അന്ധതയെ അതിജീവിച്ചു ആത്മവിശ്വാസത്തോടെ അകക്കണ്ണിനാൽ വിവേക് രാജ് പരീക്ഷ എഴുതുന്നു

അന്ധതയെ അതിജീവിച്ചു ആത്മവിശ്വാസത്തോടെ അകക്കണ്ണിനാൽ വിവേക്  രാജ് പരീക്ഷ എഴുതുന്നു

കാളകെട്ടി ∙ തന്റെ അന്ധത ഒരു പരിമിതിയായി കരുതാതെ ആത്മവിശ്വാസത്തോടെ വിവേക് രാജ് എന്ന കൊച്ചുമിടുക്കൻ തന്റെ അകക്കണ്ണിനാൽ പേടിച്ചു പഠിച്ചു മനസ്സിലാക്കി എസ്എസ്എൽസി പരീക്ഷ എഴുതുകയാണ്. കണ്ണൂർ സ്വദേശിയാണ് വിവേക് രാജ്. കാളകെട്ടി അസീസി അന്ധവിദ്യാലയത്തിൽ ഏഴാം ക്ലാസ് വരെ പഠിച്ച ശേഷം തുടർന്ന് അസീസിയിൽ താമസിച്ച് കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ സ്‌കൂളിലാണു പത്താം ക്ലാസ് വരെ പഠിച്ചത്.

ഇന്നലെ തുടങ്ങിയ എസ്എസ്എൽസി പരീക്ഷ വിവേക് ഭംഗിയായി എഴുതി തുടങ്ങി. പഠനത്തിൽ മാത്രമല്ല, കലാരംഗത്തും വിവേക് കഴിവു തെളിയിച്ചിട്ടുണ്ട്. സ്‌പെഷൽ സ്‌കൂൾ കലോത്സവത്തിൽ ലളിതഗാന മത്സരത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചിരുന്നു. കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ അഖിലാണു വിവേകിനെ പരീക്ഷയെഴുതാൻ സഹായിക്കുന്നത്. കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശികളായ കെ.വി.രാജൻ, ബാലാമണിയമ്മ ദമ്പതികളുടെ മകനാണു വിവേക്.