വൃത്തിഹീനമായി കിടന്നിരുന്ന കിണറും പരിസരവും മനോഹരമായ പൂന്തോട്ടമാക്കി മാറ്റിയപ്പോൾ നാടിനു സന്തോഷം..ആശ്വാസം..

വൃത്തിഹീനമായി കിടന്നിരുന്ന  കിണറും പരിസരവും  മനോഹരമായ പൂന്തോട്ടമാക്കി മാറ്റിയപ്പോൾ നാടിനു സന്തോഷം..ആശ്വാസം..

കാഞ്ഞിരപ്പള്ളി : ആനക്കല്ല്-നരിവേലി ജംഗ്ഷനില്‍ മുപ്പതു വർഷങ്ങൾക്ക് മുൻപ്, നാട്ടുകാർ ശ്രമദാനമായി തോട്ടുപുറമ്പോക്കില്‍ പ്രവര്‍ത്തിച്ചിരുന്ന അറവുശാല പൊളിച്ചുനീക്കി ഇവിടെ പൊതു കിണര്‍ നിര്‍മ്മിക്കുകയുണ്ടായി. പിന്നീട് ആ പരിസരം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരുന്നു. മദ്യകുപ്പികളും, പ്ലാസ്റ്റിക് മാലിന്യങ്ങളും ഇട്ട് കിണര്‍ ഉപയോഗശൂന്യമായി മാറി. കിണറിന്‍റെ സൈഡും മറ്റും ഇടിഞ്ഞ് കാടുകയറി ഇഴജന്തുക്കളുടെയും മറ്റും കൂടുകൂട്ടിയിരുന്നു . എന്നാൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കക്കുഴിയുടെ നേതൃത്വത്തില്‍ ബ്ളോക്ക് പഞ്ചായത്ത് ഫണ്ടും, തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് കിണര്‍ പുനർനിർമ്മിച്ച് മതിലിലിൽ മനോഹരമായ ചിത്രങ്ങൾ വരച്ചു ഭംഗിയാക്കിയതൊനൊപ്പം കിണറിനു ചുറ്റും മനോഹരമായ പൂന്തോട്ടവും നിർമ്മിച്ചു. അതോടെ നാട്ടുകാർ ഭയത്തോടെ കണ്ടിരുന്ന ആ സ്ഥലം നാട്ടുകാരുടെ പ്രിയപ്പെട്ട സ്ഥലമായി മാറി..

കാഞ്ഞിരപ്പള്ളി : ആനക്കല്ല്-നരിവേലി ജംഗ്ഷനില്‍ 1987 കാലഘട്ടത്തില്‍ ഉണ്ടായ കടുത്ത വേനല്‍ക്കാലത്ത് അന്നത്തെ പൗരസമിതി പ്രസിഡന്‍റ് ജോയി നായ്പുരയിടത്തിന്‍റെ നേതൃത്വത്തില്‍ നാട്ടുകാരുടെ ശ്രമദാനമായി തോട്ടുപുറമ്പോക്കില്‍ പ്രവര്‍ത്തിച്ചിരുന്ന അറവുശാല പൊളിച്ചുനീക്കി ഇവിടെ പൊതു കിണര്‍ നിര്‍മ്മിക്കുകയുണ്ടായി. നല്ല ജലസ്രോതസായിരുന്ന ആ കിണര്‍ 10 വര്‍ഷത്തോളം കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 2 വാര്‍ഡുകളിലെയും, പാറത്തോട് പഞ്ചായത്തിലെ 2 വാര്‍ഡുകളിലെയും ജനങ്ങളുടെ ഏക ആശ്രയമായിരുന്നു. എന്നാല്‍ പിന്നീട് പ്രാദേശിക കുടിവെള്ള പദ്ധതികള്‍ നിലവില്‍ വന്നതോടുകൂടി നരിവേലി കിണര്‍ കൂടുതല്‍ ആളുകള്‍ ഉപയോഗിക്കാതെയായി.
പിന്നീട് ഇവിടം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറി. മദ്യകുപ്പികളും, പ്ലാസ്റ്റിക് മാലിന്യങ്ങളും ഇട്ട് കിണര്‍ ഉപയോഗശൂന്യമായി മാറി. കിണറിന്‍റെ സൈഡും മറ്റും ഇടിഞ്ഞ് കാടുകയറി ഇഴജന്തുക്കളുടെയും മറ്റും കൂടുകൂട്ടിയിരുന്നു

ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കക്കുഴിയുടെ നേതൃത്വത്തില്‍ ബ്ളോക്ക് പഞ്ചായത്ത് ഫണ്ടും, തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് കിണര്‍ ചുറ്റും റിംഗ് വാര്‍ത്ത് മൂടിയും സ്ഥാപിച്ചു. കൂടാതെ തോട് കെട്ടിയെടുത്ത് കിണറിന്‍റെ പരിസരം തറയോട് പാകി വശങ്ങളില്‍ ഇരിപ്പിടങ്ങളും സ്ഥാപിച്ചു. കിണറിന് ചുറ്റും ഔഷധ സസ്യങ്ങളും, പൂച്ചെടികളും വച്ച് മനോഹരമാക്കി.

കിണറിന്‍റെ ഭിത്തിയില്‍ ലോക്ക് ഡൗണ്‍ കാലത്ത് കോറോണയെ പ്രതിരോധിക്കുന്നതുള്‍പ്പെടെയുള്ള മനോഹരമായ ചുവര്‍ ചിത്രങ്ങള്‍ വരച്ചത് പ്രദേശത്തെ കൊച്ചുകലാകാരന്‍മാരായ നെവിന്‍ ജെ. മാത്യു നെടുംപറമ്പിലും, സിറിയക്ക് മടുക്കക്കുഴിയുമാണ്. കിണറും പരിസരവും പോസ്റ്ററും മറ്റും പതിപ്പിച്ച് വൃത്തികേടാകാതിരിക്കാന്‍ നാടുകതാരുടെ കരുതലാണിത്.

ഒരിക്കലും വറ്റാത്ത ഈ കിണറ്റില്‍ നിന്നും സമീപവാസികള്‍ക്ക് വെള്ളം ഉപയോഗിക്കുവാനുള്ള പണികളും, കിണറിന്‍റെ സൈഡില്‍ കൂടി കടന്നുപോകുന്ന ആനക്കല്ല് – നരിവേലി റോഡിന്‍റെ ഇരുവശങ്ങളും തറയോട് പാകി വീതികൂട്ടുന്നതിനായി 4 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും അനുവദിച്ചതായും ജോളി മടുക്കക്കുഴി അറിയിച്ചു.

കാടുകയറി ഉപയോഗശൂന്യമായി കിടന്ന കിണറും പരിസരവും വളരെ മനോഹരമാക്കി പണിപൂര്‍ത്തീകരിച്ചതിന് നേതൃത്വം നല്‍കിയവരെ നാട്ടുകാര്‍ പ്രത്യേകം അഭിനന്ദിച്ചു.