കാഞ്ഞിരപ്പള്ളിയിൽ നിന്നും വെള്ളിമൂങ്ങയെ പിടികൂടി; അനധികൃത മാർക്കറ്റിൽ ലക്ഷങ്ങൾ വിലവരും

കാഞ്ഞിരപ്പള്ളിയിൽ നിന്നും വെള്ളിമൂങ്ങയെ പിടികൂടി; അനധികൃത മാർക്കറ്റിൽ ലക്ഷങ്ങൾ വിലവരും

കാഞ്ഞിരപ്പള്ളി∙ കടയ്ക്കുള്ളിൽ കുടുങ്ങിയ വെള്ളിമൂങ്ങയെ പൊലീസെത്തി പിടികൂടി വനം വകുപ്പിനു കൈമാറി.
ഇന്നലെ രാവിലെ പേട്ടക്കവലയിലുള്ള മൊബൈൽ ഫോൺ കടയ്ക്കുള്ളിലാണ് വെള്ളിമൂങ്ങയെ കണ്ടത്. വെള്ളി മൂങ്ങയെ കാണാൻ ഒട്ടേറെ പേർ കടയിലെത്തി കൗതുകം പങ്കിട്ടു.

വിവരമറിഞ്ഞെത്തിയ എസ്ഐ എ.എസ് അൻസിലിന്റെ നേതൃത്വത്തിൽ പൊലീസ് വെള്ളിമൂങ്ങയെ പിടികൂടി കൂടിനുള്ളിലാക്കി വനം വകുപ്പിനു കൈമാറി.

1972ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ നാലാം ഷെഡ്യൂളില്‍ വെള്ളിമൂങ്ങയെ ഉള്‍‌പ്പെടുത്തിയിട്ടുള്ളതിനാല്‍ ഇവയെ കൈവശം വയ്ക്കുന്നതും കൊല്ലുന്നതും കൈമാറുന്നതുമൊക്കെ കുറ്റകരമാണ്. എന്നാല്‍ വന്യമൃഗ മാഫിയകള്‍ കടത്തിക്കൊണ്ടു പോകുന്ന ജീവികളുടെ കൂട്ടത്തില്‍ വെള്ളിമൂങ്ങ ഒരു പ്രധാന താരമാണ് .

യൂറോപ്പിലും അറേബ്യന്‍ രാജ്യങ്ങളിലും വെള്ളിമൂങ്ങയ്ക്ക് വന്‍ ഡിമാന്‍ഡാണ്. ഒരുലക്ഷം രൂപ മുതല്‍ മുകളിലേക്കാണ് വെള്ളിമൂങ്ങയുടെ വില. വലുപ്പത്തിനനുസരിച്ച് വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകും. നല്ല തൂക്കമുള്ള ഒരു വെള്ളിമൂങ്ങയ്ക്ക് പത്തുലക്ഷം രൂപ വരെ കിട്ടിയ ചരിത്രമുണ്ടെത്രെ.

വെള്ളിമൂങ്ങയുടെ പ്രത്യേകത ഹൃദയാകൃതിയിലുള്ള പ്രണയചിഹ്നം പോലെയുള്ള മുഖമാണ് . ജീവിതകാലത്ത് ഒരു ഇണയെ മാത്രമേ വെള്ളിമൂങ്ങ സ്വീകരിക്കുകയുള്ളൂ .അതുകൊണ്ടാണ് ഐശ്വര്യമുള്ള ദാമ്പത്യം ഉണ്ടാവാന്‍ വെള്ളിമൂങ്ങയെ വീട്ടില്‍ സൂക്ഷിച്ചാല്‍ മതി എന്ന് പലരും വിശ്വസിക്കുന്നു .

ആരോഗ്യരംഗത്തെ അന്ധവിശ്വാസങ്ങളില്‍ ഒന്ന് വെള്ളിമൂങ്ങയുടെ ഔഷധഗുണത്തെ പറ്റിയാണ്. ലൈംഗികാരോഗ്യം മെച്ചപ്പെടുത്താനും കുഷ്ഠം തുടങ്ങിയ മാറാരോഗങ്ങള്‍ ഭേദപ്പെടുത്താനും വെള്ളിമൂങ്ങയുടെ മാംസം കഴിച്ചാല്‍ മതിയെന്ന് പലരും വിശ്വസിക്കുന്നു. വെള്ളിമൂങ്ങയുടെ കണ്ണില്‍ നിന്നുവരുന്ന രശ്മികള്‍ വെറുതെയൊന്ന് ഏറ്റാല്‍ മതി ഏതു മാറാരോഗവും മാറും എന്ന് വിശ്വസിപ്പിച്ച്, ‘രശ്മിയേല്‍‌പ്പിച്ച്’ പണം പിടുങ്ങുന്ന വ്യാജസിദ്ധന്മാരും ഉണ്ട്.

വെള്ളിമൂങ്ങകളുടെ കരച്ചിൽ മനുഷ്യന് വളരെ അരോചകമാണ്. അതിനാൽ തന്നെ പ്രേതങ്ങളുമായി ബന്ധപ്പെടുത്തി വെള്ളിമൂങ്ങകളെക്കുറിച്ചു നിരവധി കഥകള്‍ ഇന്നും ലോകത്ത് നിലനില്‍ക്കുന്നു.. സാത്താൻ സേവ നടത്തുന്നവരും വെള്ളിമൂങ്ങകളെ ഉപയോഗപ്പെടുത്താറുണ്ടെന്നു പറയപ്പെടുന്നു. ഹരിപോർട്ടർ മുതലായ അന്ധവിശ്വാസ സിനിമകളിൽ വെള്ളിമൂങ്ങകളെ ആഭിചാരത്തിനായി ഉപയോഗപ്പെടുത്തുന്നതായി കാണിച്ചതോടെ വെള്ളിമൂങ്ങക്ക് വിദേശരാജ്യങ്ങളിൽ പ്രിയമേറിയിരുന്നു.