കാട്ടുമൃഗശല്യം: സുരക്ഷാ ക്രമീകരണം ആവശ്യപ്പെട്ടു നാട്ടുകാർ

മുണ്ടക്കയം∙ വനാതിർത്തിമേഖലയിൽ കാട്ടുമൃഗശല്യം ഒഴിവാക്കാൻ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തം. താലൂക്കിന്റെ മലയോര മേഖലയായ കോരുത്തോട്, കൊക്കയാർ, പെരുവന്താനം, എരുമേലി, മുണ്ടക്കയം പഞ്ചായത്തു പ്രദേശങ്ങളാണു വനാതിർത്തി പങ്കിടുന്നത്. എല്ലാവർഷവും കാട്ടുമൃഗങ്ങൾ നാട്ടിൽ ഇറങ്ങുകയും അനവധി നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തിരുന്നു. എന്നാൽ കൃഷി നശിക്കുന്ന കർഷകർക്കു നഷ്ടപരിഹാരം പലപ്പോഴും ലഭിക്കാറില്ല. ശബരിമല വനം അതിരിടുന്ന കോരുത്തോട് പഞ്ചായത്തിലെ 504 കോളനി, മാങ്ങാപേട്ട എന്നിവിടങ്ങളിലാണ് ഇക്കുറി കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായത്.

കഴിഞ്ഞ ഞായർ രാത്രിയിൽ കാട്ടാനയിറങ്ങി മേഖലയിൽ വ്യാപക കൃഷിനാശം വരുത്തി. പുലിയും കാട്ടുപോത്തുകളും വരെ നാട്ടിലിറങ്ങി മുൻകാലങ്ങളിൽ നാട്ടുകാരുടെ ഉറക്കംകെടുത്തിയിട്ടുണ്ട്. ഒന്നരവർഷം മുൻപ് പുലർച്ചെ മാങ്ങാപേട്ടയിലെ ഒരു വീട്ടുമുറ്റത്ത് പുലിയെ കണ്ടതു നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരുന്നു. ആളുകളെ കണ്ട് കാട്ടിലേക്ക് ഓടിയ പുലി കമ്പിവേലിയിൽ തട്ടി വാലിലെയും ദേഹത്തെയും രോമങ്ങൾ അവശേഷിപ്പിച്ചാണ് മറഞ്ഞത്. ഇതോടെയാണു നാട്ടുകാർ പുലിയാണെന്നു സ്ഥിരീകരിച്ചത്. രണ്ടാഴ്ച കഴിഞ്ഞ് 504 കോളനിയിൽനിന്ന് അഞ്ചു കിലോമീറ്റർ അകലെ വെള്ളനാടി റബർതോട്ടത്തിൽ കാട്ടുപോത്തിറങ്ങി ടാപ്പിങ് തൊഴിലാളികളെ ആക്രമിക്കുവാൻ ശ്രമിച്ചിരുന്നു.

ആറു മാസങ്ങൾക്കു മുൻപ് കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തിയിൽ കാട്ടാനയിറങ്ങി ഒരേക്കറോളം കൃഷി നശിപ്പിച്ചിരുന്നു. വനാതിർത്തിയിൽ വനം വകുപ്പ് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നാണു ജനങ്ങളുടെ ആവശ്യം. പരമ്പരാഗത രീതിയിലുള്ള കിടങ്ങുകളോ പ്രതിരോധ വേലികളോ തീർത്താൽ പ്രശ്നത്തിനു പരിഹാരമാകും. അതിർത്തി മേഖലയിലെ ജനവാസമേഖലയിൽ രാത്രികാലങ്ങളിൽ പുറത്തിറങ്ങുവാൻ പോലും പലരും ധൈര്യപ്പെടാറില്ല. അതിർത്തി പ്രദേശങ്ങളിൽ സോളാർ വേലികൾ സ്ഥാപിച്ചാൽ കാട്ടുമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നതു തടയാനാകും. ഇതിനായി എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണു ജനങ്ങളുടെ ആവശ്യം.