പൊൻകുന്നത്ത് ട്രാഫിക് സിഗ്നൽ ലൈറ്റ് തകരാറിലായി; ഗതാഗത നിയന്ത്രണം താറുമാറായി.

പൊൻകുന്നത്ത് ട്രാഫിക് സിഗ്നൽ ലൈറ്റ് തകരാറിലായി;  ഗതാഗത നിയന്ത്രണം താറുമാറായി.

പൊൻകുന്നം: ദേശീയപാതയും സംസ്ഥാനപാതയും സംഗമിക്കുന്ന പൊൻകുന്നത്ത് ട്രാഫിക് സിഗ്നൽ സംവിധാനം തകരാറിലായി. ഇന്നലെ രാവിലെ മുതൽ ലൈറ്റ് തെളിയാതായതോടെ തീർഥാടക വാഹനങ്ങളുടെ തിരക്കിനിടയിൽ ഗതാഗത നിയന്ത്രണം താറുമാറായി. രണ്ടുപാതകളിലുമെത്തുന്ന വാഹനങ്ങൾ തോന്നുംപോലെ കടന്നുപോകാൻ ശ്രമിക്കുമ്പോൾ അപകട സാധ്യതയേറുകയാണ്. ഇന്നലെ ശബരിമല തീർഥാടകരുടെ വാഹനത്തിരക്കേറെയായിരുന്നു. ഇന്നും തീർഥാടക വാഹനങ്ങൾ ഏറെയുണ്ടാവും.

ഇതിനിടയിൽ ലൈറ്റ് തകരാറിലായത് ഡ്രൈവർമാരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. പതിവ് യാത്രക്കാർ സിഗ്നൽ തെളിയുന്നതിനായി കാത്തുകിടക്കുന്നുമുണ്ട്. ഇതിനിടെ മറ്റ് വാഹനങ്ങൾ കടന്നുപോകുമ്പോൾ അവരും ഒപ്പം കടന്നുപോകാൻ തിരക്കുകൂട്ടുമ്പോൾ അപകടത്തിനിടയുണ്ട്.

ദേശീയപാതയിൽ രണ്ടുവരിയിലും പി.പി.റോഡിൽ മൂന്നുവരിയിലും റോഡുള്ള ജങ്ഷനിലാണ് ആശയക്കുഴപ്പത്തോടെയുള്ള ഡ്രൈവിങ്. കെൽട്രോണിന്റെ സാങ്കേതിക വിദ്യയിൽ ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന ട്രാഫിക് ലൈറ്റാണ് ഘടിപ്പിച്ചിരുന്നത്.