കോരുത്തോട് കണ്ടങ്കയം പ്രദേശത്ത് പകൽ സമയത്തും കാട്ടാനകളുടെ വിളയാട്ടം; നാട്ടുകാർ ഭീതിയിൽ.

കോരുത്തോട് കണ്ടങ്കയം പ്രദേശത്ത് പകൽ സമയത്തും കാട്ടാനകളുടെ വിളയാട്ടം; നാട്ടുകാർ ഭീതിയിൽ.

മുണ്ടക്കയം : ഇത്രനാളും ഇരുളിന്റെ മറവിൽ മാത്രം വനത്തിൽ നിന്നും നാട്ടിൽ ഇറങ്ങിയിരുന്ന കാട്ടാനകൾ പകൽ വെളിച്ചത്തിലും കാടിറങ്ങിയതോടെ നാട്ടുകാർ കടുത്ത ഭീതിയിലായി. കോരുത്തോട് കണ്ടങ്കയം പ്രദേശത്ത് പകൽ സമയത്തും നാട്ടുകാരുടെ പ്രതിരോധം വകവയ്ക്കാതെ കാട്ടാനകൾ വിളയാട്ടം നടത്തിയത് നാട്ടുകാരെ അമ്പരപ്പിച്ചു . കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെ ആണ് കുട്ടയാനയടക്കമുള്ള 14 ഓളം കാട്ടാനകൾ ജനവാസ മേഖലയിൽ എത്തിയത്.

കഴിഞ്ഞ ഒരു മാസത്തിനുള്ളി ഏഴു തവണ കാട്ടാനകൂട്ടം കണ്ടങ്കയത്ത് എത്തിയത് ഇരുളിന്റെ മറവിലാണങ്കിൽ കഴിഞ്ഞ ദിവസം പട്ടാപകൽ അഞ്ചോളം കൊമ്പനാനകളുടെ നേതൃത്വത്തിൽ പതിനാലോളം കാട്ടാനകളാണ് കണ്ടങ്കയം ഭാഗത്ത് എത്തിയത്. അഴുതയാർ നീന്തിയെത്തിയ കാട്ടാന കൂട്ടത്തെ ജനവാസ മേഖലയിലേയ്ക്ക് കയറാതിരിക്കാൻ വനപാലകരും കർഷകരും ഏറെ പണിപ്പെട്ടു. പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും പ്രതിരോധത്തിനൊരുങ്ങിയെങ്കിലും ആനക്കൂട്ടം പിൻതിരിയാൻ തയ്യാറായില്ല. ദീർഘ നേരത്തെ ശ്രമത്തിനൊടുവിലാണ് ഇവ വനത്തിലേക്ക് പോയത്. അഴതയാറിന്റെ വശത്തിലൂടെ നീന്തി കളിച്ചും ഇടയ്ക്കു ഭീതി സൃഷ്ടിച്ച് ചിന്നം വിളിച്ചും നീങ്ങിയ ആന കൂട്ടത്തെ കാണാൻ നിരവധി പേർ എത്തിയിരുന്നു. കഴിഞ്ഞ് രണ്ട് മാസങ്ങളായി രാത്രി കാലങ്ങളിൽ ജനവാസ മേഖലയിൽ എത്തുന്ന
കാട്ടാനകൾ വ്യാപകമായി കൃഷികൾ നശിപ്പിക്കുന്നത് നിത്യ സംഭവമായിരുന്നു. പ്രദേശത്ത് സുരക്ഷാ നടപടികൾ സ്വീകരിക്കണം എന്ന ആവശ്യം
ഉയർന്നതോടെ വനം വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ ഇതുവരെ തുടർ നടപടികൾ ഉണ്ടായിട്ടില്ല.