അമ്മ വഴക്കു പറഞ്ഞു ; 12 വയസ്സുകാരൻ ബന്ധുവീട്ടിൽ ഒളിച്ചു; നാട് 4 മണിക്കൂർ മുൾമുനയിൽ


അമ്മ വഴക്കു പറഞ്ഞതിന് 12 വയസ്സുകാരൻ ബന്ധുവീട്ടിൽ ഒളിച്ചു. നാട് മുൾമുനയിലായത് ‍4 മണിക്കൂർ. വാഴൂർ 17-ാംമൈലിലാണ് കളിക്കാൻ പോയതിന്  അമ്മ വഴക്കു പറഞ്ഞതിന് 12 വയസ്സുകാരൻ വീടുവിട്ട് ഇറങ്ങിയത്. ഇന്നലെ ഉച്ചയോടെയാണ് കുട്ടി വീടുവിട്ട് ഇറങ്ങിയത്.  എന്നാൽ മകൻ സുഹൃത്തുക്കൾക്കൊപ്പം കളിക്കാൻ പോയെന്നാണ് മാതാപിതാക്കൾ കരുതിയത്. വൈകിട്ട് 6.30 ആയിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷണം നടത്തിയത്. കണ്ടെത്താതെ വന്നതോടെ നാട്ടുകാരും തിരച്ചിലിൽ പങ്കുചേർന്നു. വിവരം പള്ളിക്കത്തോട് പൊലീസിലും അറിയിച്ചു.

കുട്ടിയെ കണ്ടെത്തുന്നതിനായി ഫോട്ടോ സഹിതം ആളുകൾ സമൂഹമാധ്യമങ്ങളിലും പോസ്റ്റ് ചെയ്തതോടെ വിവരം കാട്ടുതീപോലെ പടർന്നു. നാട്ടുകാരുടെയും ബന്ധുക്കളുടെയും പൊലീസിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ പല സംഘങ്ങളായി തിരിഞ്ഞ് പ്രദേശം മുഴുവൻ തിരച്ചിലും ആരംഭിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നു വരെ അഭ്യൂഹം പരന്നതോടെ ആ വഴിക്കും അന്വേഷണം ആരംഭിച്ചു. അന്വേഷണം നടക്കുന്നതിനിടയിൽ 19-ാംമൈൽ, തേക്കാനം, ഇലഞ്ഞിക്കൽ കോവിൽ തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച കുട്ടി വീടിന് സമീപത്തെ ബന്ധുവീടിന് പിന്നിൽ ഒളിക്കുകയും ചെയ്തു.

പൊൻകുന്നത്തും സമീപ പ്രദേശങ്ങളിലേക്കും അന്വേഷണം നടക്കുന്നതിനിടയിലാണ് രാത്രി 9ന് സമീപത്തെ ബന്ധുവീടിന് പിന്നിലെ കയ്യാലയ്ക്കു സമീപം ഒളിച്ചിരുന്ന കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്തിയെന്ന് കാട്ടി ബന്ധുക്കളും ജനപ്രതിനിധികളും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടെങ്കിലും കുട്ടിയെ കാണാതായ വാർത്ത നാടു നീളെ സഞ്ചരിക്കുകയാണ്. വീട്ടിൽ എത്തിയാൽ ഇനിയും വഴക്കു പറയുമെന്ന് പേടിച്ചാണ് താൻ വീടുവിട്ട് ഇറങ്ങി ഒളിച്ചിരുന്നതെന്നാണ് കുട്ടി പറയുന്നത്. ഇനി നാളെ മുതൽ എന്തെങ്കിലും കാര്യത്തിന് പുറത്തിറങ്ങിയാലും കാണാതായ വിവരം വച്ച് തന്നെ നാട്ടുകാർ വീട്ടിൽ തിരിച്ചെത്തിക്കുമെന്ന സങ്കടത്തിലാണ് കുട്ടി.