അൺലോക് 5.0; തിയറ്ററുകളും സ്കൂളുകളും തുറക്കാം; ഇളവുകൾ ഇങ്ങനെ


തിയറ്ററുകളും മള്‍ട്ടിപ്ലക്സുകളും തുറക്കുന്നതടക്കം അണ്‍ലോക് അഞ്ചിന്‍റെ ഭാഗമായുള്ള ഇളവുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍. സ്കൂളുകള്‍, വിനോദ കേന്ദ്രങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കാം. രോഗവ്യാപനം പിടിച്ചുകെട്ടാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇളവുകള്‍ ഇപ്പോള്‍ നടപ്പാക്കേണ്ടതില്ലെന്നാണ് കേരളം അടക്കം പല സംസ്ഥാനങ്ങളുടെ തീരുമാനം.  

കോവിഡിനെ പ്രതിരോധിക്കാന്‍ മാര്‍ച്ചില്‍ ആരംഭിച്ച അടച്ചുപൂട്ടലില്‍ നിന്ന് രാജ്യം ഏറെക്കുറെ പുറത്തുകടക്കുകയാണ്. സ്കൂളുകള്‍ ഘട്ടംഘട്ടമായി തുറക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ടെങ്കിലും കേരളവും ഡല്‍ഹിയും മഹാരാഷ്ട്രയുമടക്കം സംസ്ഥാനങ്ങള്‍ പഠനം തല്‍ക്കാലം വീട്ടിലിരുന്നു മതിയെന്ന് തീരുമാനിച്ചിട്ടുണ്ട്. പഞ്ചാബിലും യുപിയിലും സ്കൂളുകള്‍ തുറക്കും. ഹാജര്‍ നിര്‍ബന്ധമാക്കരുത്. വിദ്യാര്‍ഥി സ്കൂളിലെത്താന്‍ രക്ഷിതാവിന്‍റെ അനുമതി ആവശ്യമാണ് തുടങ്ങി സ്കൂള്‍ തുറക്കാന്‍ മാര്‍ഗരേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. 

സാമൂഹിക, അക്കാദമിക, കായിക, വിനോദ, സാംസ്ക്കാരിക, മത, രാഷ്ട്രീയ ചടങ്ങുകളില്‍ 100ന് മുകളില്‍ ആളുകള്‍ക്ക് പങ്കെടുക്കാം. പാതി സീറ്റുകള്‍ ഒഴിച്ചിട്ട് സിനിമ തിയറ്ററുകളും മള്‍ട്ടിപ്ലക്സുകളും തുറക്കാം. രാജ്യത്തെ സുപ്രധാന നഗരങ്ങളിലെയെല്ലാം തിയറ്ററുകള്‍ തുറക്കും. സാമൂഹിക അകലം ഉറപ്പാക്കി ഇരിപ്പിടങ്ങള്‍ ക്രമീകരിക്കണം. ‌പാക്ക് ചെയ്ത ഭക്ഷണം മാത്രമേ വില്‍ക്കാവൂ. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാന്‍ കാണികളുടെ ഫോണ്‍ നമ്പര്‍ ശേഖരിക്കണം. തുടങ്ങിയ നിര്‍ദേശങ്ങള്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. വിവിധ മള്‍ട്ടിപ്ലക്സ് ശൃംഖലകളും അവരുടേതായ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്. മഹാമാരിയുടെ ഭീതി മറികടന്ന് എത്രപേര്‍ സിനിമ കാണാനെത്തുമെന്ന ആശങ്ക തിയറ്ററുടമകള്‍ പങ്കുവച്ചു കഴിഞ്ഞു.