവരണി-431, പുലിയന്നൂര്‍-20, തലനാട്-ആറ്, തലപ്പലം-ആറ് എന്നിങ്ങനെയാണ് തീര്‍പ്പാക്കിയ അപേക്ഷകളുടെ എണ്ണം.
പരിശോധനകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് പരിഹാര നടപടികള്‍ സ്വീകരിച്ചത്. ശേഷിക്കുന്ന പരാതികളില്‍ സൂക്ഷ്മ പരിശോധന നടന്നു വരുകയാണ്. ഇതിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് വസ്തു പുരയിടമായി ക്രമീകരിച്ചു കൊണ്ടുള്ള ഉത്തരവ് നല്‍കും.