എരുമേലി∙ വൈദ്യുതി സെക്‌ഷൻ ഓഫിസിൽ മദ്യപിച്ചെത്തിയ ജീവനക്കാരൻ സസ്പെൻഡിൽ

എരുമേലി∙ വൈദ്യുതി സെക്‌ഷൻ ഓഫിസ് കെട്ടിടത്തിൽ മദ്യപിച്ച നിലയിൽ കണ്ടെത്തിയ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. പൊൻകുന്നം സ്വദേശി വിജയനെയാണ് സസ്പെൻഡ് ചെയ്തത്.

വൈദ്യുതി മുടക്കത്തെ കുറിച്ച് പരാതി പറയാൻ കെഎസ്ഇബി ഓഫിസിലേക്ക് വിളിച്ചപ്പോൾ ഉപഭോക്താവിന് ലഭിച്ച അപൂർണവും കുഴമറിഞ്ഞതുമായ മറുപടിയാണ് സസ്പെൻഷനിലേക്ക് നയിച്ചത് . വൈദ്യുതി മുടക്കം പതിവായ പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ വൈദ്യുതി ലഭിക്കാതിരുന്നതാണ് പ്രശ്നമായത്.

ഉപഭോക്താവ് എരുമേലി സെക്‌ഷൻ ഓഫിസിലേക്ക് വിളിച്ചപ്പോൾ മറുപടിയിൽ അസ്വാഭാവികത തോന്നി. ജീവനക്കാരൻ മദ്യപിച്ചിട്ടുണ്ടെന്ന ഉപഭോക്താവിന്റെ സംശയം ശരിവയ്ക്കുന്ന രീതിയിലാണ് തുടർന്നു കാര്യങ്ങൾ സംഭവിച്ചത്. തുടർന്ന് ഉപഭോക്താവ് ക്രൈം സ്റ്റോപ്പറിലേക്ക് വിളിച്ചു സംശയം അറിയിച്ചു. ഓഫിസിലെത്തിയ പൊലീസ് എല്ലാ ജീവനക്കാരെയും ഊതൽ പരിശോധനയ്ക്ക് വിധേയമാക്കി. വിജയനാണ് മദ്യപിച്ചതെന്ന് ഇതോടെ വ്യക്തമായി.

തുടർന്നു നടന്ന അന്വേഷണത്തിനു ശേഷം വിജയനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. ഇതിനിടെ ആരോപണ വിധേയനെ രക്ഷിക്കാൻ ഉദ്യോഗസ്ഥതലത്തിൽ നീക്കം നടന്നതായും ആരോപണം ഉയർന്നിരുന്നു.