എരുമേലി പാണപിലാവിൽ കാട്ടാന കൃഷി നശിപ്പിച്ചു, ജനങ്ങൾ ഭീതിയിൽ

എരുമേലി പാണപിലാവിൽ കാട്ടാന കൃഷി നശിപ്പിച്ചു, ജനങ്ങൾ ഭീതിയിൽ

എരുമേലി : എരുമേലി ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ മേഖലയായ പാണപിലാവിൽ കാട്ടാനകൾ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായി. കഴിഞ്ഞ രാത്രിയിൽ തലപ്പള്ളി വടക്കേതിൽ ശ്രീധരൻ നായർ,പുളിച്ചമാക്കൽ സുധീഷ്, തലപ്പള്ളി വടക്കേതിൽ മാധവൻ നായർ എന്നിവരുടെ പുരയിടങ്ങളിലെ കൃഷിക്ക് വ്യാപക നാശമുണ്ടായി.

വീണ്ടും കാട്ടാനശല്യം രൂക്ഷമായതിന്റെ തുടർന്ന് വനാതിർത്തിയോടു ചേർന്നു വസിക്കുന്ന കർഷകർ ഭീതിയോടെയാണ് ഓരോ ദിവസവും കഴിച്ചുകൂട്ടുന്നത്.കാട്ടുമൃഗങ്ങളുടെ ശല്യം തടയുന്നതിനായി സോളാർ വേലി നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പാണപിലാവ് കേന്ദ്രമായി പ്രവർത്തിക്കുന്ന മാതൃക പുരുഷ സ്വാശ്രയ സംഘം, മഹാത്മഗാന്ധി വായനശാല എന്നിവയുടെ നേതൃത്വത്തിൽ ഒന്നിലധികം നിവേദനങ്ങൾ വകുപ്പു മന്ത്രിക്കും ജില്ലാ കലക്ടർക്കും എം.എൽ.എ.യ്ക്കും നൽകിയിട്ടും നാളിതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്.

തീരുമാനങ്ങളുണ്ടാകാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു നീങ്ങുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.