കിണറ്റിൽ അകപ്പെട്ട മൂർഖൻ പാമ്പിനെ എരുമേലി മുക്കട സ്വദേശി ബിജു മാന്തറ സാഹസികമായി പിടികൂടി

ഇളങ്ങുളം ∙ കിണറ്റിൽ അകപ്പെട്ട മൂർഖൻ പാമ്പിനെ എരുമേലി മുക്കട സ്വദേശി ബിജു മാന്തറ സാഹസികമായി പിടികൂടി. ഇളങ്ങുളം ഗുരുദേവ ക്ഷേത്രത്തിനു സമീപം കൊച്ചുമഠത്തിൽ അജി ആർ. കർത്തായുടെ വീടിനു പിന്നിലെ കിണറ്റിലാണ് ഏഴടിയോളം നീളവും നല്ല വണ്ണവുമുള്ള മൂർഖൻ പാമ്പിനെ കണ്ടത്. വൈദ്യുതി നിലച്ചതിനെത്തുടർന്ന് 25 അടിയോളം താഴ്ചയുള്ള കിണറ്റിൽനിന്നു വെള്ളം കോരിയെടുക്കാൻ വീട്ടുകാർ വെള്ളിയാഴ്ച രാവിലെ എത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്.

തൊട്ടി കിണറ്റിലേക്കിട്ടപ്പോൾ കേട്ട ശബ്ദമാണ് പാമ്പ് കിണറ്റിലുണ്ടെന്ന് അറിയാൻ കാരണമായത്. തുടർന്ന് എരുമേലി വനംവകുപ്പ് ഓഫിസിൽ വിവരമറിയിച്ചു. വനപാലകർ അറിയിച്ചതനുസരിച്ച് എത്തിയ ബിജു അതിസാഹസികമായി കിണറ്റിലിറങ്ങി പാമ്പിനെ പിടികൂടുകയായിരുന്നു. പിടികൂടിയ പാമ്പിനെ എരുമേലി കാളകെട്ടി വനമേഖലയിൽ തുറന്നുവിടുമെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.