എന്തുകൊണ്ട് ഈ വർഷം വിഷു മേടം രണ്ടിന്?

വിഷുവിന്റെ വരവറിയിച്ചുകൊണ്ട് കൊന്നമരങ്ങളൊക്കെ പൂത്തുലഞ്ഞ് നിൽക്കാൻ തുടങ്ങി. വിഷുപക്ഷിയുടെ നാദം ഇടയ്ക്കിടെ കേൾക്കാം. ചക്കയും മാങ്ങയും മറ്റ് അനേകം കാർഷിക വിഭവങ്ങളും ആഘോഷത്തിന് മാധുര്യം വർദ്ധിപ്പിക്കാൻ എന്നോണം തയാറായി നിൽക്കുന്നു. കടുത്ത ചൂടിനെ തണുപ്പിക്കാനായി പൊട്ടുവെള്ളരിയും തണ്ണിമത്തനും വിളഞ്ഞു കിടക്കുന്നു.

മേടം ഒന്ന് ഏപ്രിൽ 14ന്; എന്തുകൊണ്ട് വിഷു 15ന്?

ഇക്കൊല്ലം ഏപ്രിൽ 14നാണു മേടമാസപ്പിറവി. പക്ഷേ, വിഷു ഏപ്രിൽ 15നും. എന്തുകൊണ്ടിങ്ങനെ? ആകാശവീഥിയെ 12 ഭാഗങ്ങളാക്കിയതിൽ ഓരോ ഭാഗത്തെയാണു രാശി എന്നു പറയുന്നത്. സൂര്യൻ മീനം രാശിഭാഗത്തു നിന്നു മേടം രാശിഭാഗത്തേക്കു കടക്കുന്നതാണു മേടസംക്രമം.

മേടസംക്രമത്തിനു ശേഷം വരുന്ന സൂര്യോദയവേളയിലാണു കണി കാണേണ്ടത്. അതുകൊണ്ട് മേടം ഒന്നിന് സൂര്യോദയത്തിനു ശേഷമാണു സംക്രമം വരുന്നതെങ്കിൽ പിറ്റേന്നാണു വിഷു ആചരിക്കുന്നത്.

ഇത്തവണ നിരയനരീതിയനുസരിച്ചുള്ള മേടസംക്രമം വരുന്നത് ഏപ്രിൽ 14നു രാവിലെ 8 മണി 13 മിനിറ്റിനാണ്. അങ്ങനെയാണ് ഇക്കൊല്ലത്തെ വിഷു മേടം രണ്ടിന് (ഏപ്രിൽ 15ന്) ആയത്.

രാവും പകലും തുല്യമായി വരുന്ന ദിവസമാണ് യഥാർത്ഥ വിഷു. നാം ഇപ്പോൾ സൗകര്യാർത്ഥം ഭാരതീയ കലണ്ടർ പ്രകാരമുള്ള പുതുവർഷാഘോഷമായ മേടം ഒന്നിനോട് ചേർന്നാണ് വിഷു ആഘോഷിക്കുന്നത്. രാവും പകലും തുല്യമായ ദിനം മീനമാസത്തിൽ എട്ടാം തിയതിയാണ്. പുതുവർഷാരംഭത്തിൽ ആദ്യം കാണുന്ന കണി അനുസരിച്ച് ആയിരിക്കും ഒരു വർഷത്തെ ഫലങ്ങൾ എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഭഗവാൻ ശ്രീകൃഷ്ണന്റെ വിഗ്രഹത്തോടൊപ്പം, കാർഷിക വിഭവങ്ങളും സ്വർണ്ണവും ഗ്രന്ഥവും നിലവിളക്കും പട്ടും കണിക്കൊന്നയും ഒക്കെ ഒരുക്കി നിലവിളക്ക് കത്തിച്ച് കണി കാണുന്നത്. വിവിധതരം പായസങ്ങൾ ഉൾപ്പെടെയുള്ള സദ്യയാണ് ഉച്ചയ്ക്ക്. പണ്ട് വിഷുക്കഞ്ഞി എന്നൊരു വിഭവം പതിവായിരുന്നു. മത്സ്യമാംസാദികൾ കഴിക്കുന്നവർ വിഷുവിന് ആട്ടിറച്ചിയോ കോഴിക്കറിയോ ഒക്കെ സദ്യയിൽ ഉൾപ്പെടുത്താറും ഉണ്ട്.

ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് വിഷുക്കൈനീട്ടം നൽകുന്നത് വിഷുക്കണി കഴിഞ്ഞ ഉടനെ തന്നെ ആണ്. കൈനീട്ടം ലഭിക്കുന്നവർക്കും നൽകുന്നവർക്കും ഐശ്വര്യം ഉണ്ടാകും എന്നാണ് വിശ്വാസം.

വിഷുദിനം വരുന്ന ആഴ്ച, പക്കം, തിഥി, കരണം, ഗ്രഹസ്ഥിതി എന്നിവ കണക്കാക്കിയാണ് വിഷുഫലം പറയുന്നത്. വിഷുദിനം മുതൽ അടുത്ത വിഷു വരെ ഉള്ള ഫലമാണത്.

വിഷുവിന്റെ തലേദിവസം മുതൽ വെടിമരുന്നുകൾ ഉപയോഗിച്ചു തുടങ്ങും. വിഷുവിന്റന്ന് രാത്രിയിലും അത് തുടരും. എത്ര വിഷു ആഘോഷിച്ചാലും മതി വരില്ല. കുട്ടിക്കാലത്തെ പല ഓർമ്മകളും വീണ്ടും വരികയായി ഈ വിഷുവിനൊപ്പം.