ചികിത്സയ്ക്കായെത്തി ഡോക്ടറുടെ ഫോൺ മോഷ്‌ടിച്ച യുവാവ് പിടിയിൽ

ചികിത്സയ്ക്കായെത്തി ഡോക്ടറുടെ ഫോൺ മോഷ്‌ടിച്ച യുവാവ് പിടിയിൽ

മുണ്ടക്കയം: മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായെത്തി ഡോക്ടറുടെ ഫോൺ മോഷ്‌ടിച്ചു കടന്നു കളഞ്ഞ യുവാവിനെ പോലീസ് പിടികൂടി. കുഴിമാവ് ചെട്ടിയാനിയിൽ രമേശ് (35) ആണ് അറസ്റ്റിലായത്.

ആശുപത്രിയിൽ തലവേദനയ്ക്കായി ചികിത്സ തേടിയെത്തിയ രമേശ് ഒപിയിൽ ചികിത്സതേടുകയും ഡോക്ടറുടെ മേശയിൽ ഇരുന്ന ഫോൺ അപഹരിക്കുകയുമായിരുന്നു. ഒപിയിൽ നല്ല തിരക്കായിരുന്നതിനാൽ ഡോക്ടറുടെ ശ്രദ്ധയിൽപ്പെട്ടതുമില്ല. ഡോക്ടർ കുറിച്ചു നൽകിയ മരുന്നും വാങ്ങി യുവാവ് ആശുപത്രിയിൽ നിന്നു സ്‌ഥലം വിടുകയായിരുന്നു.

തുടർന്ന് ഫോൺ കാണാതായതിനെ തുടർന്ന് ആശുപത്രിയിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേ സമയം രമേശ് തന്റെ സുഹൃത്തു മുഖേന ടൗണിലെ കടയിൽ ഫോൺ വിൽക്കുവാൻ ശ്രമിക്കുകയായിരുന്നു. തിരിച്ചറിയൽ കാർഡ് ഇല്ലാതെ ഫോൺ വാങ്ങാൻ പറ്റില്ലെന്ന് കടയുടമ അറിയിച്ചു.

ആശുപത്രിയിൽനിന്നു മരുന്ന് വാങ്ങി തിരിച്ചെത്തുകയും മോഷണ വിവരം അറിയുകയും ചെയ്ത ഒരു സ്ത്രീ ഈ സമയം കടയിൽ ഉണ്ടായിരുന്നു. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ഇയാളെ ചോദ്യം ചെയ്യുകയും മോഷ്‌ടിച്ച മൊബൈൽ ഫോണുമായി പിടികൂടുകയുമായിരുന്നു.