ഫാക്ടറി മാലിന്യം തോട്ടിലേയ്ക്ക് ; തുടർന്ന് കുടിവെള്ള സ്ത്രോതസ്സിലേക്ക് ..ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത ..

ഫാക്ടറി മാലിന്യം തോട്ടിലേയ്ക്ക് ; തുടർന്ന് കുടിവെള്ള സ്ത്രോതസ്സിലേക്ക് ..ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക്  സാധ്യത ..

കാഞ്ഞിരപ്പള്ളി : റബ്ബർ ഫാക്ടറി മാലിന്യം മാന്തറ ആനക്കയം തോട്ടിലേക്ക് ഒഴുക്കി വിടുന്നതായി പരാതി . നൂറുകണക്കിന് ആളുകൾ കുളിക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന തോട്ടിലേയ്ക്ക് മാലിന്യപൈപ്പ് സ്ഥാപിച്ചാണ് മാലിന്യം ഫാക്ടറിയിൽ നിന്നും തുറന്നുവിട്ടിരിക്കുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നു. .കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ ഒഴുകുന്ന തോടാണിത്. നിലവിൽ തോട്ടിലെ വെള്ളം മാലിന്യത്തിന്റെ ബാഹുല്യം നിമിത്തം വെളുത്ത നിറത്തിൽ പതഞ്ഞാണ് ഒഴുകുന്നത്. കാഞ്ഞിരപ്പള്ളിയിലെ വിവിധ സ്ഥലങ്ങളിലേയ്ക്ക് ശുദ്ധജലം എത്തിക്കുന്ന മേലരുവി ചെക്ക് ഡാമിലേക്ക് ജലം എത്തുന്ന തോട്ടിലൂടെയാണ് ഫാക്ടറി മാലിന്യം ഒഴുകുന്നത്.

തോട്ടിലൂടെ മാലിന്യം ഒഴുകുന്നതുമൂലം സമീപവാസികൾക്കു ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. മാലിന്യമൊഴുകിയ വെള്ളത്തില്‍ കുളിച്ചതിനെ തുടര്‍ന്ന് ചൊറിച്ചില്‍ അനുഭവപ്പെട്ടതോടെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്.

മാന്തറ ആനക്കയം തോട്ടിലൂടെ വെളുത്ത പത ഒഴുകാന്‍ തുടങ്ങിയിട്ട് മാസങ്ങളായെന്ന് സമീപവാസികള്‍ പറയുന്നു. കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളുടെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന തോടാണിത്. തീരത്തുള്ള നൂറുകണക്കിന് ജനങ്ങള്‍ കുളിക്കാനുപയോഗിക്കുന്നത് ഈ വെള്ളമാണ്.

തമ്പലക്കാട് ആനക്കയം തൊണ്ടുവേലിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ റബര്‍ ഫാക്ടറിയില്‍ നിന്നാണ് മാലിന്യം തോട്ടിലേക്ക് ഒഴുക്കി വിടുന്നതെന്ന് നാട്ടുകാര്‍ കണ്ടെത്തി. മാലിന്യപൈപ്പ് സ്ഥാപിച്ചിരിക്കുന്നത് തോട്ടിലേക്കാണ്. ഈ ജലം മേലരുവി ചെക്ക് ഡാമിലേക്കാണ് ഒഴുകിയെത്തുന്നത്. ഇവിടെ നിന്നാണ് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേക്കും വിവിധ കോളനികളിലേക്കും ജലമെത്തുന്നത്. പുലര്‍ച്ചെയും രാവിലെയുമാണ് പത കൂടുതലായും ഒഴുകിയെത്തുന്നത്. രാത്രി കാലങ്ങളില്‍ മാലിന്യം ഒഴുക്കി വിടുന്നതാണ് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 22ാം വാര്‍ഡില്‍ നിന്നാണ് മാലിന്യം ഒഴുകി വരുന്നതെന്നും, ഇത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലിനജലം ഈ തോട്ടിലേക്ക് ഒഴുക്കി വിടുന്നെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നാലു വര്‍ഷം മുന്‍പ് ഇതിന് സമീപം പ്രവര്‍ത്തിച്ചിരുന്ന റബര്‍ ഫാക്ടറി പൂട്ടിച്ചിരുന്നു. അന്ന് തോട്ടിലെ മീനുകള്‍ ചത്ത് പൊങ്ങിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജലത്തില്‍ അമോണിയ കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. സമീപവാസികള്‍ക്ക് ത്വക്ക് രോഗങ്ങളും അലര്‍ജിയുമുണ്ടായതിനെ തുടര്‍ന്ന് മാസങ്ങള്‍ നീണ്ടു നിന്ന ബഹുജന പ്രക്ഷോഭത്തിനൊടുവിലാണ് ഫാക്ടറി പൂട്ടിയത്.