വീണ്ടും വാനില വസന്തം ..സംസ്കരിച്ച വാനിലയ്ക്ക് കിലോയ്ക്ക് മുപ്പതിനായിരം രൂപയുടെ മുകളിൽ..

വീണ്ടും വാനില വസന്തം ..സംസ്കരിച്ച വാനിലയ്ക്ക് കിലോയ്ക്ക് മുപ്പതിനായിരം രൂപയുടെ മുകളിൽ..

കാഞ്ഞിരപ്പള്ളി : കുറെ വർഷങ്ങൾക്കു മുൻപ്, വാനിലയുടെ വില അപ്രതീക്ഷിതമായി വാണം പോലെ കുതിച്ചു കയറിയപ്പോൾ, നാട്ടിൽ ഏറെപ്പേർ റബ്ബർ മരങ്ങൾ വെട്ടിമാറ്റി വാനില കൃഷി ചെയ്തിരുന്നു. രാത്രിയിൽ കള്ളന്മാർ വാനില മോഷ്ട്ടിക്കാതിരിക്കുവാൻ പലരും വാനില തോട്ടങ്ങൾക്കു കാവൽ കിടന്നു. തോട്ടത്തിനു ചുറ്റും കമ്പിവേലി ചുറ്റി അതിൽ കൂടി കറന്റ് കയറ്റിവിട്ട സംഭവം വരെയുണ്ടായി.

എന്നാൽ വെളിവെടുപ്പിന്റെ സമയമായപ്പോൾ വാനിലയുടെ അതിപ്രസരം മൂലം വില കുത്തനെ ഇടിയുകയായിരുന്നു. അതോടെ ധാരാളം പേരുടെ സ്വപനങ്ങളും തവിടുപൊടിയായായിപോയിരുന്നു. പ്രതീക്ഷിച്ചതിന്റെ അഞ്ചിലൊന്നുപോലും വില പലർക്കും കിട്ടിയില്ല.

അഞ്ചു വർഷം മുൻപു കിലോഗ്രാമിന് അഞ്ഞൂറ് രൂപ വരെ വിലയായതോടെ വനില കൃഷി ചെയ്തിരുന്നവരെല്ലാം കൃഷി ഉപേക്ഷിച്ചു. പിന്നീട് ദീർഘനാളത്തെ വിലക്കുറവും അവഗണനയും മൂലം വനില കൃഷി ചെയ്ത ഭൂരിഭാഗം കർഷകരും ഓമനിച്ചു വളർത്തിയ വാനില തോട്ടങ്ങൾ വെട്ടിക്കളഞ്ഞു മറ്റു കൃഷികളിലേക്കു ചുവട് മാറ്റിയിരുന്നു. അന്നുമുതൽ വാനിലയെ ചതിക്കുന്ന വിളയായാണ് പലരും കണ്ടിരുന്നത്.

എന്നാൽ വീണ്ടും കർഷകരെ പ്രോലോഭിപ്പിച്ചുകൊണ്ടു വാനിലയുടെ വില കുത്തനെ ഉയർന്നിരിക്കുന്നു .. സംസ്കരിച്ച വാനിലയ്ക്ക് കിലോയ്ക്ക് മുപ്പതിനായിരം രൂപയുടെ മുകളിൽ ആണ് ഇപ്പോഴത്തെ വില. പതിനഞ്ചു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ് വീണ്ടും വനിലയ്ക്കു കൈവന്നിരിക്കുന്നത്. അതോടെ വനില കൃഷി തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് ചില കർഷകരെങ്കിലും. പക്ഷേ മാറിയ കാലാവസ്ഥയും പല വിധ രോഗങ്ങളും മൂലം വനില വള്ളികൾക്ക് പഴയ്ത്പോലെ വേരുപിടിപ്പിക്കാൻ കഴിയുന്നില്ലെന്നാണ് കർഷകർ പറയുന്നത്.ദിവസങ്ങൾ നീണ്ട പ്രക്രിയയിലൂടെയാണു വനില സംസ്കരിച്ചെടുക്കുന്നത്.

വനില ഉൽപാദനത്തിൽ മുന്നിൽ നിന്നിരുന്ന മഡഗാസ്കറിൽ കൊടുങ്കാറ്റും കൃഷിനാശവുമുണ്ടായതാണ് ഇത്തവണ വില വാനോളമുയരാൻ കാരണമായത്. വരും വർഷങ്ങളിൽ കാലാവസ്ഥ തുണച്ചാൽ നാലു വർഷത്തിനകം മഡഗാസ്കർ വിപണി തിരിച്ചു പിടിക്കുമെന്നാണു വനില കയറ്റുമതി രംഗത്തു പ്രവർത്തിക്കുന്നവർ പറയുന്നത്. അങ്ങനെയെങ്കിൽ ഇപ്പോഴത്തെ വില അധികനാൾ നിലനിൽക്കാൻ സാധ്യതയില്ല.

എങ്കിലും റബ്ബർ വില തകർന്നു തരിപ്പണമായി നിൽക്കുന്ന ഈ സമയത്തു, വാനിലകൃഷിയിലൂടെ വീണ്ടും ഭാഗ്യപരീക്ഷണം നടത്തുന്നതിൽ തെറ്റില്ല എന്നാണ് പലരും കരുതുന്നത്.

പിന്നെയും വാനിലാ വസന്തം…സംസ്കരിച്ച വാനിലായ്ക്ക് കിലോയ്ക്ക് മുപ്പതിനായിരം രൂപയുടെ മുകളിൽ..