‘എംഎൽഎയുടെ പ്രസ്താവന വാസ്തവ വിരുദ്ധം’

കോരുത്തോട്∙ മഴക്കാലപൂർവ ശുചീകരണ മുന്നൊരുക്ക അവലോകനയോഗത്തിൽ പഞ്ചായത്തു പ്രസിഡന്റുമാർ പങ്കെടുത്തില്ലെന്ന പി.സി.ജോർജ് എംഎൽഎയുടെ കുറ്റപ്പെടുത്തൽ വസ്തുതാവിരുദ്ധമാണെന്നു പഞ്ചായത്തു പ്രസിഡന്റ് പി.കെ. സുധീർ പറഞ്ഞു. ഇത്തരത്തിൽ ഇൗരാറ്റുപേട്ടയിൽ യോഗം ചേരുമെന്ന അറിയിപ്പുപോലും ലഭിച്ചിരുന്നില്ല.

കലക്ടറേറ്റിൽ മന്ത്രി കെ. രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എടുത്ത തീരുമാനപ്രകാരം ഗ്രാമപഞ്ചായത്തു പ്രദേശങ്ങളിൽ വാർഡ്തല ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തിയിരുന്നു. ശുചീകരണ കമ്മിറ്റി, കുടുംബശ്രീ, ആശാവർക്കർമാർ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വീടുകളിൽ ബോധവൽക്കരണ നോട്ടിസുകൾ നൽകിയിരുന്നു. ഇൗ സാഹചര്യത്തിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള വാസ്തവ വിരുദ്ധമായ പ്രസ്താവന എംഎൽഎ പിൻവലിക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു.