ശബരിമല പാതയിൽ പുലി ഇറങ്ങി..; യാത്രക്കാർ സൂക്ഷിക്കണമെന്ന് വനം വകുപ്പ്.

ശബരിമല പാതയിൽ  പുലി ഇറങ്ങി..;  യാത്രക്കാർ സൂക്ഷിക്കണമെന്ന് വനം വകുപ്പ്.

പമ്പാവാലി : ചിറ്റാർ മീൻകുഴി വടക്കേക്കരക്കു പിന്നാലെ ശബരിമല പാതയിലും പുലി ഇറങ്ങി. ഇരുചക്ര വാഹന യാത്രക്കാർ സൂക്ഷിക്കണമെന്ന് വനം വകുപ്പ്. മണ്ണാറക്കുളഞ്ഞി – പമ്പ ശബരിമല പാതയിൽ ളാഹയ്ക്കും പ്ലാപ്പളളിക്കും മധ്യേ ചെളിക്കുഴി ഭാഗത്താണ് വ്യാഴാഴ്ച വൈകിട്ട് 5.45ന് പുലിയെ കണ്ടത്.

മൈലപ്ര ചീങ്കൽത്തടം അറുകാലിക്കൽ സോണി ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് കഴിഞ്ഞ ദിവസം പുലിക്കു മുൻപിൽ പെട്ടത്. ഓസ്ട്രേലിയയിൽ നിന്ന് അവധിക്കു നാട്ടിൽ വന്ന സോണി ബന്ധുവീട്ടിൽ പോയ ശേഷം ആങ്ങമൂഴി, പ്ലാപ്പള്ളി വഴി തിരിച്ചു പോകുമ്പോൾ ആണ് പുലിക്കു മുൻപിൽ പെട്ടത്. ചെളിക്കുഴിയിൽ റോഡിന്റെ വശത്തെ ക്രാഷ്ബാരിയറിനോടു ചേർന്ന് കുറ്റിക്കാട്ടിൽ നിന്ന പുലി കാർ കണ്ടതോ‌ടെ തല ഉയർത്തി നോക്കി. ഭയന്നു പോയ ഡ്രൈവർ പുലി കടന്നു പോകാനായി വണ്ടി നിർത്തിയിട്ടു. കുറച്ചു സമയം കൂടി അവിടെ നിന്ന പുലി റോഡിലൂടെ കുറച്ചു നടന്ന ശേഷം കാട്ടിലേക്ക് ഓടി മറഞ്ഞു.

ശബരിമല പാതയിൽ ളാഹ രാജാംപാറ മുതൽ പമ്പ വരെയും വനമാണ്. സാധാരണ കാട്ടാനകളെയാണ് ഈ മേഖലയിൽ കാണാറുള്ളത്. അതിനു വിപരീതമായാണ് പുലിയെ കണ്ടത്. ഇരുചക്രവാഹനക്കാർ ഏറെ സഞ്ചരിക്കുന്ന പാതയാണിത്.

റോഡിൽ പുലിയെ കണ്ട സാഹചര്യത്തിൽ ഇരുചക്രവാഹനയാത്രക്കാർ അതീവ ശ്രദ്ധയോ‌ടെ മാത്രമേ ഇതുവഴി പോകാവു എന്നാണ് വനം വകുപ്പിന്റെ നിർദേശം. വനമേഖലയിൽ വാഹനം നിർത്തി പുറത്തിറങ്ങി നിൽക്കെരുതെന്നും നിർദേശമുണ്ട്. ഹാരിസൺ മലയാളം പ്ലാന്റേഷന്റെ ളാഹ തോട്ടത്തിൽ 2 മാസം മുൻപ് പുലിയിറങ്ങിയിരുന്നു. ലയത്തിലെ താമസക്കാരുടെ പശുക്കിടാവിനെ പിടിച്ചു കൊണ്ടു പോയിരുന്നു.