പുഞ്ചവയൽ ഭാഗത്തു കാട്ടാനക്കൂട്ടം കൃഷിയിടങ്ങൾ നശിപ്പിച്ചു

പുഞ്ചവയൽ ഭാഗത്തു  കാട്ടാനക്കൂട്ടം കൃഷിയിടങ്ങൾ നശിപ്പിച്ചു

മുണ്ടക്കയം : കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു. ഒരു രാത്രികൊണ്ട് അവ നശിപ്പിച്ചത് കുലച്ച 350 ഏത്തവാഴകൾ. പുഞ്ചവയൽ കുളമാക്കൽ പ്രദേശത്താണ് കാട്ടാനകൾ കൂട്ടമായിറങ്ങി കൃഷിയിടങ്ങളിൽ നാശം വിതച്ചത്. ഒരു മാസത്തിനിടെ മൂന്നാം തവണയാണു കാട്ടാനക്കൂട്ടം ആ മേഖലയിൽ ഇറങ്ങുന്നതെന്നു നാട്ടുകാർ പറയുന്നു. കഴിഞ്ഞ വർഷം കാട്ടുപന്നികൾ കൃഷിയിടത്തിലിറങ്ങി വ്യാപകനാശം ഉണ്ടാക്കിയിരുന്നു. അതിന്റെ ശല്യം ഒഴിവാക്കിയപ്പോൾ പകരം ഇത്തവണ കൃഷികൾക്ക് നാശം വിതയ്ക്കുവാൻ കാട്ടാനക്കൂട്ടം ഇറങ്ങി..

പത്തേക്കർ ഭാഗത്തു കൃഷി ചെയ്തിരുന്ന കുലച്ച 350 ഏത്തവാഴകളാണു കാട്ടാനകൾ നശിപ്പിച്ചത്. കണമല സ്വദേശി അമ്പാട്ട് കുഞ്ഞുമോൻ പാട്ടത്തിനെടുത്തു കൃഷിചെയ്ത പറമ്പിലെ വാഴകളാണു കാട്ടാനക്കൂട്ടം ചൊവ്വാഴ്ച രാത്രി നശിപ്പിച്ചത്.

കാട്ടാന ശല്യം പതിവായതോടെ മേഖലയിലെ ജനങ്ങൾ ഭീതിയിലാണ്. കാട്ടാനകൾ നാട്ടിലേക്കു കടക്കുന്നതു തടയാനായി സോളർ വേലികൾ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. കാട്ടാനകളുടെ തുടരെയുള്ള ശല്യം സഹിക്കവയ്യാതെ കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയാണുള്ളതെന്നും കർഷകർ പറയുന്നു. കഴിഞ്ഞ വർഷം കാട്ടുപന്നികൾ കൃഷിയിടത്തിലിറങ്ങി വ്യാപകനാശം ഉണ്ടാക്കിയിരുന്നു.

കാട്ടുപന്നികളെ പ്രതിരോധിക്കുന്നതിനായി സോളർ വേലികൾ കർഷകർ തന്നെ സ്ഥാപിച്ചിരുന്നു. എന്നാൽ ഇവ കാട്ടാനകളെ പ്രതിരോധിക്കാൻ കഴിയുന്നവയല്ലെന്നും കുഞ്ഞുമോൻ പറഞ്ഞു. അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്. കഴിഞ്ഞ മാസം കാട്ടാനകൾ കൂട്ടത്തോടെ ജനവാസ മേഖലയിൽ ഇറങ്ങിയപ്പോൾ ആന്റോ ആന്റണി എംപിയും പഞ്ചായത്തു പ്രസിഡന്റും അടക്കമുള്ളവർ സ്ഥലം സന്ദർശിച്ചു പരിഹാരം കാണുമെന്ന് അറിയിച്ചിരുന്നു.

സമീപ പ്രദേശമായ തേക്കിൻ കൂപ്പിലൂടെയാണു കാട്ടാനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത്. ഇവയെ പ്രതിരോധിക്കാൻ ഒരു കിലോമീറ്റർ ഭാഗത്തു സോളർ വേലികൾ സ്ഥാപിക്കുമെന്ന് അറിയിച്ചെങ്കിലും നടപടിയായില്ല. വനപാലകരും നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആരോപണമുണ്ട്.

എന്നാൽ സോളർ ഇലക്ട്രിക് വേലികളുടെ നിർമാണ പ്രവർത്തനം ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കുമെന്നു വനംവകുപ്പ് അധികൃതർ അറിയിച്ചു. പ്രാരംഭ നടപടികൾ പൂർത്തീകരിച്ചു കരാറുകാരനെ ഏൽപിച്ചെന്നും കാട്ടാനകളെ തേക്കിൻ കൂപ്പിൽ നിന്നു വനത്തിലേക്കു കയറ്റിവിട്ട ശേഷമാകും വേലികൾ സ്ഥാപിക്കുകയെന്നും അധികൃതർ അറിയിച്ചു.