എരുമേലിയിലെ ആധുനിക അറവുശാല: ഉപകരണങ്ങളും കെട്ടിടവും കാലപ്പഴക്കത്താല്‍ നശിക്കുന്നു……

എരുമേലി: എരുമേലി ഗ്രാമപ്പഞ്ചായത്ത് കവുങ്ങുംകുഴിയില്‍ നിര്‍മ്മിച്ച ആധുനിക അറവുശാല നാല് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തനക്ഷമമായില്ല. അറവുശാലക്കായി നിര്‍മ്മിച്ച കെട്ടിടവും ഉപകരണങ്ങളും കാലപ്പഴക്കത്താല്‍ നശിക്കുന്നു. കെട്ടിടത്തിന്റെ വാതിലുകളും ജനാലകളും എല്ലാം ദ്രവിച്ച നിലയിലാണ്. ഇതുവരെ അറവുശാലയില്‍ വെള്ളം സൗകര്യമോ വൈദ്യുതിയോ ഒരുക്കിയിട്ടില്ല.

2008ലാണ് അറവുശാലയുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നത്. ഒരു ലക്ഷത്തില്‍പരം രൂപയുടെ ഉപകരണങ്ങള്‍ വാങ്ങിയതായി പഞ്ചായത്ത് രേഖയിലുണ്ട്. നിര്‍മ്മാണ െചലവ് മുപ്പത് ലക്ഷത്തില്‍പരം രൂപ െചലവായതായി പറയുന്നു. എന്നാല്‍ അറവുശാല ഇതേവരെ പ്രവര്‍ത്തനക്ഷമമായിട്ടില്ല. വര്‍ഷങ്ങളായി ഉപയോഗമില്ലാതെ കിടക്കുന്നതിനാല്‍ കെട്ടിടത്തിനും ഉപകരണങ്ങള്‍ക്കും നാശം സംഭവിക്കുകയാണ്.

നിലവില്‍ തുറസ്സായ, വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആക്ഷേപം ഉണ്ട്. മേഖലയില്‍ ലൈസന്‍സോടെ നിലവാരമുള്ള മാംസം വിപണനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ആധുനിക അറവുശാല സ്ഥാപിക്കാന്‍ പദ്ധതിയിട്ടത്. മാംസത്തിന്റെ നിലവാരം ഉറപ്പാക്കാന്‍ ഒരു മൃഗഡോക്ടറുടെ സേവനവും പദ്ധതിയിട്ടിരുന്നു. എരുമേലി പഞ്ചായത്തിന്റെ പരിധിയിലുള്ളവര്‍ക്കും സമീപ പഞ്ചായത്തുകളിലുള്ള മാംസ വില്‍പ്പനക്കാരില്‍ നിന്നും നിശ്ചിത തുക ഫീസീടാക്കി മൃഗങ്ങളെ ആധുനിക അറവുശാലയില്‍ അറത്തു നല്‍കുകയെന്നതാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.

ഇതിലൂടെ പഞ്ചായത്തിന് വരുമാനം ലഭിക്കുന്നതിനൊപ്പം, തുറസ്സായ സ്ഥങ്ങളില്‍ അംഗീകാരമില്ലാതെയുള്ള അറവുശാലകളുടെ പ്രവര്‍ത്തനം തടയാനും അറവുശാലകളില്‍ നിന്നുള്ള മാലിന്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാനും കഴിയുമായിരുന്നു. എന്നാല്‍ ലക്ഷങ്ങള്‍ മുടക്കിയതല്ലാതെ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്നില്ലെന്ന് പരാതി ഉയരുന്നു.