കാഞ്ഞിരപ്പള്ളിയിൽ നടന്ന വനിതാ അദാലത്തിൽ പരാതികളുടെ പ്രളയം

കാഞ്ഞിരപ്പള്ളിയിൽ നടന്ന വനിതാ അദാലത്തിൽ  പരാതികളുടെ പ്രളയം

കാഞ്ഞിരപ്പള്ളി : ഇന്നലെ കാഞ്ഞിരപ്പള്ളിയിൽ നടന്ന വനിതാ അദാലത്തിൽ പരാതികളുടെ പ്രളയം. കാഞ്ഞിരപ്പള്ളി ടൗൺ ഹാളിൽ സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഡോ. ജെ.പ്രമീളാദേവിയുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ അദാലത്തിൽ 79 പരാതികളാണു പരിഗണിച്ചത്.

ഇതിൽ 38 പരാതികൾ തീർപ്പാക്കി. 11 കേസുകൾ അന്വേഷണത്തിനായി പൊലീസിനു കൈമാറി. ആറു പരാതികളിൽ ഇരുകക്ഷികളെയും കൗൺസലിങ്ങിനു വിധേയരാക്കാൻ നിർദേശം നൽകി.

പത്താം ക്ലാസിൽ പഠിച്ചിരുന്ന പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ എടുത്തു ഫോണിൽ സൂക്ഷിച്ച ഇരുപതുകാരനായ കാമുകൻ, ഇവ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയതോടെ മകൾ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് ആരോപിച്ചു വൈക്കത്തു നിന്നും അധ്യാപികയായ അമ്മ എത്തിയപ്പോൾ അത് വികാരഭരിതമായ രംഗങൾക്ക് സാക്ഷ്യം വഹിച്ചു. 14 വയസ്സുകാരിയായ മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ യുവാവിന് അർഹിക്കുന്ന ശിക്ഷ നൽകണമെന്നായിരുന്നു അവരുടെ ആവശ്യം.

രണ്ടു മാസം മുൻപാണു സംഭവം. സ്കൂളിനു സമീപത്തെ കടയിൽ ജോലി ചെയ്തിരുന്ന ചെറുപ്പക്കാരനുമായി പെൺകുട്ടി പ്രണയത്തിലാകുകയായിരുന്നു. പിന്നീട് ഇയാൾ പെൺകുട്ടിക്കു വിലകൂടിയ മൊബൈൽ ഫോൺ വാങ്ങി നൽകി.

പെൺകുട്ടിയിൽനിന്നു വീട്ടുകാർ ഫോൺ പിടികൂടുകയായിരുന്നു. തുടർന്നു വീടിനുള്ളിൽ പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണു വനിതാ കമ്മിഷനു ലഭിച്ച പരാതി. തന്റെ മകൾക്കു സംഭവിച്ചതു മറ്റാർക്കും ഉണ്ടാകരുതന്നും അതിനാൽ പ്രതിയായ യുവാവിന് അർഹിക്കുന്ന ശിക്ഷ നൽകണമെന്നായിരുന്നു അവരുടെ ആവശ്യം.

തന്നോട് അപമര്യാദയായി പെരുമാറിയ മേലുദ്യോഗസ്ഥൻ പരസ്യമായി ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഓഫിസ് ജീവനക്കാരി എത്തി. സഹപ്രവർത്തകരുടെ മുന്നിൽ തന്നെ അപമാനിച്ച ഉദ്യോഗസ്ഥൻ, ഇതിനു പരിഹാരമായി ഓഫിസ് ജീവനക്കാരുടെ മുന്നിൽ പരസ്യമായി മാപ്പുപറയണമെന്നായിരുന്നു യുവതിയായ ജീവനക്കാരിയുടെ ആവശ്യം.

എന്നാൽ, വനിതാ കമ്മിഷൻ അദാലത്തിൽ ക്ഷമചോദിച്ച് ഉദ്യോഗസ്ഥൻ തലയൂരി.

ഇന്നലെ നടന്ന വനിതാ കമ്മിഷൻ അദാലത്തിൽ എത്തിയത് ഇത്തരത്തിൽ എഴുപതിലേറെ പരാതികൾ. പലതിനും അവിടെ വച്ച് തന്നെ തീരുമാനം ഉണ്ടാക്കി.

വസ്തു സംബന്ധമായ തർക്കങ്ങളുമായി എത്തിയ നാലു പരാതികൾ ആർഡിഒയ്ക്കു കൈമാറിയിട്ടുണ്ട്. 18 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കുമെന്നും ഡോ. ജെ.പ്രമീളാദേവി അറിയിച്ചു.