ചോർച്ച : എരുമേലി കുടിവെള്ള പദ്ധതിയുടെ പുതിയ പ്ലാന്റ് പൂട്ടി ; വീണ്ടും ജലവിതരണം കൊരട്ടിയിൽ നിന്നും.

ചോർച്ച : എരുമേലി  കുടിവെള്ള പദ്ധതിയുടെ പുതിയ  പ്ലാന്റ് പൂട്ടി ; വീണ്ടും ജലവിതരണം കൊരട്ടിയിൽ നിന്നും.

എരുമേലി : ഉദ്‌ഘാടനം ചെയ്തിട്ടും ഒട്ടേറെ തകരാറുകളെത്തുടർന്ന് സപ്ലൈ വിഭാഗം പ്രൊജക്റ്റ്‌ വിഭാഗത്തിൽ നിന്നും ഏറ്റെടുക്കാൻ തയ്യാറാകാത്ത എരുമേലിയിലെ സമഗ്ര ജലവിതരണ പദ്ധതിയുടെ പ്ലാന്റ് അടച്ചുപൂട്ടി. എംഇഎസ് കോളേജിന് സമീപത്തുള്ള ജലശുദ്ധീകരണശാലയുടെ പ്രവർത്തനമാണ് താത്കാലികമായി നിർത്തിവെച്ചത്. ഇവിടെ നിന്നുള്ള ജലവിതരണം പൂർണമായി നിർത്തിവെച്ചു. പകരം മണിമലയാറിലെ കൊരട്ടിയിലുള്ള 50 വർഷം പഴക്കമുള്ള ചെറുകിട പദ്ധതിയിലൂടെ എരുമേലി ടൗണിൽ ജലവിതരണം സപ്ലൈ വിഭാഗത്തിന്റെ കീഴിൽ പുനരാരംഭിച്ചു.

പുതിയ പദ്ധതി ഉദ്‌ഘാടനം ചെയ്തതോടെ കഴിഞ്ഞയിടെ കൊരട്ടി പദ്ധതിയുടെ ജലവിതരണം നിർത്തിവെച്ചതായിരുന്നു. 70 കോടിയോളം ചെലവിട്ട പുതിയ പദ്ധതിയുടെ ഇടത്തിക്കാവ് പമ്പ് ഹൗസിൽ നിന്നുള്ള പ്രധാന ലൈനിൽ വൻ തോതിൽ ചോർച്ച പ്രകടമായതോടെയാണ് പ്ലാന്റ് പൂട്ടുകയും വിതരണം നിർത്തുകയും ചെയ്തത്. പ്രധാന ലൈനിൽ വാൽവ് പൊട്ടിയതിനെത്തുടർന്നാണ് ചോർച്ചയുണ്ടായത്.

എരുമേലി തെക്ക് കുടിവെള്ള പദ്ധതിയെന്നായിരുന്നു പദ്ധതിയുടെ ആദ്യ പേര്. ഉദ്‌ഘാടനത്തോടെ എരുമേലി സമഗ്ര കുടിവെള്ള പദ്ധതിയെന്ന് പേര് മാറ്റി. ഉത്ഘാടനം നടന്ന് മൂന്ന് വർഷമായിട്ടും പദ്ധതി ജലവിതരണ അതോറിറ്റിയുടെ സപ്ലൈ വിഭാഗത്തിന് കൈമാറിയിട്ടില്ല. പ്രൊജക്റ്റ്‌ വിഭാഗത്തിന്റെയും കരാറുകാരുടെയും മേൽനോട്ടത്തിലാണ് പദ്ധതി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. പദ്ധതിയിൽ ഒട്ടേറെ തകരാറുകൾ ഉണ്ടെന്നും ഇവ പരിഹരിച്ചുനൽകാതെ ഏറ്റെടുക്കാനാവില്ലെന്നുമാണ് സപ്ലൈ വിഭാഗത്തിന്റെ നിലപാട്. ജലശുദ്ധീകരണ ശാലയിൽ ഉള്ള അഞ്ച് ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിന് ചോർച്ചയായതിനാൽ ഉപയോഗിക്കുന്നില്ല. തുമരംപാറ ഭാഗത്ത് വെള്ളമെത്തിക്കാനുള്ളതാണ് ഈ ടാങ്ക്. തുമരംപാറ ഭാഗത്തേക്ക് ടാങ്കിന്റെ ചോർച്ച മൂലം പദ്ധതി നീട്ടാനായിട്ടില്ല. പൊരിയൻമല ടാങ്കിലും ചോർച്ച മൂലം പ്രവർത്തനം ഭാഗികമാണ്. നേർച്ചപ്പാറയിൽ ടാങ്കിന് ചോർച്ചയില്ലെങ്കിലും എരുമേലി ടൗണിലേക്കുള്ള വിതരണ ലൈനിലും വാൽവുകളിലും ചോർച്ച മൂലം കൊരട്ടി പദ്ധതിയുടെ പഴയ ലൈൻ വഴിയാണ് വെള്ളം നൽകുന്നത്. കഴിഞ്ഞ ദിവസം നിർമാണം പൂർത്തിയായ കൊടിത്തോട്ടം ടാങ്കിന്റെ ട്രയൽ റൺ പൂർത്തിയാക്കാൻ പ്ലാന്റിൽ പ്രവർത്തനം നിർത്തിയത് മൂലം സാധിച്ചിട്ടില്ല.

കഴിഞ്ഞയിടെ എംഎൽഎ യുടെ അധ്യക്ഷതയിൽ എരുമേലിയിൽ യോഗം ചേരുകയും പഞ്ചായത്തിലുടനീളം പുതിയ പദ്ധതിയിൽ ജലവിതരണം നടത്താനും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ നിർമാണത്തിലുണ്ടായ അപാകതകൾ പരിഹരിച്ചുകിട്ടാതെ പദ്ധതി ഏറ്റെടുത്ത് വിതരണം നടത്താനാവില്ലെന്നാണ് സപ്ലൈ വിഭാഗത്തിന്റെ നിലപാട്. ശബരിമല തീർത്ഥാടകർക്കും നാട്ടുകാർക്കും യഥേഷ്‌ടം വെള്ളം ലഭ്യമാക്കുന്നതിനായാണ് പദ്ധതി ആവിഷ്കരിച്ചത്.