വെള്ളമില്ലാതെ വലയുന്ന കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്‌റ്റേഷനിൽ വെള്ളമെത്തിക്കുന്നതിനായി ഏഴര ലക്ഷത്തിന്റെ പദ്ധതിക്ക് അനുമതി

വെള്ളമില്ലാതെ വലയുന്ന  കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്‌റ്റേഷനിൽ വെള്ളമെത്തിക്കുന്നതിനായി  ഏഴര  ലക്ഷത്തിന്റെ പദ്ധതിക്ക് അനുമതി

കാഞ്ഞിരപ്പള്ളി ∙ മിനി സിവിൽ സ്‌റ്റേഷനിൽ വെള്ളമെത്തിക്കുന്നതിനായി 7,50,352 രൂപയുടെ പദ്ധതിക്കു ഭരണാനുമതി ലഭിച്ചതായി എൻ. ജയരാജ് എംഎൽഎ അറിയിച്ചു. എംഎൽഎ റവന്യു മന്ത്രിക്കു നൽകിയ നിവേദനത്തെത്തുടർന്നാണു നടപടി.

സിവിൽ സ്‌റ്റേഷൻ വളപ്പിൽ കുഴൽക്കിണർ നിർമിച്ചു ജലവിതരണം നടത്തുന്നതിനായി ഭൂഗർഭ ജലവകുപ്പ് 2,74,852 രൂപയുടെയും പൊതുമരാമത്ത് ഇലക്‌ട്രിക്കൽ വിഭാഗം 1,93,100 രൂപയുടെയും പൊതുമരാമത്ത് കെട്ടിട വിഭാഗം 2,40,000 രൂപയുടെയും വൈദ്യുതി വകുപ്പ് 42,400 രൂപയുടെയും ഉൾപ്പടെ 7,50,352 രൂപയുടെ എസ്‌റ്റിമേറ്റാണു സമർപ്പിച്ചിരുന്നത്. സിവിൽ സ്റ്റേഷൻ വളപ്പിൽ കുഴൽക്കിണർ നിർമിച്ചു വെള്ളം എല്ലാ ഓഫിസുകളിലും എത്തിക്കുന്നതിനാണു പദ്ധതി.

അഞ്ചു നിലകളിലായി പ്രവർത്തിക്കുന്ന സിവിൽ സ്‌റ്റേഷനിൽ 23 സർക്കാർ കാര്യാലയങ്ങളാണു പ്രവർത്തിക്കുന്നത്. മുന്നൂറിലധികം ജീവനക്കാരാണ് ഇവിടെ ജോലിചെയ്യുന്നത്. കൂടാതെ നൂറുകണക്കിനു പൊതുജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി ദിവസവും സിവിൽ സ്‌റ്റേഷനിൽ എത്തുന്നു. സിവിൽ സ്‌റ്റേഷനിൽ വെള്ളത്തിനായി ജലസ്രോതസ്സുകളൊന്നുമില്ല. സിവിൽ സ്‌റ്റേഷൻ വളപ്പിലെ മഴവെള്ള സംഭരണി മാത്രമാണ് ഏക ആശ്രയം.

വേനലിൽ സംഭരണി കാലിയായാൽ തുള്ളിവെള്ളമില്ലാത്ത സ്‌ഥിതിയായിരുന്നു. പ്രാഥമികാവശ്യങ്ങൾക്കുപോലും ജീവനക്കാർ കുപ്പിവെള്ളം ഉപയോഗിക്കേണ്ട ഗതികേടിലായിരുന്നു. ഏതാനും ആഴ്‌ചകൾക്കു മുമ്പ് മേലരുവിയിൽനിന്നു സിവിൽ സ്‌റ്റേഷനിൽ വെള്ളമെത്തിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിരുന്നു.