എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജിന്റെ മണ്ഡലപര്യടനം പ്രവർത്തകരെ ആവേശത്തിലാക്കി..

എൽഡിഎഫ് സ്ഥാനാർഥി  വീണാ ജോർജിന്റെ  മണ്ഡലപര്യടനം പ്രവർത്തകരെ ആവേശത്തിലാക്കി..

കാഞ്ഞിരപ്പള്ളി : മറ്റു പാർട്ടികൾ പത്തനംതിട്ട ലോക‌്സഭാ മണ്ഡലത്തിലെ സ്ഥാർത്ഥികൾ ആരെന്നു തീരുമാനിക്കുവാൻ തിരക്കിട്ടു ചർച്ചകൾ നടത്തുമ്പോൾ , എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജ് മണ്ഡലത്തിലെ ആദ്യ പര്യടനം പൂർത്തിയാക്കുന്ന തിരക്കിലാണ്. വോട്ടർമാരെ നേരിൽകണ്ടും വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചും പ്രചാരണത്തിന‌് ഊർജം പകർന്ന് വീണാ ജോർജ് നടത്തുന്ന സന്ദർശനം പ്രവർത്തകർക്കു ആവേശം പകർന്നു. അവർ പങ്കെടുത്ത കാഞ്ഞിരപ്പള്ളിയിലെയും പൊൻകുന്നത്തയും റോഡ് ഷോയിൽ നൂറുകണക്കിന് പ്രവർത്തകർ ആവേശത്തോടെ പങ്കെടുത്തു.

കോട്ടയം -പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശങ്ങളായ മൂലക്കയം, കണമല, എയ്ഞ്ചൽവാലി, മുക്കൂട്ടുതറ ടൗൺ, മുട്ടപ്പള്ളി എന്നിവിടങ്ങളിലായിരുന്നു രാവിലത്തെ പര്യടനം. വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർഥിച്ചു. ഇരുമ്പൂന്നിക്കരയിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും സ്ഥാനാർഥി ഉദ‌്ഘാടനംചെയ്തു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ തങ്കമ്മ ജോർജുകുട്ടി, സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയംഗം കെ സി ജോർജുകുട്ടി, മുക്കൂട്ടുതറ ലോക്കൽ സെക്രട്ടറി എം വി ഗിരീഷ് കുമാർ എന്നിവരും സ്ഥാനാർഥിയോടൊപ്പമുണ്ടായിരുന്നു.

ഉച്ചയോടെ എരുമേലിയിലെത്തിയ സ്ഥാനാർഥിയെ എരുമേലി പഞ്ചായത്ത് പ്രസിഡന്റ‌് ടി എസ് കൃഷ്ണകുമാർ, സിപിഐ എം എരുമേലി ലോക്കൽ സെക്രട്ടറി പി കെ ബാബു, മഹല്ലാ മുസ്ലീം ജമാഅത്ത് കമ്മിറ്റിയംഗം പി എ ഇർഷാദ് എന്നിവർ ചേർന്ന് സ്വീകരിച്ചു. എരുമേലി പഞ്ചായത്ത് ഓഫീസ്, സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. കാഞ്ഞിരപ്പള്ളി ബിഷപ‌് മാർ മാത്യു അറയ്ക്കലിന്റെ എരുമേലി നേർച്ചപ്പാറ റോഡിലുള്ള തറവാട്, എരുമേലി നൈനാർ പള്ളി, വലിയമ്പലം എന്നിവിടങ്ങളിലും സന്ദർശനം നടത്തി. ചരളയിലുള്ള മലയിൽ സൈനുല്ലാബുദീന്റെ വീട്ടിൽ നടന്ന മലയിൽ കുടുംബസംഗമത്തിലും പങ്കെടുത്തു.

തുടർന്ന് മുണ്ടക്കയം സിഎസ്ഐ ഹാളിൽ നടന്ന എൽഡിഎഫ് പൂഞ്ഞാർ നിയോജകമണ്ഡലം കൺവൻഷനിലും കാഞ്ഞിരപ്പള്ളി ടൗൺ ഹാളിൽ നടന്ന കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കൺവൻഷനിലും പങ്കാളിയായി. തുടർന്ന് കാഞ്ഞിരപ്പള്ളിയിലും പൊൻകുന്നത്തും റോഡ‌്ഷോയിലും പങ്കെടുത്തു.

LINKS