” പോലീസുകാർക്ക് എന്താണ് കൃഷി ഭൂമിയിൽ കാര്യം ” എന്ന് ഇനി ആരും ചോദിക്കില്ല…

”  പോലീസുകാർക്ക് എന്താണ്  കൃഷി ഭൂമിയിൽ കാര്യം ” എന്ന് ഇനി ആരും ചോദിക്കില്ല…

മുക്കൂട്ടുതറ: ” തൊട്ടടുത്ത സ്ഥലങ്ങളെല്ലാം തരിശു ഭൂമിയായി കിടക്കുന്ന ഈ സ്ഥലത്ത് നിങ്ങൾക്ക് മാത്രമായി ദൈവം നിറയെ വിളവു കിട്ടുന്ന സ്ഥലം ഒരുക്കി തന്നല്ലോ ”

വെച്ചൂച്ചിറ ജനമൈത്രി പോലീസ് സ്റ്റേഷനിലെ സീനിയര്‍ പോലീസ് സിവില്‍ ഓഫീസറായ മുട്ടപ്പള്ളി തടത്തിപ്പറമ്ബില്‍ നൌഷാദിന്റെ കൃഷി ഭൂമി ചുറ്റി കണ്ടു ഇറങ്ങുന്ന പലരും നൌഷാദിനോട് പറയുള്ളതാണ്. അത് കേൾക്കുന്പോൾ നൌഷാദും ഭാര്യ റംലത്തും പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി ഒരു ചെറു പുഞ്ചിരി കൈമാറും. കാരണം ദൈവം കൊടുത്ത ആ ഭൂമി ഏതാനും വർഷങ്ങൾക്ക് മുൻപ് എങ്ങനെയായിരുന്നു കിടന്നിരുന്നത് എന്ന് അവർക്ക് മാത്രമേ നന്നായി അറിയുകയുള്ളൂ . അത് എങ്ങനെ അത്ര നല്ല വിളവു കിട്ടുന്ന കൃഷി ഭൂമിയായി മാറ്റി എന്നതും അവർക്കു മാത്രം അറിയാവുന്ന രഹസ്യം.

പാറമടയായി തുരന്നെടുത്തുകൊണ്ടിരുന്ന സ്ഥലം വീടുവയ്ക്കാന്‍ വേണ്ടി വാങ്ങിയപ്പോള്‍ ഈ പോലീസുകാരനെ കളിയാക്കിയവരെല്ലാം ഇപ്പോള്‍ അത്ഭുതസ്തബ്ധരായി മൂക്കത്ത് വിരല്‍വെച്ചുകൊണ്ടിരിക്കുന്നു. പാറമട മണ്ണിട്ട് നികത്തി നിര്‍മിച്ച വീടിനൊപ്പമുള്ള 15 സെന്റ് സ്ഥലത്ത് എല്ലായിനം പച്ചക്കറികളുമുണ്െടന്നുമാത്രമല്ല ആപ്പിള്‍, മുന്തിരി, ഓറഞ്ച്, മുസംബി എന്നുവേണ്ട സകലയിനം പഴവര്‍ഗങ്ങളും ഫലവൃക്ഷങ്ങളും തണല്‍മരങ്ങളും എന്തിനേറെ അര്‍ബുദത്തെ തുരത്തുന്ന ലക്ഷ്മിതരു സസ്യവും മലേഷ്യന്‍ കുള്ളന്‍തെങ്ങും കപ്പയും ചോളവും ഇഞ്ചിയും വാഴയും മാവും പ്ളാവും ചേനയും ചേമ്ബും കാച്ചിലും കടപ്ളാവുമെല്ലാം തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നു.

ഒപ്പം എപ്പോഴും തുറന്നിട്ടിരിക്കുന്ന കിളിക്കൂടും അതില്‍ നിറയെ പക്ഷികളുടെ കൂട്ടങ്ങളും പ്രകൃതിയിലേക്കിറങ്ങിയുള്ള ഈ കൃഷിരീതിയെ തികച്ചും വ്യത്യസ്തമാക്കുന്നു.

വെച്ചൂച്ചിറ ജനമൈത്രി പോലീസ് സ്റ്റേഷനിലെ സീനിയര്‍ പോലീസ് സിവില്‍ ഓഫീസറായ മുട്ടപ്പള്ളി തടത്തിപ്പറമ്ബില്‍ നൌഷാദാണ് രണ്ടുവര്‍ഷംകൊണ്ട് 15 സെന്റ് സ്ഥലത്ത് അത്ഭുതങ്ങളുടെ വസന്തംവിരിയിച്ച കര്‍ഷകന്‍.

പാരമ്ബര്യ കൃഷി രീതികളില്‍നിന്ന് ഒട്ടും വ്യതിചലിക്കാതെയും എന്നാല്‍, ആധുനിക പരീക്ഷണങ്ങളിലൂടെ ലഭിച്ച അറിവുകള്‍ പ്രയോഗിച്ചുമാണ് നൌഷാദിന്റെ കൃഷിരീതി. രാസവളം ലവലേശംപോലും പ്രയോഗിക്കുന്നില്ല. നാടിന്‍ മാവിന്റെ വിത്ത് മുളപ്പിച്ച്‌ തളിര്‍നാമ്ബുകള്‍ നുള്ളിക്കളയുന്നതോടെ ശിഖരങ്ങള്‍ രൂപപ്പെട്ട് ബഡ്ഡ് മാവ് പോലെ മാറുകയാണ്. കണ്ടാല്‍ ബഡ്ഡ് മാവാണെന്ന് തോന്നിപ്പിക്കുമെങ്കിലും നാടന്‍ മാവിന്റെ രുചിയും മണവും ഗുണവും നിറഞ്ഞുനില്‍ക്കുന്നു. നൌഷാദിന്റെ കൃഷിരീതികളില്‍ ഇത്തരം പൊടിക്കൈകള്‍ ധാരാളമുണ്ട്.

മറ്റ് ചില കൃഷിത്തോട്ടങ്ങളില്‍ പച്ചക്കറി വിളകള്‍ വളരാനായി പ്രയോഗിക്കുന്ന കീടനാശിനികളാണ് നൌഷാദ് പഴക്കെണിയാക്കി ഈച്ചകളെയും കീടങ്ങളെയും പിടികൂടാന്‍ സ്ഥാപിച്ചിരിക്കുന്നത്. വലിച്ചെറിയുന്ന പ്ളാസ്റ്റിക് കുപ്പികള്‍കൊണ്ട് നൌഷാദ് നാലുമണിപ്പൂവുകളുടെ വേറിട്ട ഭംഗി വിരിയിക്കുന്നു. ഈച്ചകള്‍ കുത്താതെ പാവക്കകളെ സംരക്ഷിക്കുന്നതും ഇത്തരം കുപ്പികളാണ്.

മാതളനാരകം, സപ്പോട്ട, ചിലമ്ബിപ്പുളി, കിലോ പേര, മലേഷ്യന്‍ ചാമ്ബങ്ങ, ഒട്ടുമാവ്, വിവിധതരം മുരിങ്ങകള്‍, പത്ത് ഇനങ്ങളിലുള്ള പേരക്കകള്‍, ചെറുനാരകം, ജ്യൂസ് നാരകം, റംബുട്ടാന്‍, ആത്തക്ക, റെഡ് ലേഡി പപ്പായ, കുടംപുളി, ചെറിപഴം, ഫാഷന്‍ഫ്രൂട്ട്, വിവിധയിനം നെല്ലിക്ക മരങ്ങള്‍, മുള്ളാത്ത, ചതുരപ്പയര്‍, നിത്യവഴുതനങ്ങ, കുറ്റിപ്പയര്‍, നീളം പയര്‍, തുമരപയര്‍, ചീര, ബോംബെ ചീര, സാമ്ബാര്‍ ചീര, കുറ്റിവഴുതനങ്ങ, കുമ്ബളങ്ങ, ഇഞ്ചി, മഞ്ഞള്‍, തക്കാളി, പടവലം, പച്ചമുളക്, കാന്താരിമുളക്, പാവല്‍, പനിക്കൂര്‍ക്കയില, മൈലാഞ്ചി, ലിച്ചിപ്പഴം ചെടി, വെള്ളരി തുടങ്ങി നാനാവിധ കൃഷികളാണ് 15 സെന്റിനുള്ളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

ചീരയും മറ്റും അടിയിലും മുകളില്‍ കോവലും പയറും അതിനു മുകളില്‍ വെള്ളരിയും മത്തനും ഇങ്ങനെ തട്ടുതട്ടായി ഒരിഞ്ചുപോലും പാഴാക്കാതെയാണ് കൃഷി.

അറുപതില്‍പരം പക്ഷികളാണ് ന നൌഷാദിന്റെ തുറന്ന കൂട്ടിലെ വിരുന്നുകാര്‍. പ്രഭാതത്തിലും സായാഹ്നത്തിലും ഇവ കൂട്ടത്തോടെയെത്തുന്നു. നല്ലയിനം നാടന്‍ കോഴികളുമുണ്ട് ഈ കൃഷിയിടത്തിലെ കൂട്ടിനുള്ളില്‍.

ക്ഷേത്ര മോഷണക്കേസുകള്‍ അന്വേഷിക്കാനായി ഡിജിപി രൂപീകരിച്ച സ്പെഷല്‍ സ്ക്വാഡിലെ അംഗം കൂടിയാണ് നൌഷാദ്. എന്നാല്‍, എല്ലാത്തിനേക്കാളുമേറെ നൌഷാദിനിഷ്ടം തന്റെ കൃഷിഭൂമിയിലെ പരീക്ഷണങ്ങള്‍ തന്നെ.

മാതാവും ഭാര്യ റംലത്തും മകന്‍ ഷെമീറും ഭാര്യ ഫാത്തിമയും ഇളയ മകന്‍ ഷെമീസും ആണ് നൌഷാദിനൊപ്പം കൃഷിഭൂമിയില്‍ അധ്വാനം ചെലവിടുന്നത്.

വീഡിയോ കാണുക

2-web-cultivation-by-police

3-web-cultivation-by-police

5-web-cultivation-by-police

7-web-cultivation-by-police

1-web-cultivation-by-police