മൊബൈൽ ഫോൺ ആണെന്നുകരുതി കാൻസർ രോഗിയുടെ ശബ്ദസഹായി അപഹരിച്ചതായി പരാതി

മൊബൈൽ ഫോൺ ആണെന്നുകരുതി കാൻസർ രോഗിയുടെ ശബ്ദസഹായി അപഹരിച്ചതായി പരാതി

എരുമേലി : മോഷ്ടാവിനു തന്നോട് കരുണ തോന്നി, അയാൾക്ക്‌ ഒരു ഉപകാരവുമില്ലാത്ത, മോഷ്ട്ടിച്ച സാധനം തിരിച്ചു തരണമേ എന്നാണ് ശബരിമല പാതയിൽ മണിപ്പുഴ കവലയിൽ പെട്ടിക്കട നടത്തുന്ന വെൺകുറിഞ്ഞി ഈട്ടിക്കൽ സുധാകരന്റെ ഉള്ളുരുകിയുള്ള മന:പ്രാർത്ഥന. അയ്യപ്പനെ ഉറക്കെവിളിച്ചു പ്രാർത്ഥിക്കുവാൻ സാധിക്കാതെ അവസ്ഥയിലാണ് നിലവിൽ സുധാകരൻ. കാരണം സുധാകരന്റെ ശബ്ദ സഹായി ഉപകരണമാണ് കടയിൽ കയറിയ ഏതോ മോഷ്ടാവ് അടിച്ചുമാറ്റിയത് .

കാൻസർ രോഗം മൂലം ശബ്ദം നഷ്ട്ടപെട്ട സുധാകരൻ ഏകദേശം നാല്പത്തിനയരം രൂപ വിലവരുന്ന കൃത്രിമ സ്വനപേടകം എന്ന സംസാര സഹായിയുടെ സഹായത്തിലാണ് സംസാരിച്ചിരുന്നത്. ശസ്ത്രക്രിയയെ തുടർന്ന് തൊണ്ടയിലൂടെ വരുന്ന അവ്യക്തമായ ശബ്ദത്തെ കുറെക്കൂടി വ്യക്തമാക്കുന്ന ഇലക്ട്രോ ലാറിൻസ് എന്ന കൃത്രിമ സ്വനപേടകമാണ് അത്.

കാൻസർ രോഗത്താൽ ബുദ്ധിമുട്ടുന്ന സുധാകരനു വിഷമങ്ങൾ മറന്നു പ്രവർത്തനനിരതമാകുവാനാണ് മക്കൾ ഒരു കടയിട്ടു കൊടുത്തത്. കടയിൽ എത്തുന്നവരോട് സ്നേഹപൂർവ്വം പെരുമാറിയിരുന്ന സുധാകരൻ എല്ലാവരെയും കണ്ണടച്ച് വിശ്വസിച്ചിരുന്നു . എന്നാൽ കഴിഞ്ഞ ദിവസം കടയിൽ തിരക്ക് കൂടിയപ്പോൾ ശബ്ദ സഹായി മേശയുടെ മുകളിൽ വച്ചതാണ് . തിരക്കഴിഞ്ഞപ്പോൾ സംസാരിക്കുവാനായി ശബ്ദ സഹായി വച്ച സ്ഥലത്തു തിരഞ്ഞപ്പോൾ കണ്ടില്ല ..

കടയിൽ സാധനം വാങ്ങുവാൻ എത്തിയവരിൽ ആരെങ്കിലും ആയിരിയ്ക്കും മോഷണത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. മൊബൈൽ ഫോൺ ആണെന്ന് കരുതി ആ ഉപകരണം എടുത്തുകൊണ്ടു പോയതായിരിക്കും എന്ന് അനുമാനിക്കുന്നു. ശബരിമല തീർത്ഥാടകരുടെ വേഷത്തിൽ ധാരാളം മോഷ്ട്ടാക്കൾ സീസണിൽ എരുമേലിയിൽ എത്താറുണ്ട്. അങ്ങനെ ആരെങ്കിലും വന്നു മൊബൈൽ ഫോൺ ആണെന്ന് കരുതി ശബ്ദ സഹായി മോഷ്ടിച്ചതായിരിക്കുവാനും സാധ്യതയുണ്ട്.