ഇനി 20 ദിവസം; പ്രചാരണം മൂന്നാം ഘട്ടത്തിൽ

പൊൻകുന്നം ∙ തിരഞ്ഞെടുപ്പിന് 20 ദിവസങ്ങൾ ശേഷിക്കേ സ്‌ഥാനാർഥികൾ പ്രചാരണത്തിന്റെ മൂന്നാം റൗണ്ടിലേക്ക്. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിന്റെ പഞ്ചായത്തുകളിൽ എല്ലാം സാന്നിധ്യമറിയിച്ചും പരമാവധി വീടുകളിൽ നേരിട്ടെത്തി വോട്ടുറപ്പിച്ചും രണ്ടാംഘട്ട പ്രചാരണത്തിന്റെ അവസാന ലാപ്പിലായിരുന്നു ഇന്നലെ സ്‌ഥാനാർഥികൾ.‌ ഡോ. എൻ.ജയരാജ് വാഴൂർ, പള്ളിക്കത്തോട്, മണിമല പഞ്ചായത്തുകളിലായിരുന്നു ഇന്നലെ യുഡിഎഫ് സ്‌ഥാനാർഥി ഡോ. എൻ.ജയരാജിന്റെ പ്രചാരണം. ഭവന സന്ദർശനം തന്നെയായിരുന്നു പ്രധാന പരിപാടി. ഇടയ്ക്കു മണ്ഡലത്തിലെ പ്രമുഖ വ്യക്‌തിത്വങ്ങളെ കണ്ട് വോട്ടഭ്യർഥിച്ചു.

കങ്ങഴ, ഇടയിരിക്കപ്പുഴ, കറിക്കാട്ടൂർ എന്നിവിടങ്ങളിൽ വ്യാപാരികളെ കണ്ടും വോട്ടഭ്യർഥിച്ച സ്‌ഥാനാർഥിയുടെ മൂന്നാംഘട്ട പ്രചാരണ പരിപാടികൾക്കായുള്ള തയാറെടുപ്പിലാണ് യുഡിഎഫ് പ്രവർത്തകർ. വി.ബി.ബിനു മണിമല, പള്ളിക്കത്തോട്, വാഴൂർ, ചിറക്കടവ്, കറുകച്ചാൽ, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളിലെല്ലാം പ്രചാരണത്തിന്റെ ഭാഗമായി എത്തിയ എൽഡിഎഫ് സ്‌ഥാനാർഥി വി.ബി.ബിനു ഭവന സന്ദർശനത്തിലൂടെ പരമാവധി വോട്ടർമാരെ നേരിട്ടു കാണുന്നതിനുള്ള ശ്രമത്തിലായിരുന്നു. വൈകുന്നേരങ്ങളിൽ കൂടുതൽ കുടുംബയോഗങ്ങൾ വിളിച്ചുചേർത്തു പ്രചാരണം ഊർജിതപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് ഇടതു ക്യാംപ്. എല്ലാ പഞ്ചായത്തുകളിലും രണ്ടുവട്ടം നേരിട്ടെത്തി വോട്ടഭ്യർഥിച്ചതായും ഇന്നുമുതൽ മൂന്നാംഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും സ്‌ഥാനാർഥി പറഞ്ഞു.

വി.എൻ.മനോജ‌് മണിമല, പള്ളിക്കത്തോട് പഞ്ചായത്തുകളിലായിരുന്നു എൻഡിഎ സ്‌ഥാനാർഥി വി.എൻ.മനോജിന്റെ പ്രചാരണ പരിപാടികൾ. മണിമല പഞ്ചായത്തിലെ കോളനി പ്രദേശങ്ങളായ ആലപ്ര തുരുത്തേൽ കോളനി, മുക്കട, ചാരുവേലി, പൊന്തൻപുഴ എന്നിവിടങ്ങളിൽ വീടുകളിലെത്തി വോട്ടഭ്യർഥിച്ചശേഷം പള്ളിക്കത്തോട് പഞ്ചായത്തിലെ പ്രധാന കവലകളിൽ വോട്ട് തേടി. പഞ്ചായത്തിലെ മുക്കാലി, മുണ്ടൻകവല, അരുവിക്കുഴി എന്നിവിടങ്ങളിലും ഇന്നലെ എൻഡിഎ സ്‌ഥാനാർഥി വി.എൻ.മനോജ് എത്തി. നെടുംകുന്നത്തു പുതിയ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിന്റെ ഉദ്‌ഘാടനവും നിർവഹിച്ച സ്‌ഥാനാർഥി ഇന്നുമുതൽ മൂന്നാംഘട്ട പ്രചാരണ പരിപാടികളിലേക്കു കടക്കും.