അവഗണനയില്‍ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം

എരുമേലി: ശബരിമലയുടെ കവാടമായ എരുമേലിയില്‍ നാട്ടുകാര്‍ക്കും,അയ്യപ്പഭക്തര്‍ക്കും ആശ്രയമാകേണ്ട എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം അവഗണനയുടെ നടുവില്‍.

സാമൂഹികാരോഗ്യകേന്ദ്രമെന്നാണ് പേരെങ്കിലും ആസ്​പത്രിയില്‍ രാത്രി ചികില്‍സയോ കിടത്തിച്ചികില്‍സയോ ഇല്ല. ജീവനക്കാരുടെ കുറവും ആസ്​പത്രിയുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. ആസ്​പത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ഇരുനില കെട്ടിടം രണ്ട് വര്‍ഷം മുന്‍പ് പൂര്‍ത്തിയായതാണ്. സാനിട്ടറി ഫിറ്റിങ്‌സ്,സേഫ്റ്റി ടാങ്ക് നിര്‍മ്മാണം തുടങ്ങിയ ചെറിയ പണികളേ പൂര്‍ത്തിയാകാനുള്ളൂ. എന്നാല്‍ രണ്ടുവര്‍ഷമായിട്ടും ഇവ പൂര്‍ത്തിയാക്കി കെട്ടിടം തുറന്ന് കൊടുക്കാന്‍ സാധിച്ചിട്ടില്ല.

നബാര്‍ഡ് ഫണ്ടില്‍ ഒരുകോടി രൂപ െചലവിലാണ് കെട്ടിടം നിര്‍മ്മിച്ചത്.മൂന്ന് നിലകളായിരുന്നു പദ്ധതിയിട്ടിരുന്നതെങ്കിലും,പദ്ധതിക്ക് കാലതാമസം വന്നതോടെ നിലകളുടെ എണ്ണം രണ്ടായി ചുരുങ്ങി. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള വാര്‍ഡ്,നിരീക്ഷണ മുറി,അടിയന്തര ചികില്‍സാ വിഭാഗം എന്നിവയായിരുന്നു പുതിയ കെട്ടിടത്തില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ നിര്‍മ്മിച്ച കെട്ടിടം ഇന്നും ഉപയോഗമില്ലാതെ വെറുതെ കിടക്കുന്നു. എന്‍.ആര്‍.എച്ച്.എം.പദ്ധതിയില്‍ 78ലക്ഷം രൂപ മുടക്കി ഒ.പി. ബ്ലോക്കും മുകള്‍നിലയില്‍ വാര്‍ഡും നിര്‍മ്മിച്ചു. എന്നാല്‍ മുകള്‍നിലയിലേക്ക് പടികളല്ലാതെ റാമ്പ് സംവിധാനമില്ല.

1996ല്‍ സാമൂഹികാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ ആസ്​പത്രിയില്‍ ആദ്യകാലങ്ങളില്‍ പ്രസവചികില്‍സ ,ഓപ്പറേഷന്‍, മോര്‍ച്ചറി,പോസ്റ്റ്‌മോര്‍ട്ടം തുടങ്ങിയ സൗകര്യങ്ങളെല്ലാം ഉണ്ടായിരുന്നു.പിന്നീട് ഓരോന്നായി നിലച്ചു. നിരനിരയായി ക്വാര്‍േട്ടഴ്‌സുകള്‍ പണിത് അരയേക്കറോളം സ്ഥലം പാഴായി. ബാക്കിയുള്ള സ്ഥലത്തും നിരവധി കെട്ടിടങ്ങള്‍ തീര്‍ത്തിട്ടുണ്ടെങ്കിലും രോഗികള്‍ക്ക്്പ്രയോജനമില്ല