ഇടിച്ച കാറിൽ ലക്ഷക്കണക്കിനു രൂപയുടെ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

എരുമേലി ∙ ഇടിച്ച കാറിൽ ലക്ഷക്കണക്കിനു രൂപയുടെ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം കരുനാഗപ്പള്ളിയിലേക്കു വ്യാപിപ്പിച്ചു. എരുമേലിയിൽ സംഘത്തിന് ഇടപാടുകാരുണ്ടോയെന്നും അന്വേഷിക്കുന്നു. സംഘത്തിലെ പ്രധാനികളെ കിട്ടാനുണ്ട്. അറസ്റ്റ് ചെയ്ത രണ്ടുപേരെ റിമാൻഡ് ചെയ്തു.

വെള്ളിയാഴ്ച വെളുപ്പിന് എരുമേലി ബവ്റിജസ് കോർപറേഷൻ മദ്യവിൽപനശാലയുടെ ആൾമറയും തൊട്ടടുത്ത കടയുടെ ഭിത്തിയും ഇടിച്ചുതകർത്ത കാർ രണ്ടു ദിവസമായി തകരാർ മൂലം അവിടെ കിടക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന യുവാവ് ബാഗുമായി പെട്ടെന്നു കടന്നതു നാട്ടുകാരിൽ സംശയത്തിനിടയാക്കി. രാത്രിയിൽ നാട്ടുകാർ വണ്ടിയിൽ നടത്തിയ തിരച്ചിലിൽ കഞ്ചാവ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച കാറിനു കാവൽ ഏർപ്പെടുത്തി. ശനി രാത്രി നടത്തിയ തിരച്ചിലിൽ നാലു കിലോ കഞ്ചാവ് കണ്ടെത്തുകയും രണ്ടുപേർ അറസ്റ്റിലാവുകയും ചെയ്തു.

അറസ്റ്റിലായവരിൽ നിന്നു ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ അന്വേഷണം നടക്കുന്നത്.
കരുനാഗപ്പള്ളി മേഖലയിലാണ് കഞ്ചാവ് എത്തിച്ചു വിതരണം ചെയ്യുന്നതെന്നു പിടിയിലായവർ പറഞ്ഞു. കോളജ് വിദ്യാർഥികളും യുവാക്കളുമാണ് പ്രധാന ഉപഭോക്താക്കളെന്ന് ഇവർ പറഞ്ഞു. കഞ്ചാവ് കടത്തുസംഘം തന്നെയാണ് ചില്ലറ വിൽപന നടത്തുന്നത്. ചെറിയ പൊതികൾ വിൽക്കുന്നതിലൂടെ ലക്ഷക്കണക്കിനു രൂപയാണ് ഇവർ സമ്പാദിക്കുന്നത്.

അപകടത്തിൽപ്പെട്ടതു കൊണ്ടുമാത്രമാണ് സംഘത്തെ പിടികൂടാനായതെന്നു വ്യക്തമായിരിക്കേ മുൻപും പലതവണ ഇവർ എരുമേലിവഴി കടന്നുപോയതായി പൊലീസ് സംശയിക്കുന്നു. സിഐ ഡി.ഓമനക്കുട്ടൻ, എസ്ഐ ജർലിൻ വി.സ്കറിയ എന്നിവർക്കാണ് അന്വേഷണ ചുമതല.