എരുമേലി പേട്ടക്കവലയിലെ ഹൈമാറ്റ്സ് ലൈറ്റ് നന്നാക്കിയിട്ടും നന്നാക്കിയിട്ടും ശരിയാകുന്നില്ല

എരുമേലി∙ പേട്ടക്കവലയിൽ ലക്ഷക്കണക്കിനു രൂപ മുടക്കി സ്ഥാപിച്ച ഹൈമാറ്റ്സ് ലൈറ്റിന്റെ പ്രവർത്തനം അവതാളത്തിൽ. സ്ഥാപിച്ച് ഒരാഴ്ച കഴിഞ്ഞതോടെ കേടായ വിളക്കിന് ഇതിനകം ഒട്ടേറെ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും തകരാർ തുടരുന്നു.

മണ്ഡല – മകരവിളക്കു സീസണിലും മലയാള മാസാരംഭങ്ങളിലുമായി കോടിക്കണക്കിനു തീർഥാടകർ എത്തുന്ന പേട്ടക്കവലയിൽ വെളിച്ചം ഇല്ലാതാകുന്നതു മോഷണം.പിടിച്ചുപറി സാധ്യതകൾ വർധിപ്പിക്കുകയാണ്. വ്യാപാരശാലകൾ അടയ്ക്കുന്നതോടെ പട്ടണം ഇരുട്ടിലാവും. തട്ടുകടകളിലെ വെളിച്ചം മാത്രമാണ് ആശ്രയം. ഇവയും അർധരാത്രി കഴിയുന്നതോടെ അടയ്ക്കും.

ആന്റോ ആന്റണി എംപിയുടെ ഫണ്ടിൽ ആറുലക്ഷം മുടക്കി മൂന്നുവർഷം മുൻപാണ് ഉയരവിളക്കു സ്ഥാപിച്ചത്.

രണ്ടു ഡസനിലേറെ ബൾബുകളാണ് ഇതിനുള്ളത്. എന്നാൽ മിക്കപ്പോഴും രണ്ടെണ്ണമെങ്കിലും കത്തിയാൽ ഭാഗ്യമെന്നു രാത്രി ഓട്ടത്തിനു കിടക്കുന്ന ഓട്ടോ ഡ്രൈവർമാർ പറയുന്നു. എംപി ഇടപെട്ടാണ് പലപ്പോഴും വിളക്കിന്റെ അറ്റകുറ്റപ്പണി നടത്തിയിട്ടുള്ളത്.