മുണ്ടക്കയം മാങ്ങാപ്പേട്ടയില്‍ വന്‍ ഉരുള്‍പൊട്ടല്‍: ഒരു പ്രദേശം ഒലിച്ചു പോയി, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഒരു കുടുംബം

മുണ്ടക്കയം മാങ്ങാപ്പേട്ടയില്‍ വന്‍ ഉരുള്‍പൊട്ടല്‍: ഒരു പ്രദേശം ഒലിച്ചു പോയി, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഒരു കുടുംബം


മുണ്ടക്കയം മാങ്ങാപ്പേട്ടയില്‍ വന്‍ ഉരുള്‍പൊട്ടല്‍. കനത്ത മഴയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു പ്രദേശമാണ് ഒലിച്ചുപോയത്. ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് മലമുകളില്‍ നിന്ന് കാതടപ്പിക്കുന്ന ശബ്ദത്തോടെ മലയിടിഞ്ഞ് താഴെയെത്തിയത്. ആളപായമില്ല. ആള്‍താമസം കുറവായ പ്രദേശമായതിനാലാണ് വന്‍ അപകടം വഴിമാറിയത്. കുന്നിനു താഴെ താമസിച്ചിരുന്ന നാലുപേരടങ്ങിയ കുടുംബം ഉരുള്‍പൊട്ടലില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

മലയോര ഗ്രാമമായ മാങ്ങാപ്പേട്ടയില്‍ ജനവാസ പ്രദേശത്തിനു മുകളില്‍ നിന്നാണ് മലയിടിഞ്ഞെത്തിയത്. മേനോത്ത് വീട്ടില്‍ സുശീലന്റെ പറമ്പിനു മുകളില്‍ നിന്നാണ് ഉരുള്‍പൊട്ടിയത്. കൂറ്റന്‍ കല്ലുകളും മരങ്ങളും വെള്ളപ്പാച്ചിലിനൊപ്പം താഴേയ്‌ക്കെത്തുകയായിരുന്നു. ഈ കുടുംബത്തിന്റെ വീടിന്റെ പിറകിനോടു ചേര്‍ന്നാണ് ഉരുള്‍പൊട്ടി താഴെ റോഡിലെത്തിയത്. കുഴിമാവ്-പശ്ചിമ റോഡിനു താഴെ നിന്നാണ് ഉരുള്‍പൊട്ടലുണ്ടായത്. റബര്‍തോട്ടത്തിനു നടുവിലൂടെയാണ് ഉരുള്‍പൊട്ടി കുന്നിനു താഴെയുള്ള റോഡിലെത്തിയത്. ഇതോടെ കുഴിമാവ്-പുഞ്ചവയല്‍ റോഡിലൂടെയുള്ള ഗതാഗതം നിലച്ചു.

ഏക്കറുകളോളം വരുന്ന പ്രദേശമാണ് ഒലിച്ചുപോയത്. റബര്‍, കാപ്പി, കൊക്കോ, കുരുമുളക് എന്നീ കൃഷികളടങ്ങിയ തോട്ടമാണ് ഉരുള്‍കൊണ്ടുപോയത്. കാതടിപ്പിക്കുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഇറങ്ങിനോക്കിയപ്പോഴേയ്ക്കും ഉരുള്‍പൊട്ടി താഴെ എത്തിയിരുന്നു. വീടിനോട് ചേര്‍ന്നുള്ള മിഷന്‍ പുര, പുകപ്പുര എന്നിവയ്ക്ക് പിറകിലൂടെയാണ് ഉരുള്‍പൊട്ടിയെത്തിയത്. വീട്ടുമിറ്റം നിറയെ ചെളി മൂടിയ നിലയിലാണ്. പ്രദേശത്ത് പുലര്‍ച്ചെ മുതല്‍ കനത്ത മഴയാണ്. ഈ പ്രദേശത്ത് ജനവാസം കുറവാണ്. ശബരിമല വനത്തോട് ചേര്‍ന്ന് കിടക്കുന്ന വനപ്രദേശമാണ് മാങ്ങാപ്പേട്ടയുടെ ഒരു ഭാഗം.