സ്ത്രീസുരക്ഷയും ഇന്ത്യന്‍ ശിക്ഷാനിയമവും!

പ്രാചീനകാലത്ത് തന്നെ ഇന്ത്യയിലെ വിവിധ സംസ്‌കാരങ്ങളില്‍ വ്യത്യസ്തമെങ്കിലും വ്യക്തി നിയമങ്ങള്‍ നിലനിന്നിരുന്നു. കുറ്റകൃത്യങ്ങളെയും ശിക്ഷകളെയും കുറിച്ച് വ്യക്തമായ ധാരണയുമുണ്ടായിരുന്നു. ഹിന്ദുനിയമങ്ങളും മുഹമ്മദിയന്‍ നിയമങ്ങളും കൂടാതെ നാട്ടുരാജ്യങ്ങള്‍ക്കനുസരിച്ചും കുറ്റങ്ങളിലും ശിക്ഷകളിലും വ്യത്യാസമുണ്ടായിരുന്നു. എന്നാല്‍ ഒരു പൊതുനിയമവ്യവസ്ഥിതിയിലേക്ക് ഇന്ത്യ ചുവടുവെക്കുന്നത് ബ്രിട്ടീഷ് ഭരണകാലത്താണ്.

ഇന്ത്യന്‍ ശിക്ഷാനിയമം 1860…

1833ലാണ് ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇന്ത്യയില്‍ നിലവിലുള്ള ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് പഠിക്കാനും മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാനുമായി ഇന്ത്യന്‍ ലോ കമ്മീഷനെ നിയമിച്ചത്. 1834ല്‍ മെക്കാളെ പ്രഭു അധ്യക്ഷനായി നിലവില്‍ വന്ന ഈ കമ്മീഷന്‍ 1837ല്‍ ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 1860ല്‍ ഇത് നിയമമായി. ഇതോടെ ബ്രിട്ടീഷ് ഇന്ത്യയില്‍ അതുവരെ നിലനിന്നിരുന്ന ക്രിമിനല്‍ കുറ്റങ്ങളുമായി ബന്ധപ്പെട്ട എല്ലാ റൂള്‍സും റെഗുലേഷന്‍സും റദ്ദായി.

വ്യക്തിനിയമങ്ങള്‍ക്കതീതമായി ഒരു ഏകീകൃത ക്രിമിനല്‍ നിയമം നിലവില്‍ വന്നു. വധശിക്ഷ അല്ലെങ്കില്‍ ജീവപര്യന്തം തടവ്, തടവുശിക്ഷ, പിഴയൊടുക്കല്‍, സ്വത്ത് കണ്ടുകെട്ടല്‍ തുടങ്ങിയവയാണ് ഇതില്‍ പറഞ്ഞിരിക്കുന്ന പ്രധാന ശിക്ഷാരീതികള്‍. ഈ നിയമസംഹിതയില്‍ സമൂഹത്തില്‍ നിലവിലുള്ള എല്ലാത്തരം കുറ്റകൃത്യങ്ങളെയും പറ്റി പ്രതിപാദിച്ചിട്ടുണ്ട്. വ്യക്തികള്‍ക്കെതിരെയുള്ളത്, രാജ്യത്തിനെതിരെയുള്ളത് എന്നിങ്ങനെ അവയെ തരംതിരിക്കാം. ഇതില്‍ വ്യക്തികള്‍ക്കെതിരായ കുറ്റകൃത്യങ്ങളിലാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച് വിവരിക്കുന്നത്.

സ്ത്രീപീഡനങ്ങളൂം ശിക്ഷയും…

തട്ടിക്കൊണ്ടു പോകല്‍, തടങ്കലില്‍ പാര്‍പ്പിക്കല്‍: 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയെ രക്ഷിതാവിന്റെ അറിവോ സമ്മതമോ കൂടാതെ കൊണ്ടുപോകുന്നതിന് കിഡ്‌നാപ്പിംഗ് വിഭാഗത്തില്‍ പെടുത്തുന്നു. ഇതിന് ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 366മത് വകുപ്പുപ്രകാരം ഒരു സ്ത്രീയെ നിര്‍ബന്ധിച്ച് വിവാഹത്തിനും ബലപ്രയാഗത്തിലൂടെയുള്ള ലൈംഗീകബന്ധത്തിനും വേണ്ടി തട്ടിക്കൊണ്ടുപോകുന്നതും തടങ്കലില്‍ പാര്‍പ്പിക്കുന്നതും പത്ത് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

സെക്ഷന്‍ 354 പ്രകാരം ഒരു സ്ത്രീയുടെ അഭിമാനം വ്രണപ്പെടുത്തണമെന്ന അറിവോടെ കൂടിയോ ഒരു സ്ത്രീക്ക് നേരെ ബലപ്രയോഗം നടത്തുന്നത് രണ്ടുവര്‍ഷം വരെ തടവും പിഴയും അല്ലെങ്കില്‍ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റമാണ്.

സെക്ഷന്‍ 354 എ: ഏതെങ്കിലും തരത്തിലുള്ള ലൈംഗീക ചേഷ്ഠകളോ, ശാരീരികബന്ധത്തിന് നിര്‍ബന്ധിക്കുന്നതോ അശ്ലീല ചിത്രങ്ങളോ വീഡിയോയോ കാണാന്‍ നിര്‍ബന്ധിക്കുന്നതോ ലൈംഗീക പീഡനത്തിന്റെ പരിധിയില്‍ പെടുന്നു. ഇത് ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവും പിഴയും അല്ലെങ്കില്‍ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റമാണ്.

സെക്ഷന്‍ 354 ബി: ഒരു സ്ത്രീക്ക് നേരെ ബലപ്രയോഗം നടത്തിയോ അല്ലെങ്കില്‍ അവളെ പ്രേരിപ്പിച്ചോ നഗ്‌നയാക്കുന്നത് മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

സെക്ഷന്‍ 354 സി: ഒരു സ്ത്രീയുടെ സ്വകാര്യമായ പ്രവൃത്തിയെ നിരീക്ഷിക്കുന്നതും പകര്‍ത്തുന്നതും ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഈ കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷ മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവും പിഴയുമാകും.

സെക്ഷന്‍ 354 ഡി: ഒരു സ്ത്രീയെ നിരന്തരമായി ഏതെങ്കിലും രീതിയില്‍ പിന്തുടരുന്നതും ശല്യപ്പെടുത്തുന്നതും ഭീഷണിപ്പെടുത്തുന്നതും ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

സെക്ഷന്‍ 326 എ/ബി: സ്ത്രീകളുടെ നേര്‍ക്ക് ഗുരുതരമായി പരിക്കേല്‍പ്പിക്കണമെന്ന ഉദ്ദേശ്യത്തോടു കൂടി ആസിഡ് ആക്രമണം നടത്തുന്നതോ ആയതിന് ശ്രമിക്കുന്നതോ ഏഴുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവും പിഴയും ലഭിക്കുന്ന കുറ്റമാണ്.

സെക്ഷന്‍ 509: ഒരു സ്ത്രീയുടെ അഭിമാനം വ്രണപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടു കൂടി വാക്കുച്ചരിക്കുന്നതോ ശബ്ദമുണ്ടാക്കുന്നതോ ആംഗ്യവിക്ഷേപം നടത്തുന്നതോ എന്തെങ്കിലും പ്രദര്‍ശിപ്പിക്കുന്നതോ മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

സെക്ഷന്‍ 493: ഒരു പുരുഷന്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരിക്കുന്നുവെന്ന് പറഞ്ഞ് കബിളിപ്പിച്ച് കൂടെ താമസിക്കുന്നതോ ലൈംഗീകബന്ധം പുലര്‍ത്തുന്നതോ 10 വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

സെക്ഷന്‍ 497: ഒരു പുരുഷന്‍ മറ്റൊരാളിന്റെ ഭാര്യയുമായി അയാളുടെ സമ്മതമില്ലാതെ ലൈംഗീകബന്ധത്തിലേര്‍പ്പെടുന്നതിനെ അഡള്‍ട്ടറി എന്ന് പറയുന്നു. ഇതിന് അഞ്ച് വര്‍ഷം തടവും പിഴയും ലഭിക്കും.

സെക്ഷന്‍ 304 ബി: വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനുള്ളില്‍ സ്ത്രീധന പീഡനത്തെത്തുടര്‍ന്നുണ്ടാകുന്ന മരണമാണിത്. ഏഴ് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

സെക്ഷന്‍ 375: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഏറ്റവും ഹീനമായത് എന്ന് കണക്കാക്കപ്പെടുന്ന കുറ്റകൃത്യമാണിത്. ഒരു പുരുഷന്‍ സ്ത്രീയുടെ താത്പര്യത്തിന് വിരുദ്ധമായി അവളുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്നതിനെയാണ് ബലാത്സംഗമെന്ന് പറയുന്നത്. ഈ വകുപ്പില്‍ ഗവണ്‍മെന്റ് 2013ല്‍ മാറ്റങ്ങള്‍ വരുത്തുകയുണ്ടായി.

2013ലെ ക്രിമിനല്‍ നിയമഭേദഗതിയുടെ പശ്ചാത്തലത്തില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പതാം തീയ്യതി വളരെ ശ്രദ്ധേയമായ ഒരു വിധി സുപ്രീംകോടതി പ്രസ്താവിക്കുകയുണ്ടായി. ഒരു പുരുഷന്‍ 15 വയസ്സിന് മുകളില്‍ പ്രായമുള്ള തന്റെ ഭാര്യയുമായി സമ്മതപ്രകാരമോ അല്ലാതെയോ നടത്തുന്ന ലൈംഗീകബന്ധം ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാവില്ലെന്നായിരുന്നു ഈ വിധി.

സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസ അവകാശത്തിനും ആരോഗ്യ പരിപാലനത്തിനും മറ്റ് മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി ഇടപെടുന്ന ഇന്‍ഡിപെന്‍ഡന്‍സ് തോട്ട് എന്ന സന്നദ്ധ സംഘടന ഐ.പി.സി 375-ാം വകുപ്പിലെ എക്‌സെപ്ഷന്‍ 2 ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി.

ഇന്ത്യയില്‍ 15-നും 18-നും ഇടയില്‍ വിവാഹം കഴിഞ്ഞ് മാരിറ്റല്‍ റേപ്പിന്(വിവാഹത്തിനുള്ളിലെ നിര്‍ബന്ധിത ലൈംഗീക ബന്ധം) വിധേയമാവുകയും അതുമൂലം ഗര്‍ഭിണിയാകുകയും തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങളനുഭവിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികളുടെ എണ്ണം വളരെയധികം ഉള്ളതിനാലാണ് ഇത്തരത്തില്‍ ഒരു പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്യപ്പെട്ടത്.

സ്ത്രീപുരുഷ ലൈംഗീക ബന്ധം കുറ്റകരമാകുന്നതെപ്പോള്‍..?

1. ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം 375-ാം വകുപ്പനുസരിച്ച് ബലാത്സംഗമാണെങ്കില്‍…

2. ഒരു പുരുഷന്‍ മറ്റൊരാളിന്റെ ഭാര്യയുമായി, അയാളുടെ അറിവോ സമ്മതമോ ഇല്ലാതെ നടത്തുന്ന ശാരീരിക ബന്ധം.(ഇതില്‍ സ്ത്രീയുടെ ഭര്‍ത്താവിന് പരാതിയില്ലെങ്കില്‍ കേസെടുക്കാനാകില്ല)

3. ഒരു പൊതുസ്ഥലത്ത് വെച്ചുള്ള ലൈംഗീകബന്ധം…

4. സ്ത്രീയുടെയും പുരുഷന്റെയും പ്രായം 18 വയസ്സിന് താഴെയാണെങ്കില്‍ അവര്‍ തമ്മിലുള്ള ബന്ധം കുറ്റകരമാണ്…

തുറിച്ച് നോക്കുന്നത് കുറ്റകരമാവുന്നതെങ്ങനെ..?

ഒരു സ്ത്രീക്കുനേരെ തുറിച്ച് നോക്കുന്നത് പ്രത്യക്ഷത്തില്‍ ഒരു കുറ്റകൃത്യമായി ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ പറഞ്ഞിട്ടില്ലെങ്കിലും ഒരാള്‍ തന്നെ തുറിച്ചുനോക്കുന്നത് സ്ത്രീയ്ക്ക് അപമാനമായി തോന്നുകയും അതിനെതിരെ അനിഷ്ടം പ്രകടിപ്പിച്ചതിന് ശേഷവും തുറിച്ചുനോട്ടം തുടരുകയാണെങ്കില്‍ അതിനെ കുറ്റകൃത്യമായി കണക്കാക്കാവുന്നതാണ്.