പച്ചക്കറി വില കുതിക്കുന്നു .. കാരണം തമിഴിനാട്ടിലെ കനത്ത മഴ ..

പച്ചക്കറി വില കുതിക്കുന്നു .. കാരണം തമിഴിനാട്ടിലെ കനത്ത മഴ ..

കാഞ്ഞിരപ്പള്ളി : വീട്ടമ്മമാരുടെ അടുക്കള ബഡ്ജറ്റിന്റെ താളം തെറ്റിച്ചുകൊണ്ട് പച്ചക്കറിക്കു പൊള്ളുന്ന വില.. പച്ചക്കറിക്കു വില കൂടാൻ പല കാരണങ്ങളാണു കച്ചവടക്കാർ പറയുന്നത്. തമിഴ്നാട്ടിൽ മഴക്കെടുതിയോ മഴക്കൂടുതലോ ഉണ്ടായാൽ അതിന്റെ ഫലം കാഞ്ഞിരപ്പള്ളിക്കാരുടെ അടുക്കളയിൽ അറിയാം.

പൊള്ളാച്ചി, കമ്പം, തേനി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണു പച്ചക്കറിയുടെ വരവ്. പച്ചക്കറികൾക്കു മാത്രമല്ല, പഴവർഗങ്ങൾക്കും വൻവിലക്കയറ്റമാണ്. തക്കാളി, മുരിങ്ങക്ക, ചുവന്നുള്ളി, കൂർക്ക, ബീൻസ്, വെണ്ടയ്ക്ക തുടങ്ങി എല്ലാറ്റിനും ഇപ്പോൾ തൊട്ടാൽ പൊള്ളുന്ന വിലയാണ്.

മിക്കയിനങ്ങൾക്കും 15 മുതൽ 20 രൂപ വരെ കൂടി. മാർക്കറ്റിൽ ഒരു കിലോ തക്കാളിക്ക് 80 രൂപയാണു വില. സവാളയ്ക്കും ഉരുളക്കിഴങ്ങിനും അൽപം ആശ്വാസം ഉണ്ട്. ഇവയ്ക്കു യഥാക്രമം പതിനഞ്ചും ഇരുപത്തിയഞ്ചുമാണു വില. ബീൻസ്, പാവയ്ക്ക, വെണ്ടയ്ക്ക, വെള്ളരിക്ക എന്നിവയുടെ വില 40 രൂപയിലെത്തി. ഇതേസമയം മുരിങ്ങക്കയ്ക്ക് 80 രൂപയുമായി. നാട്ടിൽ നിന്നു ധാരാളമായി ലഭിച്ചിരുന്ന ചേനയുടെ വരവും കുറഞ്ഞു. ഇതോടെ ചേനയുടെ വില അറുപതിൽ എത്തിനിൽക്കുകയാണ്. പടവലത്തിന് 50 ആയി. വള്ളിപ്പയർ, കുറ്റിപ്പയർ, കൂർക്ക, കാബേജ്, കോളി ഫ്ലവർ, ബീറ്റ്റൂട്ട്, കാരറ്റ് തുടങ്ങിയവയ്ക്കും വില കൂടി.

കനത്ത മഴ കാരണം തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില മൊത്തവില വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നില്ലെന്നാണു വ്യാപാരികൾ പറയുന്നത്. പച്ചക്കറിയുമായി എത്താറുള്ള ലോഡുകൾ വളരെ കുറഞ്ഞു. . എന്നാൽ മഴയുടെ ശക്തി കുറയുമ്പോൾ കൂടുതൽ ലോഡ് എത്താൻ തുടങ്ങുമെന്നും വ്യാപാരികൾ പറഞ്ഞു. അതോടെ വിലയിൽ മാറ്റം വരും. തമിഴ്നാട്ടിലെ കോയമ്പത്തൂർ, സത്യമംഗലം, ഒട്ടംഛത്രം എന്നീ സ്ഥലങ്ങളിൽ തുടരുന്ന മഴ കാരണം തൊഴിലാളികൾക്കു വിളവെടുക്കാൻ പോലും സാധിക്കുന്നില്ലെന്നതാണു വില കൂടാൻ മറ്റൊരു കാരണമായി കച്ചവടക്കാർ പറയുന്നത്.