ഓട്ടോ ഡ്രൈവർക്കു മർദനം: തൊഴിലാളികൾ പണിമുടക്കി

പൊൻകുന്നം ∙ ഓട്ടോ ഡ്രൈവറെ മർദിച്ചതിൽ പ്രതിഷേധിച്ച് ടൗണിലെ ഓട്ടോ തൊഴിലാളികൾ പണിമുടക്കി. ഓട്ടോ ഡ്രൈവർ ബാബുവിനാണ് (54) മർദനമേറ്റത്. ഞായറാഴ്ച രാത്രി മന്ദിരം സ്കൂൾ ഭാഗത്തേക്ക് ഓട്ടം പോയി മടങ്ങിവരുന്നതിനിടെയാണ് സംഭവം. മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. ബൈപാസ് സർജറിക്കു വിധേയനായിട്ടുള്ള ബാബുവിന്റെ വയറിനു ചവിട്ടേറ്റതായി പരാതിയുണ്ട്.

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാബുവിനെ പിന്നീടു വിദഗ്ധ ചികിൽസയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. മർദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പണിമുടക്കി പ്രതിഷേധ പ്രകടനം നടത്തിയത്. വിവിധ യൂണിയൻ നേതാക്കളായ കെ.എം.ദിലീപ്, പി.എസ്.സലാഹുദീൻ, വി.ആർ.രാജേഷ്, ജോസഫ് വർഗീസ്, റജീഫ് എന്നിവർ നേതൃത്വം നൽകി.