കിടപ്പുമുറിയില്‍ കഞ്ചാവ് സൂക്ഷിച്ചയാള്‍ പിടിയില്‍

മുണ്ടക്കയം ഈസ്റ്റ്: കിടപ്പുമുറിയില്‍ 200 ഗ്രാം കഞ്ചാവ് സൂക്ഷിച്ചിരുന്നയാള്‍ പിടിയില്‍. വെംബ്ലി വടക്കേമല മേല്‍മുറിയില്‍ അനന്തു സജിയെയാണ് (19) പെരുവന്താനം എസ്.ഐ. വി.കെ.മുരളീധരനും സംഘവും പിടിച്ചത്.

വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. പോലീസ് പറയുന്നതിങ്ങനെ: മേഖലയിലെ സ്‌കൂള്‍ കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും അനന്തു സജി കഞ്ചാവ് വില്‍ക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളിലെ കട്ടിലിന്റെ തലയണക്കടിയില്‍ നിന്ന് 51 പൊതികളിലായി 200 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്.

അടുത്തകാലത്തായി കഞ്ചാവിന് അടിമയായ ഇയാള്‍ വീട്ടില്‍ പലപ്പോഴും അക്രമാസക്തനാവുന്നത് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തമിഴ്‌നാട്ടിലെ കമ്പത്ത് നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്നും വടക്കേമല, വെംബ്ലി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന സുഹൃത്തുക്കളുണ്ടന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

പീരുമേട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. സിവില്‍ പോലീസ് ഓഫീസര്‍മാരായ സി.ആര്‍.മോഹനന്‍, കെ.പി.സജി, വി.കെ.കൃഷ്ണകുമാര്‍, പി.കെ.സുനില്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.