പ്രിയപ്പെട്ട വായനക്കാർക്ക് വിഷു ആശംസകൾ

പ്രിയപ്പെട്ട വായനക്കാർക്ക്  വിഷു ആശംസകൾ

ഐശ്യര്യത്തിന്റെയും സമൃദ്ധിയുടെയും നന്മയുടെയും നാളുകളിലേക്ക് കണിയൊരുക്കവുമായി വിഷുവെത്തി; പ്രിയപ്പെട്ട വായനക്കാർക്ക് കാഞ്ഞിരപ്പള്ളി ന്യൂസിന്റെ വിഷു ആശംസകൾ

കേരളത്തിന്‍റെ കാര്‍ഷികോത്സവമായ വിഷു, കൈനീട്ടവും കണിക്കൊന്നയുമൊക്കെയായി ഓരോ മലയാളിയും ആഘോഷിക്കുന്നു.
തുല്യമായത് എന്ന അര്‍ത്ഥത്തിലാണ് വിഷു എന്ന പദം ഉപയോഗിക്കുന്നത്. മേടസംക്രമം കഴിഞ്ഞുവരുന്ന പുലരിയാണു വിഷുപ്പുലരി. സൂര്യന്‍ മീനരാശിയില്‍നിന്ന് മേടരാശിയിലേക്ക് പ്രവേശിക്കുന്ന ദിവസം. രാവും പകലും തുല്യമാ യിരിക്കുന്ന വര്‍ഷത്തിലെ ഒരേയൊരു ദിവസമാണിത്. ഉത്തരായനത്തില്‍ സൂര്യന്‍ ഭൂമധ്യരേഖയ്ക്കു നേരേ മുകളില്‍ എത്തുന്ന ദിവസമാണ് ജ്യോതിശാ സ്ത്ര ത്തില്‍ ‘വൈഷവം’ എന്നറിയപ്പെടുന്ന വിഷു.

വര്‍ഷത്തിലെ ആദ്യമാസത്തിലെ ആദ്യ ഞാറ്റുവേല കുറിക്കുന്നതും ആദ്യ നക്ഷത്രം ഉദിക്കുന്നതും മേടം ഒന്നിന്നാണ്. മലയാളിക്കു മാത്രമല്ല കൃഷിയുടെ ഈ വര്‍ഷപ്പിറവി. കര്‍ണാടകയിലും ആന്ധ്രയിലും വിഷുവിനു പകരം ഉഗാദിയാണ്. മഹാരാഷ്ട്രക്കാര്‍ക്ക് ഗുഢി പാഡ്വയും. തമിഴ്നാട്ടില്‍ വര്‍ഷപ്പിറപ്പ് എന്നാണ് ഈ ആഘോഷത്തിനു പേര്. അസമിലിത് ബിഹുവാണ്.

വിഷുക്കണി,വിഷുക്കൈനീട്ടം, വിഷുസദ്യ, വിഷുക്കളി എന്നീ ആചാരങ്ങള്‍ വിഷു ആഘോഷത്തെ സമൃദ്ധമാക്കുന്നു. കണികണ്ടുകൊണ്ടാണ് വിഷുപുലരിയിലേക്ക് മലയാളി ഉറക്കമുണരുന്നത്. വിഷുക്കണി കാണുന്നത് ഐശ്വര്യസമ്പന്നമായ ഒരു വര്‍ഷം നല്‍കുമെന്ന വിശ്വാസമാണുള്ളത്. ചിലയിടങ്ങളില്‍ വിഷുവിന് കോടിവാങ്ങലും പതിവുണ്ട്. വിശേഷാല്‍ വിഭവങ്ങളും കൂട്ടി സദ്യ കൂടി പൂര്‍ത്തിയാകുന്നതോടെ ഐശ്വര്യത്തിന്റെ നാളുകള്‍ സമ്മാനിച്ച് ഒരു വിഷു കൂടി മറയുന്നു.

കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ് വിഷുക്കണി ഒരുക്കുവാനും അത് കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വച്ചാണ് വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്. ഐശ്വര്യസമ്പൂർണ്ണമായ അതായത് പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക. ചിലയിടങ്ങളിൽ കുറിക്കൂട്ടും, ഗ്രന്ഥവും, വെള്ളിപ്പണം, ചക്ക, മാങ്ങ മുതലായവയും കണിക്ക് വെയ്ക്കാറുണ്ട്. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ് പറയുന്നത്.

പ്രായമായ സ്ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാന് കിടക്കും. പുലർച്ചെ എഴുന്നേറ്റ് കണികണ്ട്, മറ്റുള്ളവരെ കണികാണിക്കും. ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി പുറകിൽ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ് കണികാണിക്കുന്നത്. കുടുംബാംഗങ്ങൾ എല്ലാവരും കണികണ്ടാൽ പിന്നെ വീടിന്റെ കിഴക്കുവശത്ത് കണികൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു.

മുൻ കാലങ്ങളിൽ വിഷു ആഘോഷം ആരംഭിക്കുന്നത് ഗൃഹനാഥൻ പനസം വെട്ടുന്നതോടെയാണ്. വിഷുവിന് നിർബന്ധമായും ഉപയോഗിക്കുന്ന ഒന്നാണ് വരിക്കച്ചക്ക. വിഷു ദിവസം ചക്കയ്ക്ക് പനസം എന്നു മാത്രമേ പറയാവൂ, വിഷു വിഭവങ്ങളിൽ ചക്ക എരിശ്ശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങൾ ഉണ്ടായിരിക്കും. എരിശ്ശേരിയിൽ ചക്കയുടെ എല്ലാ ഭാഗങ്ങളും ചേർത്തിരിക്കും. ഒരു മുഴുവൻ ചക്കച്ചുള, തൊലിയോട് കൂടിയ ചക്കക്കുരു, ചക്കയുടെ കൂഞ്ഞ്, ചക്ക മടൽ, ചക്കയുടെ ഏറ്റവും പുറത്തേ മുള്ള് എന്നിവയും എരിശ്ശേരിയിൽ ചേർത്തിരിക്കും.

ഉച്ചക്ക് വിഭവസമൃദ്ധമായ സദ്യ. സദ്യയിൽ മാമ്പഴപുളിശ്ശേരി നിർബന്ധം. ചക്ക എരിശ്ശേരിയോ, ചക്കപ്രഥമനോ കാണണം. ഓണസദ്യയിൽ നിന്ന് വിഷുസദ്യക്കുള്ള വ്യത്യാസവും ഇതു തന്നെ. തൊടികളിൽ ചക്കയും മാങ്ങയും നിറഞ്ഞു നിൽക്കുന്ന കാലമായതുകൊണ്ടാവാമിത്. തലേനാൾ സംക്രാന്തിയാണ്. അന്ന് വൈകീട്ട് വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കൾ കത്തിച്ചുകളയുന്നു. വീട് ശുദ്ധിയാക്കുകയും പുതിയ വർഷത്തെ വരവേൽക്കുയും ആണ് ഇതിന്റെ ഉദ്ദേശം. അതോടെ വീടുകളിൽ പടക്കം പൊട്ടിച്ചു തുടങ്ങുകയായി. ഓലപ്പടക്കം, മാലപ്പടക്കം, കമ്പിത്തിരി, പൂത്തിരി, മേശപ്പൂത്തിരി, മത്താപ്പ് തുടങ്ങിയ നിറപ്പകിട്ടാർന്നതുമായ വിഷുപ്പടക്കങ്ങൾ കത്തിക്കുന്നത് പതിവാണ്. ഇത് വിഷുനാളിലും കാലത്ത് കണികണ്ടശേഷവും വൈകീട്ടും തുടരുന്നു.