ബിഎസ്എൻഎൽ കെട്ടിടത്തിനു ഭീഷണിയായി പൊലീസ് സ്റ്റേഷൻ വളപ്പിലെ വാകമരം

കാഞ്ഞിരപ്പള്ളി ∙ പൊലീസ് സ്റ്റേഷൻ വളപ്പിലെ വാകമരം സമീപത്തെ ബിഎസ്എൻഎൽ ഓഫിസ് കെട്ടിടത്തിന് അപകട ഭീഷണി ഉയർത്തുന്നതായി പരാതി. പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്ന പഴയ താലൂക്ക് ഓഫിസ് വളപ്പിലെ വാകമരമാണ് തൊട്ടടുത്ത് പ്രവർത്തിക്കുന്ന ബിഎസ്എൻഎൽ ഓഫിസിനു ഭീഷണിയായിരിക്കുന്നത്.

വാകമരത്തിന്റെ വേരുകൾ മണ്ണിലൂടെ പടർന്ന് ഓഫിസ് കെട്ടിടത്തിന്റെ സംരക്ഷണ ഭിത്തി പൊളിച്ച് പുറത്തു ചാടിയ നിലയിലാണ്. വാകമരം വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് ഓഫിസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആരോപണമുണ്ട്. മരത്തിന്റെ ചുവട്ടിലെ മണ്ണ് ഇളകി മാറി, ഏതു സമയവും നിലംപതിക്കാവുന്ന സ്ഥിതിയിലാണ്. മരം വെട്ടിമാറ്റിയില്ലെങ്കിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് ബിഎസ്എൻഎൽ കാഷ്വൽ മസ്ദൂർ സംഘ് ജില്ലാ സെക്രട്ടറി ജയപ്രകാശ് വടകര അറിയിച്ചു.