കേരള കോൺഗ്രസ് (എം) എൽഡിഎഫിൽ, ശ്രദ്ധാകേന്ദ്രമായി ഈ 8 മണ്ഡലങ്ങൾ


  കേരള കോൺഗ്രസ് (എം) എൽഡിഎഫിലേക്ക് എത്തുമ്പോൾ ശ്രദ്ധാകേന്ദ്രമായി ഈ 8 നിയോജക മണ്ഡലങ്ങൾ. ഈ മണ്ഡലങ്ങളിൽ കേരള കോൺഗ്രസിന്റെ (എം) നിലപാടുകളും ആലോചനകളും…

 പാലാ 

യുഡിഎഫിന്റെ വാട്സാപ് ഗ്രൂപ്പുകളിൽനിന്ന് കേരള കോൺഗ്രസ് (എം) നേതാക്കളെ പുറത്താക്കി,ചിലർ ലെഫ്റ്റായി…

കേരള കോൺഗ്രസിന്റെ (എം) വിഐപി സീറ്റ്.  പാലായിൽ ആരു സ്ഥാനാർഥിയാകും എന്ന കാര്യത്തിൽത്തട്ടിയാണ് കേരള കോൺഗ്രസിന്റെ ഇടതുമുന്നണി പ്രവേശം കുറച്ചു ദിവസം വൈകിയത്. ഏതു മുന്നണിയിലായാലും പാലാ വിട്ടുകൊടുക്കില്ല എന്ന നിലപാടിലാണ് കേരള കോൺഗ്രസ്. രാജ്യസഭാ സീറ്റ് രാജിവച്ച ജോസ് കെ.മാണി തന്നെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ സ്ഥാനാർഥിയാകാനുള്ള സാധ്യതയാണ് തേടുന്നത്. പാലായിൽ ജോസ് കെ.മാണി മത്സരിച്ചാൽ തോൽപിക്കുമെന്നു പി.ജെ.ജോസഫ് പ്രഖ്യാപിച്ചതോടെ മത്സരത്തിനു വാശിയേറും. ഇടുക്കിയിൽ നിന്നു പാലാ സീറ്റിലേക്കു മാറാൻ റോഷി അഗസ്റ്റിനും അവസരം തേടുന്നു. 

 കടുത്തുരുത്തി 

പിടിച്ചെടുക്കാം എന്ന് കേരള കോൺഗ്രസ് (എം) ഉറച്ചു വിശ്വസിക്കുന്ന സീറ്റ്. കടുത്തുരുത്തി സീറ്റിലും മത്സരിക്കാൻ ജോസ് കെ. മാണിയുടെ പേരുണ്ട്. ജോസഫ് ഗ്രൂപ്പിലെ മോൻസ് ജോസഫിനെ നേരിടുന്നത് അഭിമാനപ്പോരാട്ടവുമാകും. ജോസ് വിഭാഗത്തിലെ മുൻ എംഎൽഎ സ്റ്റീഫൻ ജോർജ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലിൽ എന്നിവരുടെ പേരുകളും സ്ഥാനാർഥികളായി കേൾക്കുന്നുണ്ട്. തിരഞ്ഞെടുപ്പു പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. 

 കാഞ്ഞിരപ്പള്ളി 

എൽഡിഎഫിൽ സിപിഐ മത്സരിക്കുന്ന കാഞ്ഞിരപ്പള്ളിയുടെ പേരിൽ തർക്കം തീർന്നിട്ടില്ല. ഡോ. എൻ. ജയരാജ് തന്നെയാകും കേരള കോൺഗ്രസിന്റെ (എം) സ്ഥാനാർഥി. എൽഡിഎഫ് പിന്തുണയിൽ വിജയപ്രതീക്ഷ കൂടിയിട്ടുമുണ്ട്. 

പൂഞ്ഞാർ

പി.സി. ജോർജിന്റെ കോട്ട പിടിക്കാൻ കടുത്ത ശ്രമം വേണ്ടിവരും. എൽഡിഎഫ്, യുഡിഎഫ്, പി.സി. ജോർജിന്റെ ജനപക്ഷം എന്നിവ തമ്മിൽ ത്രികോണ മത്സരത്തിനും സാധ്യത. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയാകാൻ സാധ്യത.

 ഏറ്റുമാനൂർ 

കേരള കോൺഗ്രസ് (എം) മത്സരിച്ചിരുന്ന സീറ്റാണിത്. ഇടതുമുന്നണിയിൽ ഈ സീറ്റിൽ സിപിഎം തന്നെ മത്സരിച്ചേക്കും. 

 ചങ്ങനാശേരി 

.

കേരള കോൺഗ്രസ് (എം) തന്നെ മത്സരിച്ചേക്കും. സി.എഫ്. തോമസ് ജോസഫ് പക്ഷത്തേക്കു മാറിയിരുന്നു. അതിനാൽ സീറ്റ് പിടിച്ചെടുക്കുക ജോസ് വിഭാഗത്തിന് അഭിമാനപ്രശ്നം. ജോബ് മൈക്കിൾ, പ്രഫ. സാജോ സെബാസ്റ്റ്യൻ കണ്ടക്കുടി എന്നിവരുടെ പേരുകൾ പരിഗണനയിൽ. 

തൊടുപുഴ

9 തവണ പി.ജെ.ജോസഫിനൊപ്പം നിന്ന തൊടുപുഴയിൽ ജോസ്.കെ.മാണി ഒപ്പമുള്ള ഇടതുമുന്നണിക്ക് അഭിമാനപ്പോരാട്ടമാകും. പാലായിൽ ജോസഫ് സ്ഥാനാർഥിയെ നിർത്തിയാൽ തൊടുപുഴയിലും കരുത്തുറ്റ എതിരാളിയെ നിർത്താൻ ജോസ് വിഭാഗവും ശ്രമിക്കും. എന്നാൽ സിപിഎമ്മിന്റെ സീറ്റായ തൊടുപുഴ വിട്ടുകൊടുക്കാൻ അവർ തയാറാകാൻ സാധ്യത കുറവാണ്. അങ്ങനെ സംഭവിച്ചാൽ ജോസ് വിഭാഗത്തിലെ കെ.ഐ.ആന്റണിക്കാവും മുൻതൂക്കം. 

 ഇടുക്കി

ഇടുക്കിയിൽ മത്സരിക്കാൻ ഒരുങ്ങിയിരുന്ന മുൻ എംപി ജോയ്സ് ജോർജിന്റെ സാധ്യത, റോഷി അഗസ്റ്റിൻ ഇടതുപക്ഷത്തേക്കു മാറിയതോടെ മങ്ങി. എന്നാൽ കോട്ടയം ജില്ലയിലേക്കു റോഷി ചേക്കേറിയാൽ ജോയ്സ് ജോർജിനോ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.വി. വർഗീസിനോ നറുക്കു വീഴും. ഇതേസമയം കോൺഗ്രസിന്റെ പരമ്പരാഗത സീറ്റായ ഇടുക്കിയിൽ 3 മുൻ ഡിസിസി പ്രസിഡന്റുമാർ കണ്ണുവച്ചിട്ടുണ്ട്. ജോസഫ് ഗ്രൂപ്പിന് സീറ്റ് കിട്ടിയാൽ  ഫ്രാൻസിസ് ജോർജ്  വീണ്ടും എത്താൻ  സാധ്യത.