കാഞ്ഞിരപ്പള്ളിയിൽ ഇനി വ്യാപാര സ്‌ഥാപനങ്ങളിലെ മാലിന്യങ്ങൾ വ്യപാരികൾ തന്നെ നിർമാർജനം ചെയ്യണം

കാഞ്ഞിരപ്പള്ളിയിൽ ഇനി  വ്യാപാര സ്‌ഥാപനങ്ങളിലെ മാലിന്യങ്ങൾ  വ്യപാരികൾ തന്നെ നിർമാർജനം ചെയ്യണം

കാഞ്ഞിരപ്പള്ളി∙ കാഞ്ഞിരപ്പള്ളി ടൗണിലെയും പരിസരപ്രദേശങ്ങളിലെയും വ്യാപാര സ്‌ഥാപനങ്ങളിലെ മാലിന്യങ്ങൾ ഇനി വ്യപാരികൾ തന്നെ നിർമാർജനം ചെയ്യണം എന്ന് ഗ്രാമപഞ്ചായത്തു വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ തീരുമാനമായി. മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ കർക്കശമാക്കാൻ തന്നെയാണ് തീരുമാനം

വ്യാപാര സ്‌ഥാപനങ്ങളിലെ മാലിന്യങ്ങൾ പ്രോഫിറ്റബിൾ വേസ്‌റ്റ് ആയതിനാലും, പഞ്ചായത്ത് ആക്‌ട് പ്രകാരവും വ്യപാരികൾ തന്നെ നിർമാർജനം ചെയ്യണമെന്നു യോഗത്തിൽ തീരുമാനിച്ചു.

പൊതുസ്‌ഥലങ്ങളിലും ചിറ്റാർ പുഴയിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നതു തടയും. ടൗൺ ഹാൾ പരിസരത്തു മാലിന്യനിക്ഷേപം ഒഴിവാക്കാനും യോഗത്തിൽ തീരുമാനിച്ചു. 40 മൈക്രോണിൽ താഴെയുള്ള പ്ലാസ്‌റ്റിക് ഉൽപന്നങ്ങൾ കർശനമായി നിരോധിച്ചു. വീടുകൾ കേന്ദ്രീകരിച്ച് ഉറവിടമാലിന്യ സംസ്‌കരണത്തിനും ജൈവമാലിന്യ സംസ്‌കരണത്തിനും പഞ്ചായത്തിന്റെ പുതിയ പദ്ധതികളിൽ മുൻഗണന നൽകും. ശുചിത്വസഭകൾ വഴി ബോധവൽക്കരണവും മലിനീകരണ നിയന്ത്രണ പരിപാടികളും സംഘടിപ്പിക്കും. യോഗതീരുമാനങ്ങൾ ഇന്നലെ ടൗണിൽ മൈക്ക് അനൗൺസ്‌മെന്റിലൂടെ വ്യാപാരികളെയും പൊതുജനങ്ങളെയും അറിയിച്ചു.

ടൗൺ ഹാൾ പരിസരത്തു മാലിന്യനിക്ഷേപം പാടില്ലെന്ന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവിനെ തുടർന്നാണു പഞ്ചായത്ത് വിഷയം ചർച്ചചെയ്യാൻ സർവകക്ഷി യോഗം വിളിച്ചത്. വിവിധ രാഷ്‌ട്രീയ കക്ഷികൾക്കു പുറമേ, വ്യാപാരി വ്യവസായി പ്രതിനിധികൾ വിവിധ സന്നദ്ധസംഘടനാ പ്രതിനിധികളും സാമൂഹിക പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു. ടൗണിൽ ഉത്ഭവിക്കുന്ന മാലിന്യങ്ങൾ പഞ്ചായത്തു ശേഖരിച്ച് ടൗൺ ഹാൾ പരിസരത്താണു നിക്ഷേപിച്ചിരുന്നത്. ഇതു തുടരാൻ പാടില്ലെന്നും നിലവിൽ ടൗൺ ഹാൾ പരിസരത്തെ മാലിന്യങ്ങൾ നിർമാർജനം ചെയ്യണമെന്നും മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടിരുന്നു.

കമ്മിഷൻ നിർദേശിച്ച പ്രകാരം ടൗൺ ഹാൾ വളപ്പിലെ മാലിന്യങ്ങൾ കുഴിച്ചുമൂടാനും, ഇതിനു മേൽ പത്തു സെന്റിമീറ്റർ ഘനത്തിൽ മണ്ണിട്ട് മൂടാനും പഞ്ചായത്തു കമ്മിറ്റി തീരുമാനിച്ചു. ടൗണിലെ മാലിന്യ നിക്ഷേപത്തിന് ആലപ്പുഴ മോഡൽ മാലിന്യ സംസ്‌കരണ പദ്ധതി നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചതായി പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. കമ്മിഷന്റെ ഉത്തരവിനെ തുടർന്നു മൂന്നു ദിവസമായി ടൗണിലെ മാലിന്യനീക്കം നിലച്ചു.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ടൗണിലെ മാലിന്യങ്ങൾ പഞ്ചായത്തു നീക്കം ചെയ്‌തിട്ടില്ല. മാലിന്യ നിക്ഷേപത്തിനു മറ്റു സൗകര്യങ്ങളില്ലാത്ത കാഞ്ഞിരപ്പള്ളിയിൽ ടൗണിലെ മാലിന്യങ്ങൾ മുഴുവൻ പഞ്ചായത്തു ശേഖരിച്ച് ടൗൺ ഹാൾ പരിസരത്താണ് ഇതുവരെ തള്ളിയിരുന്നത്. എന്നാൽ മനുഷ്യാവകാശ കമ്മിഷന്റെ കർശന നിർദേശത്തെ തുടർന്നു പഞ്ചായത്ത് വ്യാഴാഴ്‌ച മുതൽ മാലിന്യ ശേഖരണം നിർത്തിവച്ചിരിക്കുകയാണ്.