കഞ്ചാവ് പ്രതിയെ കിട്ടിയില്ല

എരുമേലി ∙ ഇടിച്ച കാറിൽ ലക്ഷക്കണക്കിനു രൂപയുടെ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ ഒരാഴ്ച കഴിഞ്ഞിട്ടും പ്രധാന പ്രതിയെ കണ്ടെത്താനായില്ല. മൂന്നു പ്രതികൾക്കായി കൊല്ലം കരുനാഗപ്പള്ളിയിലേക്കു തിരിച്ച പൊലീസിനു കാര്യമായ തുമ്പൊന്നും ലഭിച്ചില്ല. കഴിഞ്ഞ 20ന് ആണ് എരുമേലി ബവ്റിജസ് കോർപറേഷൻ മദ്യ ചില്ലറവിൽപനശാലയുടെ ആൾമറയും തൊട്ടടുത്തുള്ള വ്യാപാരശാലയുടെ ഭിത്തിയും തകർത്ത് കാർ ഇടിച്ചുകയറിയത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നതിനെ തുടർന്നു വണ്ടി കൊണ്ടുപോകാൻ കഴിഞ്ഞില്ല. സംഭവം നടന്നയുടൻ സംഘത്തിലെ ഒരാൾ ബാഗുമായി ഓടി രക്ഷപ്പെട്ടതു നാട്ടുകാരിൽ സംശയം ജനിപ്പിച്ചിരുന്നു. വണ്ടിയിൽ നാട്ടുകാർ രാത്രി നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെത്തിയത്. .

വണ്ടിക്കുള്ളിൽ കഞ്ചാവ് ഉണ്ടെന്നു നാട്ടുകാർ അറിയിച്ചതിനെത്തുടർന്നു സ്ഥലത്തെത്തിയ പൊലീസ് കാവൽ ഏർപ്പെടുത്തി. പിറ്റേന്നു രാത്രി നടന്ന വിശദമായ പരിശോധനയിലാണ് വണ്ടിയുടെ അടിയിലും മറ്റും വിവിധ ഭാഗത്തായി കെട്ടിവച്ചനിലയിൽ കഞ്ചാവ് പായ്ക്കറ്റുകൾ കണ്ടെത്തിയത്. എരുമേലി പട്ടണത്തിൽ കറങ്ങി നടന്ന രണ്ടുപേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. കരുനാഗപ്പള്ളിയിലേക്കാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചതെന്ന് ഇവർ മൊഴി നൽകിയിരുന്നു.

എന്നാൽ ഇവരല്ല സംഘത്തിലെ പ്രധാനികളെന്നു വ്യക്തമായ പൊലീസ് അന്വേഷണം കരുനാഗപ്പള്ളിയിലേക്ക് വ്യാപിപ്പിച്ചു. എരുമേലി പൊലീസ് അവിടെ ക്യാംപ് ചെയ്താണ് അന്വേഷണം നടത്തിയത്. എന്നാൽ പ്രതി അവിടെനിന്നു മുങ്ങിയതായാണു സൂചന. ഇതിനിടെ, കമ്പം മേഖലയിൽനിന്നു വൻതോതിൽ എരുമേലി വഴി തെക്കൻ ജില്ലകളിലേക്കു കഞ്ചാവ് കടത്തിക്കൊണ്ടിരിക്കുന്നതായി സൂചനയുണ്ട്. കഴിഞ്ഞ ആഴ്ച കഞ്ചാവ് കടത്തിയ വണ്ടി ഇടിച്ചതുകൊണ്ടു മാത്രമാണ് സംഭവം പുറംലോകം അറിഞ്ഞത്. രണ്ടുവർഷം മുൻപ് എരുമേലിയിൽ എക്സൈസ് ഓഫിസ് പ്രവർത്തനം ആരംഭിച്ചിരുന്നെങ്കിലും ഇത്തരം വൻ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ആഴ്ച കഞ്ചാവ് കണ്ടെത്തിയതു നാട്ടുകാരാണെന്ന വസ്തുതയും ആക്ഷേപത്തെ ശരിവയ്ക്കുന്നു.