വിനയായി നിബന്ധനകൾ; കിണർ റീചാർജിങ് പദ്ധതി പ്രതിസന്ധിയിൽ

പൊൻകുന്നം ∙ പദ്ധതി നടത്തിപ്പിലെ നിബന്ധനകൾ വിനയായതോടെ കിണർ റീചാർജിങ് പദ്ധതി നടത്തിപ്പ് പ്രതിസന്ധിയിൽ. 150 ചതുരശ്ര മീറ്ററിൽ താഴെ വിസ്തീർണമുള്ള വീടുകളും വാർഷിക വരുമാനം ഒരുലക്ഷത്തിൽ കവിയാത്തവർക്കുമാണു പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ യോഗ്യത. കുടിവെള്ള ക്ഷാമം ഏറെയുള്ള ചിറക്കടവ് പഞ്ചായത്തിൽ ഒട്ടേറെപ്പേർ ഗ്രാമസഭകളിൽ പദ്ധതിക്കായി അപേക്ഷ നൽകിയെങ്കിലും പദ്ധതിയുടെ നിബന്ധനകളിൽ തട്ടി അപേക്ഷകരേറെയും പുറത്താകുകയായിരുന്നു.

പദ്ധതി തുക വകമാറ്റി കിണർ റീചാർജിങ് പദ്ധതിക്കായി ജില്ലാ പഞ്ചായത്തിനു മൂന്നു കോടി, ബ്ലോക്ക് പഞ്ചായത്തിന് 30 ലക്ഷം, ഗ്രാമപഞ്ചായത്തിന് 18 ലക്ഷം രൂപ എന്നിങ്ങനെയാണ് അംഗീകാരം ലഭിച്ചത്. പദ്ധതി നടത്തിപ്പിന് നിബന്ധനകൾ വിലങ്ങുതടിയായതോടെ ഗുണഭേക്താക്കളുടെ എണ്ണം കുറഞ്ഞു. അപേക്ഷകർ കുറഞ്ഞതോടെ ജില്ലാ പഞ്ചായത്ത് പദ്ധതി തുക വകമാറ്റി മറ്റു പദ്ധതികൾക്കായി സമർപ്പിച്ചിരിക്കുയാണ്. ബ്ലോക്ക് – ഗ്രാമപഞ്ചായത്തുകളും അതുതന്നെ ചെയ്തേക്കും. ചിറക്കടവ് പഞ്ചായത്തിൽ ഇത്തവണത്തെ ബജറ്റിൽ 30 ലക്ഷം രൂപ ജലസംഭരണത്തിനും കിണർ റീചാർജിങ്ങിനുമായി നീക്കിവച്ചിട്ടുണ്ട്. സബ്സിഡി ഇങ്ങനെ പദ്ധതിപ്രകാരം ആകെ ചെലവ് 15,000 രൂപ. ചെരിഞ്ഞ പ്രദേശങ്ങളിൽ 8000 രൂപയും അല്ലാത്തിടത്ത് 7000 രൂപയും സബ്സിഡി നൽകും.

കിണർ റീചാർജിങ് പദ്ധതി എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ മുഴുവൻ കുടുംബങ്ങൾക്കും അനുവദിച്ച് കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടിയെടുക്കണമെന്നു ചിറക്കടവ് പഞ്ചായത്തംഗം ഷാജി പാമ്പൂരി ആവശ്യപ്പെട്ടു. വേനൽ മഴയിൽ റീചാർജിങ് കുടിവെള്ള ക്ഷാമം രൂക്ഷമായ മലയോര മേഖലയിൽ കിണർ വറ്റുകയോ വെള്ളം പരിമിതപ്പെടുകയോ ചെയ്യുക സാധാരണമാണ്. തുലാവർഷം നഷ്ടപ്പെടാതെ ശുദ്ധീകരിച്ചു കിണറ്റിൽ സംഭരിച്ചാൽ നാലുമാസം കുടിവെള്ളത്തിനു മുട്ടുണ്ടാകില്ല. 1000 ചതുരശ്രയടി മേൽക്കൂരയിൽ ഒരുവർഷം ശരാശരി മൂന്നുലക്ഷം ലീറ്റർ മഴ പെയ്യും.

തുലാമഴ ഇതിന്റെ 20% കിട്ടും. മേൽക്കൂരയിൽ പെയ്യുന്ന മഴവെള്ളം പിവിസി പാത്തിയിലൂടെ ഒഴുക്കി പൈപ്പിലൂടെ താഴേക്ക് എത്തിക്കുന്നു. ഇവിടെ വെള്ളം ശുദ്ധീകരിക്കുന്ന ഒരു ‘അരിപ്പ ടാങ്ക്’ വേണം. വീപ്പയോ ഇഷ്ടിക കെട്ടിയ കുഴിയോ മതിയാകും. ഇതിന്റെ ഏറ്റവും അടിയിൽ 20 സെന്റീമീറ്റർ കനത്തിൽ ചരൽ വിരിക്കും. അതിനുമുകളിൽ 10 സെ.മീ. കനത്തിൽ മണൽ. അതിനും മുകളിൽ ചിരട്ടക്കരിയോ മരക്കരിയോ 10 സെ.മീ. കനത്തിൽ. ഇതിനുമുകളിൽ 10 സെ.മീ. കനത്തിൽ ചരൽ. ടാങ്കിന്റെ ഏറ്റവും അടിഭാഗത്ത് ഒരു പിവിസി പൈപ്പ് ഘടിപ്പിച്ച് വെള്ളം കിണറ്റിലേക്ക് ഇറക്കിക്കൊടുക്കുക. ഇങ്ങനെയാണ് കിണർ റീചാർജ് ചെയ്യുന്നത്.